ഒരേ ചോദ്യത്തിനു തന്നെ ഓരോ പണ്ഡിതനും നല്കുന്ന ഉത്തരങ്ങളും വിശദീകരണങ്ങളും വേറെ വേറെ ആണെന്നും കാണാം. അവനവന്റെ ഭാവനാശേഷിക്കനുസൃതമാണ് എന്നു സാരം. തട്ടിവിടുന്നതൊന്നും തെളിയിക്കേണ്ട ബാധ്യത ഇക്കൂട്ടര്‍ക്കില്ലല്ലോ. വേദം, ഉപനിഷത്ത്, ധര്‍മ്മശാസ്ത്രം, പുരാണം തുടങ്ങിയ പതിനാലിനം (ചതുര്‍ദശവിദ്യകള്‍) സാഹിത്യങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ നിന്നും ചേരുന്ന ഒരു സംസ്കൃതശ്ളോകം ആധികാരികമെന്ന തോന്നലുളവാക്കാന്‍ ചേര്‍ക്കുകയും ചെയ്യും. കുറെ തലമുറകളായി ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചു കാര്യം സമര്‍ഥിക്കല്‍ മാത്രമാണല്ലോ നമ്മുടെ ആധ്യാത്മികപണ്ഡിതന്മാര് ചെയ്തു വരുന്നത്. മറ്റു വഴികളിലുള്ള തെളിവുകളൊന്നും അവരുടെ കൈയ്യിലില്ലല്ലോ. ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ഏതു കാര്യത്തെക്കുറിച്ചും വിരുദ്ധഅഭിപ്രായങ്ങളടങ്ങുന്ന കപടശാസ്ത്ര (pseudoscience) പ്രബന്ധങ്ങള്‍ യഥേഷ്ടം കിട്ടും. ചിലര്‍ തന്റെ അഭിപ്രായത്തിനനുകൂലമായ അത്തരം പ്രസ്താവനകളും കൂടിച്ചേര്‍ക്കും. യുക്തിവാദികളും ഇത്തരം വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ആധ്യാത്മികപണ്ഡിതന്മാരും സൗകര്യപൂര്‍വം ഇവയെ അവസരത്തിനൊത്തുപയോഗിച്ചു വരുന്നതായി കാണാം. ഇവയുടെ ആധികാരികത തേടി മെനക്കെടാന്‍ എത്ര വായനക്കാര്‍ തയ്യാറാകും? ശാസ്ത്രീയയുക്തിയും പരീക്ഷണനിരീക്ഷണങ്ങളും വഴി ഇവയുടെ വാസ്തവം കണ്ടെത്താന്‍ ആരു മുതിരും? ഇത്തരം ആധ്യാത്മിക സാഹിത്യങ്ങളും
ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനും അവരില്‍ പരിഭ്രാന്തി ഉളവാക്കാനുമാണ് സത്യത്തില്‍ ഉപകരിക്കുന്നത് എന്നു കാണാം. ഛിദ്രശക്തികളും മതപരിവര്‍ത്തകരും ഒരുക്കുന്ന കെണികളില്‍ കുടുങ്ങി ആടു മേക്കാന്‍ സിറിയയിലേക്കും റോമിലേക്കും മറ്റും നമ്മുടെ സോദരങ്ങള്‍ എത്തിപ്പെടുന്നതിന് ഇത്തരം കപടആധ്യാത്മികത (pseudo spirituality) പ്രചരിപ്പിക്കുന്നവര്‍ വഴിയൊരുക്കുകയല്ലെ ചെയ്യുന്നത്?
എന്താണ് ശാസ്ത്രത്തിന്റെ വഴി? ഒരു കാര്യം സംഭവിക്കണമെങ്കില്‍ ചുരുങ്ങിയത് ഒരു കാരണം ഉണ്ടാകണം. ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ കാരണങ്ങള്‍ ഉണ്ടാകാം. പ്രധാനകാരണത്തെയും അതിനോടു ബന്ധപ്പെട്ട ഉപകാരണങ്ങളേയും ചേരുംപടി ചേര്‍ത്തുവെക്കുമ്പോള്‍ കാര്യം സംഭവിക്കുന്നതിന്റെ പൊരുള്‍ നമുക്കു വ്യക്തമാകുന്നു. ഈ ചേര്ത്തുവെക്കലിനു ശാസ്ത്രത്തില്‍ മാതൃക (മോഡല്‍) എന്നു പറയുന്നു. ഈ മാതൃക ഗണിതപരമാകാം, യുക്തിപരമാകാം അല്ലെങ്കില്‍ ഒരു ഉപകരണരൂപമാകാം. ഈ ആദ്യമാതൃക വെച്ച് ആ കാര്യത്തെ പുനസ്സൃഷ്ടിക്കാന്‍ ശാസ്ത്രജ്ഞന് നോക്കുന്നു. കാര്യം കൃത്യമായി സംഭവിച്ചില്ലെങ്കില്‍ മാതൃക ശരിയല്ലെന്നു കരുതാമല്ലോ. ഈ ആദ്യമാതൃകയെ, പോരായ്മകള്‍ കണ്ടെത്തി നികത്തി, പരിഷ്കരിക്കുന്നു. ഈ പുതുക്കിയ മാതൃക വെച്ച് പരീക്ഷണം ആവര്‍ത്തിക്കുന്നു. കാര്യം പിഴവൊന്നും കൂടാതെ ആവര്‍ത്തിച്ചു
പുനസ്സൃഷ്ടിക്കാന്‍ കഴിയുന്നതു വരെ പരീക്ഷണനിരീക്ഷണങ്ങളും മാതൃകാപരിഷ്കരണവും തുടരുന്നു. ഇതു സാധ്യമായാല്‍ സിദ്ധാന്തത്തെയോ ഗണിതത്തെയോ ഉപകരണത്തെയോ അംഗീകരിക്കുന്നു. അതാണ് ശാസ്ത്രവഴി. ഇത്തരത്തില്‍ വിശ്വാസത്തിന്റെ ശക്തി ഭക്തിയിലൂടെ തെളിയിച്ചവരാണ് ഔവ്വയാറും ചൈതന്യനും മറ്റു ഭക്തിസിദ്ധരും. തന്ത്രമന്ത്രങ്ങളുടെയും യോഗമാര്ഗത്തിന്റെയും വഴികളേയും ഇപ്രകാരം ആവര്‍ത്തിച്ചു തെളിയിച്ച സിദ്ധന്മാരിവിടെ ഉണ്ടായിട്ടുണ്ട്. നേതി, നേതി മാര്‍ഗത്തിലൂടെ അദ്വൈതസിദ്ധി കൈവരിക്കാമെന്നു തെളിയിച്ചവരും ഇവിടെ പിറന്നിട്ടുണ്ട്. ജ്യോതിഷം, മന്ത്രവാദം വൈദികം തുടങ്ങിയ പ്രയോഗശാസ്ത്രങ്ങളേയും മേല്‍പ്പറഞ്ഞ ശാസ്ത്രീയവഴിയിലൂടെ തെളിയിക്കേണ്ടിയിരിക്കുന്നു. സാധ്യതാശാസ്ത്ര (probability science) മനുസരിച്ച് ഒന്നോ രണ്ടോ പ്രവചനങ്ങള്‍ ശരിയായി, ഒന്നോ രണ്ടോ മന്ത്രപ്രയോഗങ്ങള്‍ ഫലിച്ചു എന്നതു കൊണ്ട് ശാസ്ത്രത്തിന്റെയോ പ്രയോഗകര്ത്താക്കളുടെയോ കഴിവിനെ അളക്കാനും സാധുകരിക്കാനും തീരുമാനിക്കാനും കഴിയില്ല. നിശ്ചിതസാഹചര്യത്തില്
എവിടെയും ആര്‍ക്കും എപ്പോഴും അതു ഫലിക്കണം. മൃദുശാസ്ത്ര (soft science)ങ്ങളെ സംബന്ധിച്ച് ചുരുങ്ങിയത് ഒരു നല്ല ശതമാനം ഫലം (statistics അനുസരിച്ച്) കാണണം. ഇതിന് ആ പ്രയോഗശാസ്ത്രങ്ങള് കൈകാര്യം ചെയ്യുന്നതിലെ അപാകതകള്‍ പരീക്ഷണനിരീക്ഷണങ്ങളിലൂടെ പരിഹരിക്കാന്‍ കഴിയണം. പ്രയോഗിക്കുന്നവരും വേണ്ടത്ര തപസ്സിദ്ധി നേടിയവരാകണം. ഈ മൂന്നു തലങ്ങളിലേയും ആചാര്യന്മാരുടെ സാമൂഹികപ്രതിബദ്ധതയും ശാസ്ത്രബോധവും ലക്ഷ്യബോധവും ഇനിയും വളരേണ്ടിയിരിക്കുന്നു എന്നതല്ലേ യാഥാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: