അടുത്ത നിമിഷം പോലും എന്തെന്നറിയാത്ത അതിഭീകരമായ അനിശ്ചിതത്വം.
പരമോന്നതിയിലെത്തിയെന്ന ഗര്‍വ്വിലര്‍മാദിച്ചിരുന്ന ‘ലോകം’ പൊടുന്നനെ
കരുതിവച്ചതെല്ലാമെല്ലാമുപേക്ഷിച്ചു ജീവന്റെ കൊതിയാല്‍ സ്വന്തം വീട്ടിലേക്കുള്ള വഴി തേടി നെട്ടോട്ടമോടുന്നു
വിശാലമായ ഈ ലോകത്ത്, വിലങ്ങുകളും വേലികളും ഒന്നുമില്ലാതെ തന്നെ,
എല്ലാറ്റില്‍നിന്നും വിലക്കു കല്‍പിച്ച്, എല്ലാവരില്‍നിന്നും അകലം പാലിച്ച്,
ആഴ്ചയും തിയതിയുമൊന്നുമോര്‍ക്കാതെ
ഭയചകിതരായ് സ്വന്തം മാളങ്ങളില്‍ സ്വയം തടവില്‍ ആവുന്നു.
എത്രമേല്‍ ഒന്നാണെങ്കിലും ഓരോരുത്തരും ‘ഒറ്റ’തന്നെയാണെന്ന് തിരിച്ചറിയുന്നു.
അകത്തേക്കെടുക്കുന്ന ശ്വാസത്തില്‍ പോലും മരണം മണക്കുന്നു.
സ്വന്തം നിഴലില്‍ പോലും മരണം പതിയിരിക്കുന്നെന്ന പ്രാണഭയം അസ്ഥിയില്‍ പടരുന്നു.
ദിനംപ്രതി പതഞ്ഞു പൊന്തുന്ന
ഈ മഹാമാരിയുടെ വേര് കണ്ടെത്താനാവാതെ,
കണ്ണികള്‍ തകര്‍ത്തെറിയാനാവാതെ
പകച്ചു നില്‍ക്കുന്ന മാനവരോട്,
ലോകം മുഴുവന്‍ പിടിച്ചു കുലുക്കിക്കൊണ്ട്
ഇത്തിരിപ്പോന്ന കോവിഡ് പറയാതെ പറയുന്നു:
”മനുഷ്യാ…
നീ.. വെറും മനുഷ്യന്‍ മാത്രം… !”
പ്രതികരിക്കാൻ ഇവിടെ എഴുതുക: