ഇസ്ലാമബാദ് : രാജ്യത്ത് കോവിഡ് രോഗം വ്യാപിച്ചിട്ടും നടപടികള്‍ കൈക്കൊള്ളുന്നില്ലെന്ന് പാക് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം. രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നും ആവശ്യത്തിനില്ലെന്നും പാക് അധീന കശ്മീരിലെ മുതിര്‍ന്ന അഭിഭാഷകന് മുഹമ്മദ് ബക്കര്‍ മെഹ്ദി കുറ്റപ്പെടുത്തി.
പാക് ജനതയുടെ ദയനീയ സ്ഥിതി ഉയര്‍ത്തിക്കാട്ടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെയും അഭിഭാഷകരെയും ഭരണകൂടം ക്വാറന്റീന്റെ മറവില്‍ തടവിലാക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. അടിയന്തിര സാഹചര്യത്തില്‍ ആവശ്യത്തിന് മാസ്കുകളും സാനിറ്റൈസറുകളും പോലും പാക്കിസ്ഥാനിലില്ല.
വൈറസ് വ്യാപനവും സര്‍ക്കാരിന്റെ പിടിപ്പുകേടും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകര്‍ത്തുകഴിഞ്ഞു. ആരോഗ്യ സംവിധാനമെങ്കിലും കുറ്റമറ്റതാക്കണമെന്നും ഇല്ലെങ്കില്‍ ജനങ്ങള്‍ എപ്രകാരം പ്രവര്‍ത്തിക്കുമെന്ന് പ്രവചിക്കാന്‍ സര്‍ക്കാരിനോ ഐഎസ്ഐക്കോ സാധിച്ചേക്കില്ലെന്നും മെഹ്ദി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
പാക്കിസ്ഥാനിലെ ജനങ്ങള്‍ തൊഴിലും വിദ്യാഭ്യാസവും മുടങ്ങി വീട്ടിലിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ജനങ്ങള്‍ക്ക് ആശ്വാസകരമായ ഒരു പാക്കേജ് പ്രഖ്യാപിക്കാന്‍ പോലും ഇമ്രാന് ഖാന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ജനങ്ങള്‍ പട്ടിണിയിലേക്കും കടുത്ത മാനസിക സംഘര്‍ഷത്തിലേക്കും നീങ്ങുകയാണ്. ഇത് ഒട്ടും ആശാസ്യമല്ല. കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് നീങ്ങിയാല്‍ സ്ഥിതിഗതികള്‍ സര്‍ക്കാരിന് നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥ വരുമെന്നും മെഹ്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: