കാസര്‍ഗോഡ് : കോവിഡ് ഹോട്ട്സ്പോട്ടുകളില്‍ ഒന്നായ കാസര്‍ഗോഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പോലീസ്. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയുന്നതിനായി ജില്ലയില്‍ പോലീസ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
കാസര്‍ഗോഡ് സമ്പര്‍ക്കത്തിലൂടെ കോവിഡ് പടരുന്നതായി കണ്ടെത്തിയിരുന്നു. ഇവിടെ പലതവണ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടും ജനങ്ങള്‍ ചിലര്‍ അത് പാലിക്കാത്തതിനെ തുടര്‍ന്നാണ് ഈ നടപടി. പള്ളിക്കര, ഉദുമ, ചെമ്മനാട്, ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലും കാസര്‍കോട് നഗരസഭ പ്രദേശങ്ങളിലുമാണ് ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഈ സ്ഥലങ്ങളിലുള്ളവര്‍ ആവശ്യപ്പെട്ടാല്‍ ഭക്ഷണസാധനങ്ങളും മരുന്നുകളും പോലീസ് തന്നെ വീട്ടിലെത്തിക്കും.
ഈ പ്രദേശങ്ങളില്‍ ഉള്ളവര്‍ ഇനി പുറത്തിറങ്ങു്ന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ഇനി അകത്താവും. കൂടാതെ പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ ഫ്ളൈയിങ് സ്ക്വാഡും ബൈക്ക് പട്രോളിങ്ങും ഡ്രോണ്‍ നിരീക്ഷണവും പോലീസ് ശക്തമാക്കിയിട്ടുണ്ട്. ജില്ലയില്‍ കോവിഡ് 19 നിയന്ത്രണ മേഖലകളില്‍ പൊലീസിന്റെ ഡബിള്‍ ലോക്ഡൗണിന് പിന്നാലെയാണ് ട്രിപ്പിള്‍ ലോക്ഡൗണും ഏര്‍പ്പെടുത്തിയത്. കാസര്‍ഗോഡ്, വിദ്യാനഗര്‍, മേല്‍പ്പറമ്പ പൊലീസ് സ്റ്റേഷന് പരിധികളിലായി അഞ്ച് മേഖലകളായി തിരിച്ചാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍.
അതിനിടെ കോവിഡ് 19 നിയന്ത്രണ മേഖലകളില്‍ നിരീക്ഷണത്തിലുള്ള 10 വീടുകള്‍ വീതം കേന്ദ്രീകരിച്ച് പോലീസ് കാവലും ഏര്‍പ്പെടുത്തി. ഈ പ്രദേശങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങിയാല്‍ കര്‍ശന നിയമനടപടിയെടുക്കും. നിരീക്ഷണത്തിലുള്ളവര്‍ക്ക് വീടിന്റെ പുറത്തിറങ്ങാന്‍ അനുമതിയില്ല. ഇതു ലംഘിക്കുന്നവരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റി ഇവര്‍ക്കെതിരെ ശക്തമായ നിയമനടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: