കൊയിലാണ്ടി: കൊരയങ്ങാട് തെരു ഗണപതി ക്ഷേത്രത്തില്‍ തലമുറകളായി തുടര്‍ന്നു വരുന്ന വിഷുദിനത്തിലെ പണ്ടാട്ടി വരവ് ആഘോഷം ഇത്തവണയില്ല. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ആഘോഷം വേണ്ടേന്നു വെച്ചത്.
ഉത്തരമലബാറിലെ പത്മശാലിയ സമുദായം പൗരാണികമായി ആചരിച്ചു വരുന്ന ചപ്പ കെട്ട്, ചോയി കെട്ട്, യോഗി പുറപ്പാട് എന്നീ പേരുകളില്‍ അറിയപ്പെടുന്ന വിഷുദിനാഘോഷങ്ങളാണ് പണ്ടാട്ടി വരവ്. വാഴയുടെ തണ്ടോട് കൂടിയ ഉണങ്ങിയ ഇലകള്‍ ചേര്‍ത്തുവെച്ചാണ് പണ്ടാട്ടി വേഷം ഒരുക്കുന്നത്. ശിരസ്സില്‍ വാഴയില കൊണ്ടുള്ള കിരീടവും ചകിരികൊണ്ട് മീശയും കാതുകളില്‍ വെള്ളരിക്ക വട്ടത്തില്‍ മുറിച്ചെടുത്ത കൊലുസ്സുകളും അണിയും. വൈകീട്ട് ഗണപതി ക്ഷേത്രത്തില്‍ നിന്നുമാണ് പണ്ടാട്ടി പുറപ്പെടുക. ആഘോഷത്തിന് പിന്നില്‍ ശിവപാര്‍വ്വതി സാന്നിധ്യമാണ്.
വിഷുദിനത്തില്‍ പരമശിവന്, പാര്‍വ്വതി, സഹായി എന്നിവര്‍ വേഷപ്രച്ഛന്നരായി വീടുകളിലെ ക്ഷേമാന്വേഷണത്തിനായി എത്തുന്നുവെന്നാണ് സങ്കല്പം. ക്ഷേത്ര ഊരാളന്മാരുടെ വീടുകളിലാണ് ആദ്യ സന്ദര്‍ശനം. തുടര്‍ന്ന് മറ്റു വീടുകളില്‍ കയറിയിറങ്ങും. തലേദിവസം തന്നെ വീടുകള്‍ ശുചീകരിച്ച് ചാണകം മെഴുകി നിലവിളക്കും നിറനാഴിയും നാളികേരവും വെള്ളരിയും ഒരുക്കി വീട്ടുകാര്‍ പണ്ടാട്ടിയെ സ്വീകരിക്കും.
കുട്ടികളും മുതിര്‍ന്നവരും പടക്കങ്ങള്‍ പൊട്ടിച്ച് ഐശ്വര്യ ദേവന്മാരെ വരവേല്‍ക്കുകയാണ് പതിവ്. ഒരോ വിഷുദിനത്തിലും വന്നെത്തുന്ന പണ്ടാട്ടിയെ എതിരേല്ക്കാന് കൊരയങ്ങാട് ക്ഷേത്രത്തില്‍ നിരവധി വിശ്വാസികളാണ് എത്തിച്ചേരാറുള്ളത്. എന്നാല്‍ ഇത്തവണ കോവിഡ് കാരണം പണ്ടാട്ടി വരവ് ഉണ്ടാവുകയില്ലെന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ കുന്നക്കണ്ടി ബാലനും എ.വി. അഭിലാഷും അറിയിക്കുകയായിരുന്നു. ക്ഷേത്രത്തില്‍ ഈ ആഘോഷം മുടങ്ങുന്നത് ആദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: