കോഴിക്കോട്: മാസങ്ങളോളം ബേപ്പൂര്‍, മാറാട്, പയ്യാനക്കല്‍, പന്തീരാങ്കാവ്, നല്ലളം ഭാഗങ്ങളില്‍ നാട്ടുകാരുടെ ഉറക്കംകെടുത്തിയ അജ്ഞാതന്‍ പിടിയിലായെന്ന് പോലീസ്. പയ്യാനക്കല്‍ മുല്ലത്തുവീട്ടില്‍ ആദര്‍ശ് (22) ആണ് മാറാട് പോലീസിന്റെ പിടിയിലായത്. പ്രതിയെ അസമയത്ത് കണ്ട സ്തീയുടെ മൊഴി പ്രകാരം സിസിടിവി പരിശോധിച്ച ശേഷം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിക്ക് മാറാട് ഭാഗത്തുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നെന്നും മറ്റുള്ളവരുടെ ശ്രദ്ധ തിരിച്ച് ആ പെണ്‍കുട്ടിയെ കാണാനാണ് പ്രതി ഇത്തരത്തില്‍ കാര്യങ്ങള്‍ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
മണിച്ചിത്രത്താഴ് സിനിമയിലെ പോലെ മറ്റുള്ളവരുടെ മേല്‍ കുറ്റമാരോപിക്കപ്പെടുമ്പോള്‍ മാടമ്പള്ളിയിലെ മനോരോഗി സന്തോഷിക്കുകയാണെന്നും തല്‍ക്കാലത്തേക്ക് അടങ്ങിയിരിക്കുകയുമാണോ എന്നാണ് നാട്ടുകാരുടെ സംശയം. പിടിയിലായ പ്രതിയുടെ മേല്‍ പ്രദേശത്ത് നടന്ന എല്ലാ കുറ്റങ്ങളും കെട്ടിവെക്കുന്ന പതിവ് പോലീസ് നടപടിയായാണ് ഇത് വിമര്‍ശിക്കപ്പെടുന്നത്. പലയിടത്തും പല രൂപത്തിലാണ് അജ്ഞാതനെ കണ്ടത്. നാലു പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന അജ്ഞാതന്റെ വിക്രിയകള്‍ മാറാട്ടുകാരുടെ കണ്ണുവെട്ടിക്കാനെന്ന കണ്ടുപിടിത്തമാണ് പോലീസിന്റേത്.
കറുത്ത് തടിച്ച ഉയരം കുറഞ്ഞതും ഉയരം കൂടിയതുമായ രൂപങ്ങള്‍, മെലിഞ്ഞ് ഉയരം കൂടുതലൂള്ള രൂപം എന്നിങ്ങനെ പല രൂപത്തില്‍ നാട്ടുകാര്‍ കണ്ടിട്ടുണ്ട്. അജ്ഞാതന്‍ കാണാമറയത്ത് ഇതെല്ലാം കണ്ട് മറ്റൊരാളുടെ പേരില്‍ കുറ്റം ആരോപിക്കപ്പെടുമ്പോള്‍ സന്തോഷിക്കുകയായിരിക്കും. ഒരു പക്ഷേ അജ്ഞാതന്‍ ഒരാളായിരിക്കില്ല, ഒരു സംഘമാവാം. ഇപ്പോള്‍ പിടിയിലായ പ്രതിയില്‍ നിന്നും ഇത്തരത്തിലുള്ള യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല.
വ്യാഴാഴ്ച രാത്രി പെരുവയലിലും അജ്ഞാതന്റെ പരാക്രമം അരങ്ങേറി. എന്നാല്‍ അത് ഇപ്പോള്‍ പിടിയിലായ പ്രതിയല്ല. തപസ്യയില്‍ വേലായുധക്കുറുപ്പിനാണ് അജ്ഞാതന്റെ പരാക്രമത്തില്‍ പരിക്കേറ്റത്. ടിവി മെക്കാനിക്കിനെ കാത്തിരിക്കുകയായിരുന്ന വേലായുധക്കുറുപ്പ് വാതിലിനടിക്കുന്ന ശബ്ദം കേട്ട് തുറന്ന് നോക്കിയപ്പോള്‍ അജ്ഞാതനായ യുവാവ് ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ മാവൂര്‍ പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പെരുവയല്‍ ജനത സ്റ്റോപ്പിന് സമീപത്തുള്ള പൊന്പറക്കയില് സുഹൈലിന്റെ വീട്ടിലും അജ്ഞാതന്റെ അക്രമമുണ്ടായി.
സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ. ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം ബേപ്പൂര്‍, മാറാട്, പയ്യാനക്കല്‍ ഭാഗങ്ങളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയപ്പോള്‍ അജ്ഞാതന്റെ പരാക്രമം അവിടങ്ങളില്‍ നിന്നും മാറി മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്.
മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ രാത്രി കാലങ്ങളില്‍ ബൈക്കിലും അല്ലാതെയും ഇറങ്ങുന്നുണ്ടെന്ന് മാറാട് സിഐ വിനാദ് പറയുന്നു. പോലീസിന്റെ പരിശോധനയില്‍ പലരും പിടിയിലായിട്ടുമുണ്ട്. രാത്രി സമയങ്ങളില്‍ അസാന്മാര്ഗിക പ്രവൃത്തിയിലേര്പ്പെടുന്നവരാണ് അവരുടെ സൈ്വര്യ വിഹാരത്തിന് വേണ്ടി മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാന്‍ ഇത്തരം പരാക്രമങ്ങള്‍ ഉണ്ടാക്കുന്നത്.
ഇപ്പോള്‍ പിടിയിലായ പ്രതിയെപ്പോലെ ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ അസമയത്ത് കണ്ട് പരിഭ്രാന്തിയിലാവുകയാണ് ആളുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: