കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പത്തും എട്ടും വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കാസര്‍കോട് കുഡ്ലു സ്വദേശിയായ ഇവരുടെ മാതാവ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ രണ്ടു പേരും ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ഇരുവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
ചികിത്സയിലായിരുന്ന ഒമ്പത് പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശികളായ ദമ്പതിമാര്‍ക്ക് കുഞ്ഞു പിറന്നു. ദിവസങ്ങള്‍ക്ക് മുമ്പ് മാതാവ് രോഗവിമുക്തയായിരുന്നു. ജില്ലയില്‍ 10600 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 10337 പേരും ആശുപത്രികളില്‍ 263 പേരും നിരീക്ഷണത്തിലാണ്.നിലവില്‍ 131 പേര് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ട്. ആകെ 2094 സാമ്പിളുകള്‍ അയച്ചതില്‍ 1329 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാണ്. 587 പരിശോധന ഫലം ലഭിക്കാനുണ്ട്. ഇത് വരെ കോവിഡ് ബാധ നെഗറ്റീവായ രോഗികളുടെ എണ്ണം 35 ആയി. ഇന്നലെ 11 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
പുതിയതായി ഉണ്ടാകുന്ന രോഗികളുടെ എണ്ണത്തിലുള്ള കുറവും രോഗവിമുക്തി പ്രാപിക്കുന്ന അവരുടെ എണ്ണത്തില്‍ ഉണ്ടാവുന്ന വര്‍ധനവും ഏറെ ആശ്വാസം പകരുന്നതാണ്. കാസര്‍കോട് ജില്ലയ്ക്ക് അപ്പോഴും നിശബ്ദമായി സമൂഹ വ്യാപന സാധ്യത നിലനില്ക്കുന്നുവെന്നുള്ളത് ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്.
രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചുകൊണ്ട് വിപുലമായ ഗൃഹസന്ദര്‍ശനം സര്‍വ്വേ നടത്തുകയാണ് ആദ്യഘട്ടം. സര്‍വ്വേ പ്രവര്‍ത്തനത്തിലൂടെ രോഗലക്ഷണങ്ങള്‍ ഉള്ളവരെയോ രോഗബാധിതരായി സമ്പര്‍ക്കത്തില്‍ ഉള്ളവരെയും കണ്ടെത്തുന്നതിനും അവരുടെ സ്രവ പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ സര്‍വേയിലൂടെ കണ്ടെത്തുന്നവര്‍ക്ക് പരിശോധനാ സൗകര്യം എളുപ്പമാക്കുന്നതിനായി പെരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പരിശോധനാ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: