കണ്ണൂർ: കൊവിഡ് 19 രോഗബാധ സംശയത്തെ തുടർന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ച യുവതി പ്രസവിച്ചു. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് മുപ്പതുകാരിയായ യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. രണ്ടുദിവസം മുമ്പ് എത്തിയ കാസർഗോഡ് ജില്ലക്കാരിയാണ് ഇവർ.
കേരളത്തിൽ ആദ്യമായാണ് നിരീക്ഷണത്തിനുള്ള യുവതി ആശുപത്രിയിൽ പ്രസവിക്കുന്നത്. അടിയന്തര ഘട്ടത്തിലായതിനാൽ ശസ്ത്രക്രിയയിലൂടെയായിരുന്നു കുട്ടിയെ പുറത്തെടുത്തത്. കൊവിഡ് സംശയിക്കുന്നവർക്കായി ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച മെറ്റേണിറ്റി വാർഡിലെ ഓപ്പറേഷൻ തിയേറ്ററിൽ ആയിരുന്നു കുട്ടിയുടെ ജനനം.
അമ്മയും കുഞ്ഞും ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഇവരുടെ ഫലം നെഗറ്റീവാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന വിവരം. കോവിഡ് നിരീക്ഷണത്തിലുള്ള യുവതിയുടെ പ്രസവം അഭിമാന നിമിഷമാണെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: