കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വാര്‍ഡില്‍ നിന്ന് കൊവിഡ് വിമുക്തനായി പടിയിറങ്ങുമ്പോള്‍, മിന്‍ഷാദിന്റെ ഹൃദയം മന്ത്രിച്ചു ‘മറക്കില്ല ഒരിക്കലും ഇവിടുത്തെ ഡോക്ടര്‍മാരെ ജീവനക്കാരെ’. ജീവിതത്തെ കൊവിഡ് 19 എന്ന മഹാമാരി വിഴുങ്ങാന്‍ വന്നപ്പോള്‍, ദൈവത്തിന്റെ അദൃശ്യ ശക്തികളായി ധൈര്യം പകര്‍ന്നവരാണ് ഇവിടുത്തെ ഡോക്ടര്‍മാരും നേഴ്സുമാരുമെന്നാണ് മിന്‍ഷാദിന്റെ ജീവിതം പറയുന്നത്.
ഉദുമ മുല്ലച്ചേരി സ്വദേശിയായ എസ്.മിന്ഷാദിനെയാണ് രോഗവിമുക്തനായി ഇന്നലെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് മറ്റ് അഞ്ചുപേരോടെപ്പം ഡിസ്ചാര്‍ജ്ജ് ചെയതത്. 30 ദിവസം പ്രായമുള്ള തന്റെ രണ്ടാമത്തെ കണ്മണിയെ കാണണമെങ്കില്‍ മിന്‍ഷാദിന് ഇനിയും ദിവസങ്ങള്‍ കാത്തിരിക്കണം. അതില്‍ മിന്‍ഷാദിന് പരിഭവമോ, പരാതിയോ ഇല്ല. 31 കാരനായ മിന്‍ഷാദ് തന്നെ സ്വയമേടുത്ത തീരുമാനമാണിത്.
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തിന് ശേഷം, മിന്‍ഷാദ് മുല്ലച്ചേരിയിലെ സ്വന്തം വീട്ടിലേക്കാണ് പോയത്. അവിടെ നിന്നും ഉമ്മയെയും സഹോദരന്റെ ഭാര്യയെയും വളരെ മുമ്പ് തന്നെ ബന്ധുവീടുകളിലേക്ക് മാറ്റിയിരുന്നു. നിരീക്ഷണത്തില്‍ കഴിയുന്ന രണ്ട് സുഹൃത്തുകള്‍ മാത്രമാണ് മിന്‍ഷാദിന്റെ സ്വന്തം വീട്ടില്‍ ഇപ്പോള്‍ ഉള്ളൂ. അവര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കാന്‍ പോകുകയാണ്. ഇനി മിന്‍ഷാദിന് 14 ദിവസം റൂം ക്വാറന്റൈയില്‍ ആണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. കോളിയടുക്കത്തെ ഭാര്യ വീട്ടിലാണ് മിന്‍ഷാദിന്റെ ഭാര്യയും 30 ദിവസം പ്രായമുള്ള മകനും മൂന്നര വയസ്സുള്ള മകളും ഉള്ളത്.
മാര്‍ച്ച് 21 ന് അര്‍ദ്ധരാത്രിയാണ് ഗള്‍ഫിലെ നൈഫ് മേഖലയില്‍ നിന്നും മിന്‍ഷാദും നാല് സുഹൃത്തുകളും അന്തര്‍ദേശീയ വിമാനത്താവളത്തില്‍ വന്നിറങ്ങുന്നത്. നൈഫ് മേഖലയില്‍ നിന്ന് വന്നതുകൊണ്ട് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഉടനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി മിന്‍ഷാദിന്റെയും മൂന്ന് സുഹൃത്തുകളുടെയും സ്രവം പരിശോധനയ്ക്കെടുത്തു. തുടര്‍ന്ന് ഇവരെ ആംബുലന്‍സില്‍ തന്നെ കാസര്‍കോടെ വീടുകളിലേക്ക് എത്തിച്ചു.
കൊവിഡ്19 രോഗ വ്യാപ്തിയെ കുറിച്ച് കൃത്യമായി മനസ്സിലാക്കിയിരുന്ന മിന്‍ഷാദ്, താന്‍ വീട്ടിലേക്കെത്തുന്നതിന് മുമ്പ് തന്നെ ഉമ്മയെയും സഹോദരന്റെ ഭാര്യയെയും ബന്ധുവീടുകളിലേക്ക് മാറ്റി. സ്വന്തം ഭവനം തനിക്കും സുഹൃത്തുകള്‍ക്കും നിരീക്ഷണത്തില്‍ കഴിയുവാനുള്ള ഇടമാക്കി മാറ്റി. മാര്‍ച്ച് 23 ന് സ്രവ പരിശോധന ഫലം വന്നപ്പോള്‍, മിന്‍ഷാദിന് രണ്ട് സുഹൃത്തുകള്‍ക്കും പോസറ്റീവ് ആണെന്ന് മനസ്സിലായി. തുടര്‍ന്ന് ഇവര്‍ മൂന്ന് പേരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡിലേക്ക് മാറി. മറ്റ് രണ്ട് സുഹൃത്തുകള്‍ മിന്‍ഷാദിന്റെ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടര്‍ന്നു.
ഏപ്രില്‍ ഒന്‍പതിന് മിന്‍ഷാദിന്റെ സ്രവ പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ആയെങ്കിലും, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് സുഹൃത്തുകളുടെ ഫലം ഇനിയും കിട്ടാനുണ്ട്.’ കോവിഡ്19 നെ പ്രതിരോധിക്കാന്‍ നല്ല ജാഗ്രത വേണം. ആശങ്കയും ഭയവും സാഹചര്യം വഷളാക്കാന്‍ മാത്രമേ സഹായിക്കുവെന്ന്’ മിന്‍ഷാദ് പറയുന്നു. മനസ് തളരാന്‍ പാടില്ല, മനസ് തളര്‍ന്നാല്‍, പലവിധ ശാരീരിക ബുദ്ധിമുട്ടുകളും നമ്മെ അലട്ടാന്‍ തുടങ്ങുമെന്ന് അനുഭവം സാക്ഷി നിര്‍ത്തി മിന്‍ഷാദ് വിവരിക്കുന്നു.
സ്വന്തം ജീവിതം പോലും പണയപ്പെടുത്തിയാണ് ഡോക്ടര്‍മാരും നേഴ്സുമാരും കൊവിഡ് രോഗികളെ പരിചരിക്കാന്‍ ഇറങ്ങുന്നത്, അവരോടുള്ള ആദരസൂചകമായെങ്കിലും എല്ലാവരും ശാരീരിക അകലം പാലിക്കാന്‍ ശ്രദ്ധിക്കണം എന്നുമാത്രമേ മിന്‍ഷാദിന് പറയാന്‍ ഉള്ളൂ. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. എങ്കിലും ആശുപത്രി ജീവനക്കാര്‍ വളരെ സമചിത്തതയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഓരോ രോഗിയുടെയും മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ജീവനക്കാര്‍ നല്ല പിന്തുണ നല്കുന്നു. സ്വന്തം വീട്ടുകാരെ പോലെയാണ് രോഗികളെ പരിചരിച്ചതെന്ന് മിന്‍ഷാദ് സാക്ഷ്യപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: