പട്ടികജാതി വിഭാഗത്തിന്റെ അവകാശ പോരാട്ടങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആദര്‍ശനിഷ്ഠനും, അഴിമതിരഹിതനും, കര്‍മയോഗിയുമായിരുന്നു ടി.വി. ബാബു. കോളേജ് പഠനകാലത്ത് തന്നെ സജീവമായ ഇടതുപക്ഷ രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ അദ്ദേഹം ചാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു. ഇതേ സമയംതന്നെ സമുദായ പ്രവര്‍ത്തനത്തിലും സജീവമായി. ജില്ലാ സെക്രട്ടറി എന്ന പദവിയില്‍ ദീര്‍ഘകാലം അദ്ദേഹം പ്രവര്‍ത്തിച്ചു.
2006ലാണ് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്ന പദവിയില്‍ അദ്ദേഹം എത്തുന്നത്. ചാത്തന് മാസ്റ്റര്‍, പി.കെ. രാഘവന് എന്നീ സാമൂഹ്യപരിഷ്കരണ നേതാക്കള്‍ക്ക് ശേഷം കെപിഎംഎസ് പ്രസ്ഥാനത്തെ ദീര്‍ഘകാലം നയിച്ചത് ഇദ്ദേഹമായിരുന്നു. തന്റെ രാഷ്ട്രീയ ചിന്തകളെയും സാമുദായിക പ്രവര്‍ത്തനത്തെയും കൂട്ടികലര്‍ത്താതെ സമൂഹത്തിനുവേണ്ടി നിലകൊണ്ടു. സാമുദായിക പ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി തന്റെ രാഷ്ട്രീയം ചില ഘട്ടങ്ങളില്‍ മാറുന്നുവെന്ന് മനസ്സിലാക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് മുഴുവന്‍ സമയവും സമുദായ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായി. അതോടെ കെപിഎംഎസ് എന്ന പ്രസ്ഥാനം കേരളീയ സമൂഹത്തില്‍ ചര്‍ച്ചക്ക് വിധേയമാകുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
സാധുജന വിമോചന കാര്‍ഷിക വിപ്ലവ സ്മരണകളുയര്‍ത്തി ഭൂമിക്കും പാര്‍പ്പിടത്തിനും വേണ്ടിയും അവസരസമത്വത്തിനും അവകാശ ആനുകൂല്യത്തിനും വേണ്ടി നിരവധി പോരാട്ടങ്ങള്‍ക്ക് കെപിഎംഎസ് എന്ന പ്രസ്ഥാനത്തെ സജ്ജമാക്കി. ഭൂമിയുടെ രാഷ്ട്രീയം കേരളം ചര്‍ച്ച ചെയ്തതും പട്ടികജാതി-പട്ടികവര്‍ഗ സമൂഹത്തിന്റെ രാഷ്ട്രീയം പുനര്നിര്ണയിക്കപെടുന്നതും ഇദ്ദേഹത്തിന്റെ നാവിലൂടെയും, എഴുത്തുകളിലൂടെയുമാണ്. അവശ്യ ജനസമൂഹത്തിന് സംഘടിത പോരാട്ട ചരിത്രങ്ങളില്‍ തങ്ക ശോഭയോടെ നിലകൊള്ളുന്ന കായല്‍ സമരത്തിന്റെ 100-ാം വാര്‍ഷികത്തിന് നേതൃത്വം കൊടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതില്‍ പങ്കെടുപ്പിച്ച ചരിത്രനിയോഗം പുതിയൊരു രാഷ്ട്രീയ വാതായനം തുറക്കാന്‍ കാരണമായി. ഹിന്ദു ഐക്യവേദിയിലൂടെയും ഹിന്ദു സമുദായ സംഘടന കൂട്ടായ്മകളിലൂടെയും ഹിന്ദു നേതൃസമ്മേളനങ്ങളിലെ സജീവസാന്നിധ്യത്തിലൂടെയും സംഘപരിവാര്‍ പക്ഷത്തായത് കാലനിയോഗം ആയിരുന്നു.
സംസ്ഥാനത്തെ മുന്നാക്ക-പിന്നാക്ക, എസ്സി-എസ്ടി സംഘടനകളുമായുള്ള നിരന്തര ബന്ധം അദ്ദേഹത്തെ എല്ലാവര്ക്കും പ്രിയങ്കരനാക്കി മാറ്റി. സ്വന്തം സമുദായത്തില്‍ നിന്നുള്ള എതിര്‍പ്പുകളെയും മറികടന്ന് എസ്എന്‍ഡിപിയും സംസ്ഥാനത്തെ വിവിധ സാമുദായിക സംഘടനകളും യോജിച്ച ബിഡിജെഎസ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം കൊടുത്തു. ബിജെപിയുടെ സംസ്ഥാന കേന്ദ്ര നേതാക്കളുമായി നിരന്തരം ബന്ധം പു
ലര്‍ത്തി ഡബ്ല്യുഡിഎ രാഷ്ട്രീയമുന്നണി രൂപം കൊടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. മഹാത്മാ അയ്യന്‍കാളിയുടെ ജന്മസ്ഥലമായ വെങ്ങാനൂരില്‍ അയ്യങ്കാളിക്ക് ഉചിതമായ സ്മാരകം ഉയരണമെന്ന പട്ടികജാതി സമൂഹത്തിന്റെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കാന്‍ നിരന്തരമായ ശ്രമങ്ങളാണ് അദ്ദേഹം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി പ്രസിഡന്റ് ആയിരുന്ന അമിത് ഷായും ഇടപെട്ട് അയ്യങ്കാളി സ്മാരകത്തിനായി 59 കോടി രൂപ അനുവദിപ്പിച്ചു.
നിയമ കുരുക്കില്‍പെട്ട് പദ്ധതി ഇഴയുമ്പോഴും പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള നിരന്തര പ്രയത്നം തുടരവെയാണ് സ്വപ്നങ്ങളും സങ്കല്പങ്ങളും ബാക്കിവെച്ച് കാലയവനികക്കുള്ളില്‍ മറഞ്ഞത്. അദ്ദേത്തിന്റെ സങ്കല്പങ്ങള് സാക്ഷാത്കരിക്കാനുള്ള പരിശ്രമമാകട്ടെ അന്ത്യാഞ്ജലി.
(ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: