തിരുവനന്തപുരം: കൊറോണ രോഗവ്യാപനത്തിനെതിരേ രാജ്യം ഒറ്റക്കെട്ടായി പോരാടുമ്പോള്‍ പ്രസംഗിക്കാന്‍ മൈക്കും പൊതുഇടങ്ങളും കിട്ടാത്തതില്‍ അസ്വസ്ഥനായി ഇടതുസഹയാത്രികനും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോള്‍. അച്ഛന് വിവരക്കേടിന് കൃത്യമായ മറുപടിയുമായി മകന് റോണ്‍ ബാസ്റ്റിയന്‍ തന്നെ രംഗത്തെത്തി. അവസാനത്തെ മൈക്ക് കിട്ടിയത് മുപ്പത് ദിവസം മുന്‍പായിരുന്നെന്നും വൈകുന്നേരങ്ങളിലെ നിശബ്ദത അസഹനീയമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നമുക്ക് നഷ്ടമായ ശബ്ദവും വെളിച്ചവും തിരികെപ്പിടിക്കണം. ലോക്ക്ഡൗണിലായ പൊതുഇടങ്ങള്‍ തുറക്കണം. കൊറോണയ്ക്കു കൊണ്ടുപോകാനുള്ളതല്ല നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവുമെന്നും സെബാസ്റ്റ്യന്‍ പോള്‍ കുറിച്ചു. സ്വാതന്ത്ര്യവും ജനാധിപത്യവും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുവാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും അല്ലാതെ വ്യക്തികള്‍ക്ക് മൈക്കിന് മുന്നില്‍ നിന്ന് സ്വയം അഭിരമിക്കുവാനുള്ളതല്ലെന്നും റോണ്‍ പോസ്റ്റില്‍ കമന്റ് ചെയ്തു.
തൊഴിലും താമസസൗകര്യവും നഷ്ടപ്പെട്ട് ആയിരങ്ങള്‍ കാല്‍നടയായി നൂറു കണക്കിന് കിലോ മീറ്ററുകള്‍ താണ്ടുമ്പോള്‍ എല്ലാ സൗകര്യങ്ങളും ഉള്ളവരുടെ വൈകുന്നേരത്തെ നിശ്ശബ്ദതതക്ക് എന്ത് അസഹനീയതയാണ് ഉള്ളതെന്ന് റോണ്‍ ചോദിക്കുന്നു. അവരുടെ ജീവിതത്തിലേക്ക് ശബ്ദവും വെളിച്ചവും കൊണ്ടുവരാന്‍ ഒന്നും ചെയ്തില്ലെങ്കിലും, ചുരുങ്ങിയ പക്ഷം അതിന് വേണ്ടി കേരളത്തിലെങ്കിലും നടക്കുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള ആഹ്വാനം നടത്താതിരിക്കാം. അതാണ് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്നിട്ടുള്ളവര്‍ ചെയ്യേണ്ടതെന്നും റോണ്‍ മറുപടി നല്കി. റോണിനെ കൂടാതെ നിരവധി പേരാണ് സെബാസ്റ്റ്യന്‍ പോളിന്റെ വിവരക്കേടിന് നിശിതമായി വിമര്‍ശിച്ചും കളിയാക്കിയും രംഗത്തെത്തിയത്. ഇതോടെ കൂടുതല്‍ വിശദീകരണുമായി അദ്ദേഹം രംഗത്തെത്തി.
വരികള്‍ വായിച്ചാലും വരികള്‍ക്കിടയില്‍ വായിച്ചാലും ഒന്നും കൃത്യമായി മനസിലാകാത്തവരുണ്ട്. മനസിലാക്കാന്‍ അവര്‍ക്ക് താത്പര്യവും ഉണ്ടാവില്ല. അത്തരക്കാരാണ് ഞാന്‍ ലോക്ഡൗണ്‍ ലിഫ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായി ഫേസ്ബുക്കിലെ പോസ്റ്റ് വായിച്ചു മനസിലാക്കിയതെന്നു സെബാസ്റ്റിയന് പോള്‍. ലോക്ഡൗണ്‍ കാലത്തു നമുക്ക് നഷ്ടപ്പെടുന്നത് എന്താണെന്ന ഓര്‍മപ്പെടുത്തലാണ് ഞാന്‍ നടത്തിയത്. മൈക്കുകള്‍ നിശബ്ദമാകുന്നത് എല്ലാവരുടെയും പ്രശ്നമാണ്. മൈക്കും മുദ്രാവാക്യങ്ങളുമാണ് നമ്മെ ഇവിടെവരെ എത്തിച്ചത്. നിശബ്ദത ജനാധിപത്യത്തെ സാനിറ്റൈസ് ചെയ്യും. ഇരുട്ടിലാകുന്നവര്‍ക്ക് രണ്ടു കാര്യങ്ങള്‍ ചെയ്യാം. ഒന്ന്, രാത്രി അവസാനിക്കാതിരുന്നെങ്കില്‍ എന്നാഗ്രഹിക്കാം. രണ്ട്, രാവ് അവസാനിക്കുമ്പോഴുള്ള പുലരിക്കുവേണ്ടി കാത്തിരിക്കാം. ഇരുട്ട് സുഖപ്രദമാണെന്ന് കരുതുന്നവര്‍ വെളിച്ചം ആഗ്രഹിക്കുന്നവരെ കുറ്റപ്പെടുത്തും. തമസോ മാ ജ്യോതിര്‍ഗമയ എന്നു തന്നെയായിരിക്കണം നമ്മുടെ പ്രാര്‍ത്ഥന ഇന്നും എന്നും എപ്പോഴുമെന്നും പിന്നീടുള്ള പോസ്റ്റില്‍ സെബാസ്റ്റിയന് പോള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: