കോട്ടയം: കൊറോണയുടെ പിടിയിലകപ്പെട്ട് മരണത്തെ മുഖാമുഖം കാണുന്ന ആയിരങ്ങള്‍ക്ക് പ്രതീക്ഷയേകി കേരളത്തില്‍ പരീക്ഷണത്തിന് ഒരുക്കം. തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കന്‍ സെന്ററിന്റെ നേതൃത്വത്തില്‍ കൊറോണാ രോഗികളില്‍ പ്ളാസ്മ ചികില്‍സ പരീക്ഷിക്കാന്‍ ഐസിഎംആര്‍( ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്) അനുമതി നല്‍കിക്കഴിഞ്ഞു.
ശ്രീചിത്രയിലെ , ദേബാശീഷ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ട്രാന്സ്ഫ്യൂഷന് മെഡിസിന് ഡിപ്പാര്‍ട്ട്മെന്റാണ് പരീക്ഷണം നടത്തുക.
ദക്ഷിണ കൊറിയയില്‍ പ്രായമുള്ള രണ്ടു രോഗികളില്‍ പരീക്ഷിച്ച് വിജയം നേടിയ ചികില്‍സയാണ് ഇത്.
പരീക്ഷണത്തിന് അനുമതി നല്‍കിയതായി ഐസിഎംആര്‍ ചീഫ് എപിഡെമിയോളജിസ്റ്റ് ആര് ആര് ഗംഗാഖേദ്ക്കര്‍ പറഞ്ഞു. ക്ളിനിക്കല്‍ പരീക്ഷണത്തിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ, എത്തിക്സ് കമ്മിറ്റി ആന്‍ഡ് ക്ളിനിക്കല്‍ ട്രയല്‍ രജിസ്ട്രി എന്നിവയുടെ അനുമതി കൂടി മതി.
കോണ്‍വാലസന്റ് പ്ളാസ്മ തെറാപ്പി
ഈ ചികില്‍സാ രീതി പരീക്ഷണാര്‍ഥം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും കേരളം. കോവിഡ് 19 ബാധിച്ച് ഭേദമായവരുടെ രക്തത്തിലെ പ്ളാസ്മ വേര്‍തിരിച്ചെടുത്ത് കടുത്ത രോഗമുള്ളവര്‍ക്ക് നല്കു( ട്രാന്സ്ഫ്യൂഷന്)കയാണ് ചികില്‍സയെന്ന് ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍ ജന്മഭൂമിയോടു പറഞ്ഞു.
കോവിഡ്19ന് കാരണമാകുന്നത് സാഴ്സ് കോവ് 2 വൈറസാണ്. രോഗം ബാധിച്ചവരുടെ രക്തത്തില്‍, ഈ വൈറസിനെ(ആന്റിജന്‍) ചെറുക്കാന്‍ ആന്റിബോഡി രൂപപ്പെടും. രോഗം ഭേദമായവരില്‍ നിന്ന് ഈ ആന്റിബോഡിയുള്ള പ്ളാസ്മ (രക്തത്തിലെ മഞ്ഞ നിറമുള്ള ദ്രവഘടകമാണ് പ്ളാസ്മ.മൊത്തം രക്തത്തിന്റെ 55 ശതമാനം ഈ ദ്രാവകമാണ്.) വേര്‍തിരിച്ച് എടുത്ത് രോഗം മൂര്ച്ഛിച്ചിരിക്കുന്നവര്ക്ക് നല്‍കും.
അതോടെ അവരുടെ ശരീരത്തിന്റെ പ്രതിരോധം വര്‍ദ്ധിക്കും. വൈറസിനോട് ഏറ്റുമുട്ടാന്‍ കൂടുതല്‍ കരുത്ത് ലഭിക്കും.
കോണ്‍വാലസന്റ്( അസുഖം ഭേദമായി വരുന്ന രോഗി) പ്ളാസ്മ തെറാപ്പിയുടെ ക്ളിനിക്കല്‍ പരിശോധനയാണ് നടത്തുക. രോഗികളില്‍ പരീക്ഷിച്ച് വിജയിച്ചാല്‍ ലക്ഷങ്ങള്‍ക്ക് ആശ്വാസമാകും, പ്രത്യേകിച്ച് കൊറോണക്ക് മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍. രോഗം മൂര്‍ച്ഛിച്ചവരില്‍ ഈ ചികില്‍സക്ക് അമേരിക്കയിലും അനുമതി നല്‍കിയിരുന്നു. ചൈനയില്‍ രോഗം ഭേദമായവരുടെ’- പ്ളാസ്മയില്‍ നിന്ന് ഉണ്ടാക്കിയ ചികില്‍സാ ഉല്‍പ്പന്നങ്ങള്‍ രോഗികള്‍ക്ക് നല്‍കിയിരുന്നു. മരുന്ന് കണ്ടെത്തും വരെ ഈ ചികില്‍സാ രീതി പിന്തുടര്ന്നത് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പ്ളാസ്മ ഫെറസിസ്
രോഗം ഭേദമായി രണ്ടാഴ്ച ക്വാറന്‍ൈറനും കഴിഞ്ഞവരില്‍ നിന്നാണ് പ്ളാസ്മ് ശേഖരിക്കുകയെന്ന് ഡോ. ആശാ കിഷോര്‍ പറഞ്ഞു.
രക്തം എടുക്കുന്നതുപോലെ, പളാസ്മ ഫെറസിസ് എന്ന നടപടി വഴി ലളിതമായി പളാസ്മ ശേഖരിക്കാം. പ്ളാസ്മ നല്കുന്നയാളില് നിന്ന് ട്യൂബ് വഴി രക്തം കടത്തിവിടും. രക്തത്തില്‍ നിന്ന് യന്ത്രം പ്ളാസ്മ മാത്രം ശേഖരിക്കും, കോശങ്ങളും ചുവപ്പ് രക്താണുക്കളും മറ്റ് ഘടകങ്ങളും എല്ലാം ഒരു കുഴപ്പവുമില്ലാതെ, കുഴലിലൂടെ തന്നെ പ്ളാസ്മ നല്കുന്നയാളിലേക്ക്, മടങ്ങിയെത്തും. ഇങ്ങനെ നല്ല ആരോഗ്യമുള്ളയാളില്‍ നിന്ന് ഒരു ലിറ്റര്‍ പ്ളാസ്മ വരെ ശേഖരിക്കാം. ഇത് നാല് രോഗികള്‍ക്ക് നല്‍കാം. പ്ളാസ്മ ശീതീകരിച്ച് സൂക്ഷിക്കാം. ആവശ്യമുള്ള സമയത്ത്, സ്ഥലത്ത് എത്തിച്ച് രോഗികള്‍ക്ക് നല്‍കാം.
പ്ളാസ്മ വേണ്ട രോഗികള്‍ക്ക്, ചികില്‍സ രോഗികളിലുണ്ടാക്കിയ ഫലം എന്നിവ അടക്കമുള്ള ഡേറ്റ സംയോജിപ്പിക്കുന്നത് നോഡല്‍ ഓഫീസര്‍ കൂടിയായ കോഴിക്കോട്ടെ ഡോ. അനൂപ് കുമാറാണ്.
അനില്‍.ജി
പ്രതികരിക്കാൻ ഇവിടെ എഴുതുക: