കോഴിക്കോട്: മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത് നിലച്ചതോടെ കല്ലായ് പുഴയിലും കനോലി കനാലിലും തെളിനീരൊഴുക്ക്. വേനല്‍ കനത്തതോടെ കനോലി കനാലിന്റെ പല ഭാഗങ്ങളും വെള്ളം വറ്റിയ നിലയിലായിരുന്നു. കുറച്ചുദിവസം തുടര്‍ച്ചയായി മഴപെയ്ത് മാലിന്യങ്ങളെല്ലാം നീങ്ങിപ്പോയശേഷമാണ് സാധാരണ പുഴ തെളിനീരായി ഒഴുകുക. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാടും നഗരവും എത്രമാത്രം മാലിന്യമുക്തമായി എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരിക്കുകയാണ് കനോലി കനാലിലെയും കല്ലായി പ്പുഴയിലെയും ഇപ്പോഴത്തെ തെളിനീര്.
കക്കുഴിപ്പാലം മുതല്‍ കാരപ്പറമ്പ് വരെയുള്ള കനോലി കനാലിന്റെ കുറച്ച് ഭാഗത്ത് ചാലിലൂടെയാണ് വെള്ളമൊഴുകുന്നത്. മുന്‍പ് ഈ ഭാഗങ്ങളെല്ലാം പൂര്‍ണ്ണമായി വറ്റിയ നിലയിലായിരുന്നു. റസിഡന്‍സ് അസോസിയേഷനുകളും മറ്റു സന്നദ്ധ സംഘടനകളും നാട്ടുകാരും സംയുക്തമായും പിന്നീട് കോര്‍പ്പറേഷനും ഈ ഭാഗങ്ങള്‍ മാലിന്യമുക്തമാക്കിയിട്ടുണ്ട്.
ആഴം കൂട്ടല്‍ പ്രവൃത്തികള്‍ നടന്നിരുന്നെങ്കിലും ഇപ്പോള്‍ നിലച്ച മട്ടാണ്. കൈപ്പുറത്ത്പാലം, നെല്ലിക്കാപ്പുളിപാലം, എടക്കാട് എന്നിവിടങ്ങളില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ ആളുകള്‍ നീന്തലും മീന്പിടുത്തവുമെല്ലാമായി സജീവമാണ്. കനോലി കനാല്‍ വന്ന് ചേരുന്ന കല്ലായ് പുഴയിലും ഒഴുക്ക് വര്‍ദ്ധിക്കുകയും തെളിഞ്ഞ് ഒഴുകുകയുമാണ്. കനോലി കനാലില്‍ മാലിന്യങ്ങള്‍ എത്തുന്നത് നിലച്ചതോടെയാണ് കല്ലായി പുഴയും സുന്ദരിയായി ഒഴുകാന്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: