തൊടുപുഴ: ലോക്ക് ഡൗണില്‍ വെറുതെ വീട്ടിലിരുന്ന് സമയം കളയുന്നവര്‍ക്ക് മാതൃകയാകുകയാണ് തൊടുപുഴ മുതലയാര്‍മഠം കിഴക്കേല്‍ വിഷ്ണുദാസ്. വീടിന്റെ മതിലുകള്‍ ചിത്രങ്ങള്‍ വരച്ച് ഭംഗിയുള്ളതാക്കുകയാണ് ഈ കലാകാരന്.
ലോക്ക് ഡൗണിന്റെ ആദ്യ ദിവസങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും ഇനിയുള്ള സമയം എന്ത് ചെയ്യണമെന്ന ആലോചനയാണ് വിഷ്ണുവിനെ വീട് മനോഹരമാക്കുന്നതിലേക്ക് എത്തിച്ചത്. മുമ്പ് വീടിന്റെ ഉള്ളില്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ വരച്ചിരുന്നു. ഇതിനായി വാങ്ങിവെച്ച പെയിന്റുപയോഗിച്ച് ഒരാഴ്ച മുമ്പാണ് വിഷ്ണു പണി തുടങ്ങിയത്. ആദ്യം ഭിത്തിയെല്ലാം ഭംഗിയായി മെഷീന്റെ സഹായത്തോടെ കഴുകി. പിന്നീട് ഇതില്‍ വൈറ്റ് സിമന്റടിച്ചു, ഇതുണങ്ങിയ ശേഷം പെയിന്റും ചെയ്തു.
പിന്നീടാണ് ചിത്രം വര ആരംഭിച്ചത്. മഴ പെയ്താലും നശിക്കാത്ത ഫെവിക്രില്‍ പെയിന്റ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. സഹോദരി പാര്‍വതിയും സഹായങ്ങളുമായി ഒപ്പമുണ്ട്. വിഷ്ണു ചിത്ര രചന ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും വിവാഹ ഡ്രസുകളില്‍ മ്യൂറല്‍ പെയിന്റിങ് നടത്തി നല്‍കാറുണ്ട്. മതിലിന്റെ ഭംഗി വീടിന് അഴകേകിയതോടെ മതിലിന്റെ മറുവശത്തും ചിത്രം വര ആരംഭിച്ച് കഴിഞ്ഞു.
കാണുന്നവരെല്ലാം മികച്ച പ്രതികരണം നല്‍കിയതോടെ സമീപവാസികളും കട്ട സപ്പോര്‍ട്ടുമായെത്തി. സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തതോടെ നിരവധി പേര് തങ്ങളുടെ ഭിത്തികളും ഇത്തരത്തില്‍ മനോഹരമാക്കി തരണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ബിരുദധാരി കൂടിയായ വിഷ്ണു മെഡിക്കല്‍ റെപ്രസെന്റേറ്റീവായി ജോലി നോക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: