തിരുവനന്തപുരം: മത്സ്യബന്ധനത്തിന് തൊഴിലാളികള്‍ പോകാതായതോടെ വിഴിഞ്ഞംതീരം ആളൊഴിഞ്ഞ് വള്ളങ്ങള്‍ മാത്രമായി. ലോക്ഡൗണ്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ട തീരദേശത്തെ മത്സ്യബന്ധന കുടുംബങ്ങള്‍ വറുതിയിലുമായി.
വിഴിഞ്ഞം തീരം ഇപ്പോള്‍ വിജനമായിരിക്കുകയാണ്. ഒന്നോരണ്ടോ മത്സ്യത്തൊഴിലളികള്‍ കടലിലേക്ക് നോക്കി വെറുതെയിരിക്കുന്നു. ഒന്നും ചെയ്യാനില്ലാതെ വെറുതെ വള്ളത്തില്‍ കിടക്കുന്നവരുമുണ്ട്. വീട്ടില്‍ കൊടുക്കാന്‍ കാശില്ലാത്തതിനാല്‍ പല മത്സ്യത്തൊഴിലാളികളും വള്ളങ്ങളില്‍ തന്നെയാണ് താമസം. അങ്ങിങ്ങ് വട്ടം കൂടിയിരുന്ന് നേരം പോക്കിന് ചീട്ട്കളിക്കുന്നുണ്ട് കുറച്ചുപേര്‍. ചിലര്‍ വള്ളത്തിന്റെ നിഴല്‍പ്പാടില്‍ ചെറിയമയക്കത്തിലാണ്. വീട്ടുസാധനങ്ങള്‍ വാങ്ങിക്കൊടുക്കാതെ എങ്ങനെയാണ് വീട്ടിലേക്ക് പോവുക എന്നാണ് ചിലരുടെ ചോദ്യം. കടലില്‍ പോകരുതെന്ന കര്‍ശനനിര്‍ദേശം അധികാരികളില്‍ നിന്ന് കിട്ടിയതിനാലാണ് മത്സ്യത്തൊഴിലാളികള്‍ രണ്ടാഴ്ചയായി കടലില്‍ പോകാത്തത്. സന്തോഷത്തോടെ ആഘോഷിക്കേണ്ട ഈസ്റ്റര്‍ നോമ്പുകാലവും കൊറോണ കൊണ്ടുപോയി.
സാധാരണ പുലര്‍ച്ചെ 3ന് തുടങ്ങുന്ന തിരക്ക് രാത്രി 7മണിയോടെയാണ് ആണ് അവസാനിക്കുക. തലേന്ന് രാത്രി 9ന് മത്സ്യബന്ധനത്തിന് പുറപ്പെടുന്ന വള്ളങ്ങള്‍ പിറ്റേന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് തിരികെയെത്തുക. അപ്പോള്‍ മുതല്‍ മീന്‍ വാങ്ങാനെത്തുന്നവരുടെ തിരക്ക് തീരത്ത് തുടങ്ങും. രാവിലെ 7ന് അവസാനിക്കുന്ന തിരക്ക് വീണ്ടും 12ന് ആരംഭിക്കും. ഇടയ്ക്കിടെ എത്തുന്ന വള്ളങ്ങളില്‍ നിന്ന് മീന്‍ വാങ്ങാനെത്തുന്നവരുടെ തിരക്ക് അപ്പോഴേക്കും വര്‍ധിക്കും. വൈകിട്ട് നാലഞ്ച് മണിയോടെ വലിയതിരക്കാണ് അനുഭവപ്പെടുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ സമയത്താണ് മീന്‍ വാങ്ങാനെത്തുന്നത്. ഈ സമയത്ത് മീനിന് നല്ല വിലയും ലഭിക്കും. വൈകിട്ട് 7 മണിയാകുന്നതോടെ തിരക്കിന് അവസാനമാകും. ഇങ്ങനെയാണ് വിഴിഞ്ഞം ഓരോ ദിവസവും കടന്നു പോയിരുന്നത്. ഇന്ന് തീരം നിശബ്ദമാണ്. കൊറോണ വരുത്തിയ വറുതിയുടെ വേദനയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: