കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകം ഒരു യുദ്ധമുഖത്ത് നില്ക്കുന്ന പ്രതീതിയിലാണ്. യുദ്ധം ജയിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുകയാണ് അതാത് രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍. ജനങ്ങളുടെ ജീവന് സംരക്ഷിക്കുക എന്നതിനാണ് അവര്‍ മുന്‍ഗണന നല്‍കുന്നതും. ഇന്ത്യയില്‍, അവശ്യ സേവനങ്ങള്‍ മാത്രം അനുവദിച്ചുകൊണ്ട് രാജ്യം തന്നെ അടച്ചിട്ടിരിക്കുകയാണ്. ഇതുമൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ചുപോലും ഈ അവസരത്തില്‍ അവര്‍ അധികം ചിന്തിക്കുന്നുമില്ല. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ, കേരളത്തില്‍ ചില കാര്യങ്ങളില്‍ ഉദാരസമീപനമാണ് അധികൃതറില്ത്തന്നെ ചിലര്‍ സ്വീകരിച്ചിരിക്കുന്നത്. ലോക് ഡൗണ്‍ ലംഘിച്ച് പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറികള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കിയത് അത്ര നിസാര പ്രശ്നമല്ല.
അവശ്യസേവന പരിധിയില്‍ വരുന്ന ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രം പ്രവര്‍ത്തിപ്പിക്കുന്നതിനാണ് എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവില്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കാനുള്ള അധികാരം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്കാണ്. പ്ലൈവുഡ് ഫാക്ടറികള്‍ അവശ്യസേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചെറുകിട വ്യവസായങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നല്ല. അതുകൊണ്ടുതന്നെ പ്രവര്‍ത്തനാനുമതി നല്‍കിയത് 48 മണിക്കൂര്‍ ആണെങ്കില്‍ പോലും ന്യായീകരിക്കാനാവില്ല.
അന്യസംസ്ഥാന തൊഴിലാളികളാണ് ഈ ഫാക്ടറികളില്‍ ജോലിചെയ്യുന്നവരില്‍ ഭൂരിപക്ഷവും. ഈ ഫാക്ടറികള്‍ ലോക്ഡൗണ്‍ കാലത്തും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് തൊഴിലുടമകള്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പലരും നാട്ടിലേക്ക് മടങ്ങാതിരുന്നത്. ശാരീരിക അകലം പാലിച്ചുകൊണ്ട്, ലോക് ഡൗണ്‍ കാലം സുരക്ഷിതമാക്കുന്നതിന് പകരം രോഗ വ്യാപനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്തത്. അതുകൊണ്ടുതന്നെ തൊഴിലുടമകള്‍ക്കെതിരെ നടപടി കൂടിയേ തീരൂ.
പെരുമ്പാവൂരില്‍ പ്ലൈവുഡ് നിര്‍മാണ മേഖല കൈയടക്കിവച്ചിരിക്കുന്നത് ഒരു പ്രത്യേക വിഭാഗമാണ്. ഫാക്ടറി ഉടമകള്‍ക്ക് ഒത്താശ ചെയ്യുന്നവരാണ് ഇവിടുത്തെ ഇടത് വലത് രാഷ്ട്രീയ നേതൃത്വം. ആ സ്വാധീനമുപയോഗിച്ചാണ് ലോക് ഡൗണ്‍ കാലത്തും ഫാക്ടറികള്‍ക്ക് പ്രവര്‍ത്തനാനുമതി നേടിയെടുത്തത്. ഇതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്. 1300 ഓളം പ്ലൈവുഡ് ഫാക്ടറികളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. പ്ലൈവുഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളായ ഫോര്‍മാല്‍ഡി ഹൈഡ്, യൂറിയ, റസിന് എന്നിവ കോവിഡ് 19ന്റെ മുഴുവന്‍ പ്രോട്ടോക്കൊളും പാലിച്ച് അതാത് സ്ഥാപനങ്ങളില്‍ തന്നെ പ്ലൈവുഡ് നിര്‍മാണത്തിന് ഉതകും വിധം പ്രോസസ് ചെയ്യുന്നതിനുള്ള അനുമതിയാണ് എറണാകുളം ജില്ലാ കളക്ടര്‍ നല്‍കിയത്. ഇത്ര അടിയന്തര പ്രാധാന്യത്തോടെ അനുമതി നല്‍കിയതിന് പിന്നിലെ സാംഗത്യം മനസ്സിലാകുന്നില്ല.
കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന ലോക് ഡൗണ്‍ കാരണം ഒരു നേരത്തെ അന്നത്തിന് വകതേടാന്‍ ബുദ്ധിമുട്ടുന്ന ആയിരങ്ങള്‍ എല്ലാം സഹിച്ച് ജീവിക്കുന്ന നാട്ടിലാണ് പണക്കൊഴുപ്പിന്റേയും സ്വാധീനത്തിന്റേയും ബലത്തില്‍ ചിലര്‍ കാര്യസാധ്യം നടത്തുന്നത്. കാര്‍ഷികോത്പന്നങ്ങള്‍ വിറ്റഴിക്കാനാവാതെ, മത്സ്യബന്ധനം നടത്താനാവാതെ, വിളവെടുക്കാനാവാതെ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് ആശ്രയം സര്‍ക്കാര്‍ നല്കുന്ന ഭക്ഷ്യധാന്യ കിറ്റുകളും കരുണവറ്റാത്ത മനസ്സുകളുടെ സഹായവുമാണ്. അവരെ കാണാതെ പോകരുത്.
ലോക് ഡൗണ്‍ ലംഘിച്ചുകൊണ്ട്, സമൂഹ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തി പ്രവര്‍ത്തിച്ച പ്ലൈവുഡ് ഫാക്ടറി ഉടമകള്‍ക്കെതിരെ അടിയന്തിരമായി നടപടിയെടുക്കാന്‍ അധികാരികള്‍ ആര്‍ജ്ജവം കാണിക്കണം. എന്ത് വന്നാലും ഞങ്ങള്‍ക്കൊന്നും സംഭവിക്കാനില്ല എന്ന ചിലരുടെ ധാര്‍ഷ്ട്യത്തിന്റെ മുന ഒടിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അത് തെറ്റായൊരു സന്ദേശമാവും സമൂഹത്തിന് നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: