ഒരു പൊതുപ്രവര്ത്തകനായിരിക്കേണ്ട മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയ നേതാവായിരുന്നു അന്തരിച്ച ബിഡിജെഎസ് ജനറല്‍ സെക്രട്ടറിയും കെപിഎംഎസ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ ടി.വി. ബാബു. അധ:സ്ഥിത, പിന്നാക്ക സമുദായക്കാരുടെ ഉന്നമനത്തിന് വേണ്ടിയായിരുന്നു ബാബുവിന്റെ ജീവിതം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന ഏതാനും ചില മലയാളികളിലൊരാളാണ് അദ്ദേഹം. എന്നാല്‍ ആ ബന്ധം നാട്ടുകാരെ അറിയിച്ച് മുതലെടുക്കാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിരുന്നില്ല.
പട്ടികജാതിക്കാര്‍ക്ക് കിട്ടിക്കൊണ്ടിരുന്ന സംവരണാനുകൂല്യം പട്ടികജാതിയില്‍ നിന്നും പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ക്ക് നല്‍കാനുള്ള രംഗനാഥ മിശ്ര കമ്മിഷന് റിപ്പോര്‍ട്ടിനെതിരായി രാജ്യവ്യാപക പ്രതിഷേധം ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴാണ് ബിജെപി സംസ്ഥാന പ്രസിഡന്റായിരിക്കെ ടി.വി. ബാബുവുമായി എനിക്ക് പരിചയപ്പെടാന്‍ അവസരം ലഭിച്ചത്. വിദ്യാഭ്യാസത്തിലും മറ്റും വളരെയേറെ മുന്നിട്ട് നിന്നിരുന്ന പരിവര്‍ത്തിതര്‍ക്ക് കൂടി പട്ടികജാതിക്കാരുടെ ആനുകൂല്യങ്ങള്‍ വിഭജിക്കപ്പെട്ടാല്‍ ജോലിയിലും വിദ്യാഭ്യാസത്തിലും കിട്ടുമായിരുന്ന നേട്ടങ്ങളെല്ലാം അവര്‍ കൊണ്ടുപോകുമെന്നും പട്ടിക ജാതിക്കാര്‍ വീണ്ടും സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുമെന്നും ഉറച്ച ബോദ്ധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. അത്കൊണ്ട് തന്നെ കേരളത്തില്‍ രംഗനാഥ മിശ്ര കമ്മിഷന് റിപ്പോര്‍ട്ടിനെതിരെ സമരത്തിന് മുന്നിട്ടിറങ്ങി.
2010ലായിരുന്നു ദേശീയ തലത്തില്‍ റിപ്പോര്‍ട്ടിനെതിരെ സമരം തുടങ്ങിയത്. ഇന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആയിരുന്നു അന്ന് ദേശീയ തലത്തില്‍ റിപ്പോര്‍ട്ടിനെതിരായി പ്രവര്‍ത്തിച്ചിരുന്ന സമിതിയെ നയിച്ചിരുന്നത്. കേരളത്തില്‍ കെപിഎംഎസ് നേതാക്കളായ ടി.വി. ബാബു, പുന്നല ശ്രീകുമാര്‍, വിഎച്ച്പി നേതാവും മുന്‍ വിദ്യാഭ്യാസ ഡയറക്ടറുമായിരുന്ന ടി.എന്‍. മദനന് തുടങ്ങിയവരൊക്കെ പ്രസ്ഥാനത്തിന്റെ മുന്നിലുണ്ടായിരുന്നു. സ്വതവേ ഇടതുപക്ഷത്തായിരുന്ന കെപിഎംഎസ് മാറി ചിന്തിക്കാന്‍ തുടങ്ങിയത് 2010ന് ശേഷമാണ്. ആദ്യമൊക്കെ സമുദായത്തിന് അനുകൂലമായ നിലപാടെടുത്ത ഇടതുപക്ഷം തങ്ങളെപ്പോഴും അവരുടെ കൂടെ ഉറച്ചുനില്‍ക്കുമെന്ന ധാരണയില്‍ പട്ടികജാതി സമുദായത്തെ വഞ്ചിക്കുകയാണെന്ന നിലപാടില്‍ അവരെത്തി. കെട്ടിക്കിടക്കുന്ന വെള്ളം മലിനമാവുമെന്നും അതിന് ചലനാത്മകതയുണ്ടാവുമ്പൊഴേ പുരോഗതിയുണ്ടാവുകയുള്ളു എന്നും ബാബു തിരിച്ചറിഞ്ഞു. പട്ടികജാതിക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള താല്പര്യം നഷ്ടപ്പെട്ട ഇടതുപക്ഷത്തോട് വിടപറയുകയാണ് ശരിയായ നടപടിയെന്ന് ബാബു മനസ്സിലാക്കി. ഈ സമയത്താണ് കെപിഎംഎസും ബിജെപിയും കൂടുതല്‍ അടുക്കുന്നത്. അദ്ദേഹവുമായി പല വേദി പങ്കിടാനുംഎനിക്കവസരമുണ്ടായി. തന്റെ നിലപാട് അദ്ദേഹം പരസ്യമായി പ്രകടപ്പിക്കുകയും ചെയ്തു. 2014ലെ കായല്‍ സമ്മേളനത്തിന്റെ നൂറാം വാര്‍ഷികത്തില്‍ കൊച്ചിയില്‍ നടത്തിയ സമ്മേളനത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ പങ്കെടുപ്പിക്കാന്‍ കെപിഎംഎസ് എടുത്ത തീരുമാനം ചരിത്രത്തിലെ ഒരു വഴിത്തിരിവാകുകയായിരുന്നു. കേരളത്തില്‍ ഇടതുപക്ഷവും യുഡിഎഫുംമോദിക്ക് അയിത്തം കല്പിച്ചിരുന്ന സമയമായിരുന്നു അത്.
ദേശീയ മാദ്ധ്യമങ്ങള്‍ ഈ പരിപാടിക്ക് വലിയ പ്രാധാന്യം കല്പിച്ചിരുന്നു. തുടര്‍ന്ന് 2014 സെപ്തംബര്‍ 8ന് ദല്‍ഹിയില്‍ അയ്യങ്കാളി ജയന്തി ആഘോഷത്തിലും നരേന്ദ്രമോദി പങ്കെടുത്തു. അപ്പോഴേക്കും അദ്ദേഹം പ്രധാനമന്ത്രിയായിക്കഴിഞ്ഞിരുന്നു. ആദ്യമായിട്ടാണ് ഇന്ത്യയുടെ ഒരു പ്രധാനമന്ത്രി അയ്യങ്കാളി ജയന്തി പരിപാടിയില്‍ പങ്കെടുക്കുന്നത്. പട്ടികജാതിക്കാരുടെയും പാവപ്പെട്ടവരുടെയും കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വച്ചുപുലര്‍ത്തുന്ന താല്പര്യത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത് തുടങ്ങിയ സമയമായിരുന്നു അത്. കോണ്‍ഗ്രസാകട്ടെ പിന്നാക്കക്കാരുടെ ചാമ്പ്യന്‍ എന്ന പദവി പൂര്‍ണമായും നഷ്ടപ്പെട്ടുകൊണ്ടിരുന്ന അവസ്ഥയിലുമായിരുന്നു. പട്ടികജാതി മോര്‍ച്ചയും കെപിഎംഎസും സംയുക്തമായിട്ടാണ് ദല്‍ഹിയിലെ പരിപാടി സംഘടിപ്പിച്ചത്. അതിന്റെ സംഘാടകരെന്ന നിലയ്ക്ക് ഞങ്ങള്‍ രണ്ടുപേരും ദല്‍ഹിയില്‍ കുറച്ചുദിവസം ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു.
പിന്നീട് സമത്വ മുന്നേറ്റ ജാഥയിലും ഒരുമിച്ച് കൂടുതല്‍ ഇടപെഴകാന്‍ സാധിച്ചു. ബിഡിജെഎസ് രൂപീകരണ സമയത്തും അദ്ദേഹം സജീവമായി രംഗത്തുവരികയും സ്ഥാപക ജനറല്‍ സെക്രട്ടറിയാവുകയും ചെയ്തു. കേരളത്തിലെ പിന്നാക്ക സമുദായക്കാരുടെ ഐക്യനിരയ്ക്ക് നേതൃപരമായ പങ്ക് വഹിക്കേണ്ടണ്ടചുമതല എസ്എന്‍ഡിപി യോഗത്തിനാണെന്ന കാര്യത്തില്‍ ബാബുവിന് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. എസ്എന്‍ഡിപി യോഗത്തില്‍ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴൊക്കെ അതിന്റെ ന്യായാന്യായങ്ങള്‍ക്ക് പിറകെ പോകാതെ എസ്എന്‍ഡിപി യോഗത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കാണ് അദ്ദേഹം താല്പര്യമെടുത്തത്. പ്രശ്നങ്ങള്‍ പുകഞ്ഞുവന്നപ്പോഴൊക്കെ അത് പരിഹരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കാനും അതിനുള്ള ശ്രമങ്ങള്‍ നടത്താനുമുളള നിര്‍ദ്ദേശങ്ങള്‍ എന്നോടദ്ദേഹം പങ്കുവച്ചിരുന്നു. പ്രധാനമന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തിയ നരേന്ദ്രമോദി തൃശൂരിലെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ സദസ്സിന്റെ മുന്‍ നിരയിലിരുന്ന ടി.വി. ബാബുവിനെ കാണുകയും വിളിച്ചുവരുത്തി കുശലം പറയുകയും ചെയ്തു. എന്നാല്‍ ഈ ബന്ധം ഉപയോഗിച്ച് ഒരിക്കലും മുതലെടുപ്പ് നടത്താന്‍ അദ്ദേഹം ശ്രമിച്ചല്ല. ദീര്‍ഘകാലം പൊതുരംഗത്ത് നിന്നതുകൊണ്ട് തന്നെ മക്കളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധകൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞോ എന്നറിയില്ല. അവരുടെ ഭാവിയെക്കുറിച്ച് അദ്ദേഹത്തിന് വ്യാകുലതകളുണ്ടായിരുന്നു. തന്റെ സ്വാധീനം അവര്‍ക്ക് വേണ്ടി ദുരുപയോഗിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. അതായിരുന്നു ഒരു പൊതുപ്രവര്ത്തകന് എന്ന നിലയ്ക്ക് ടി.വി. ബാബു ഉയര്‍ത്തിപ്പിടിച്ച മൂല്യം.
ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. എന്നും സാധാരണക്കാരനായി അദ്ദേഹം ജീവിച്ചു. സാമൂഹ്യമായി പിന്നാക്കം നില്ക്കുന്ന ജനവിഭാഗത്തിന്റെ സാമൂഹ്യവും വിദ്യാഭ്യാസപരവും രാഷ്ട്രീയവുമായ ഉയര്‍ച്ചയ്ക്ക് വേണ്ടി അഹോരാത്രം കഷ്ടപ്പെട്ടയാളായിരുന്നു ടി.വി. ബാബു. അതിനായി അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടും കര്മ്മപദ്ധതിയുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് കേരള സമൂഹത്തിന് ഒരു നഷ്ടമാണ്. പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് അവരുടെ ഹൃദയം തൊട്ടറിഞ്ഞ നിഷ്കാമ കര്‍മ്മിയായ ഒരു പോരാളിയെയാണ് നഷ്ടമായിരിക്കുന്നത്. ടി.വി. ബാബുവിന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികളര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: