കാസര്‍കോട്: കൊവിഡ് 19 നെ തുരുത്താനുള്ള ഉദ്യമത്തില്‍ ലോകം മുഴുവനും പങ്കു ചേരുമ്പോള്‍, നിശബ്ദമായി ഇവയ്ക്കെതിരെ പോരാടുന്ന ഒരുകൂട്ടരുണ്ട് നമ്മുടെ ജില്ലയില്‍. പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ പ്രത്യേകം സജ്ജമാക്കിയ കൊവിഡ് ലാബിലെ നെടുതൂണുകളായ അധ്യാപകരും റിസര്‍ച്ച് സ്കോളര്‍മാരും മെഡിക്കല്‍ ലാബ് ടെക്നീഷ്യന്മാരുമാണിവര്.
സമയ വ്യത്യാസമില്ലാതെ കൊവിഡ് 19 നെ നിര്‍ണ്ണയിക്കുന്ന സ്രവ പരിശോധനയില്‍ വ്യാപൃതരാണ് ഇവര്‍. ചുട്ടു പൊള്ളുന്ന വേനല്‍ സൂര്യന്റെ കാഠിന്യത്തെ വകവെക്കാതെ, ആരോഗ്യ സുരക്ഷാ വസ്ത്രങ്ങളായ പിപിഇ കിറ്റ് അണിഞ്ഞ് മണിക്കൂകളോളം ലാബിലെ സ്രവ പരിശോധനയില്‍ സജീവമാകുന്നവരാണിവര്. മഹാമാരിയായ കൊറോണ വൈറസ് നിര്‍ണ്ണയ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ഇവരില്‍ പലരും വീടുകളിലേക്ക് പോകാറില്ല.
ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കേന്ദ്ര സര്‍വ്വകലാശാലയിലെ ബയോ കെമിസ്ട്രി ആന്റ് മോളിക്യൂലര്‍ ബയോളജി വകുപ്പ് തലവന്‍ ഡോ രാജേന്ദ്ര പിലാക്കട്ടയാണ്. ബയോ കെമിസ്ട്രി ആന്റ് മോളിക്യൂലര്‍ ബയോളജി വകുപ്പ് അധ്യാപകരായ ഡോ സമീര്‍ കുമാര്‍ വി.ബി, ഡോ അശ്വതി ആര് നായര്‍, റിസര്‍ച്ച് സ്കോളര്‍മാരായ രഞ്ജിത്ത്, വി.ലളിക, ജെ.പ്രജിത്, ആര്.വിഷ്ണു, സര്‍വ്വകലാശാലയിലെ ലാബ് ടെക്നീഷ്യമാരായ യു.രതീഷ്, ആര് രാജേഷ് ആരോഗ്യ വകുപ്പ് നിയോഗിച്ച മറ്റ് മൂന്ന് ലാബ് ടെക്നീഷ്യന്മാര് സാങ്കേതിക പരിജ്ഞാനമുള്ള സന്നദ്ധ പ്രവര്ത്തകന് എന്നിവരാണ് ലാബിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നത്.
സ്രവ പരിശോധനയ്ക്ക് പി പി ഇ അണിഞ്ഞാണ് ലാബിനുള്ളില്‍ പ്രവേശിക്കുന്നത്. ആരോഗ്യ വകുപ്പ് പരിശോധനയക്ക് കൈമാറുന്ന സ്രവം ആര്‍ടിപിസിആര്‍ മെഷിന് വഴി ആറു മുതല്‍ ഏഴ് മണിക്കൂര്‍ വരെ ഉപയോഗിച്ചാണ് ഫലം നിര്‍ണ്ണയിക്കുന്നത്. ആദ്യപരിശോധനയില്‍ പോസറ്റീവ് ആകുന്ന സാമ്പിള്‍ വീണ്ടും രണ്ടര മണിക്കൂര്‍ ഉപയോഗിച്ച് പരിശോധിച്ച് ഫലം ഉറപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: