തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ കണ്ണൂര്‍ 4, കാസര്‍കോട് 4, മലപ്പുറം രണ്ട്,കൊല്ലം, തിരുവനന്തപുരം ഒന്നുവീതം. ഇതില്‍ 11 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് രോഗബാധയുണ്ടായത്. ഒരാള്‍ വിദേശത്തുനിന്ന് വന്നതാണ്. ഇന്ന് 13 പേരുടെ റിസള്‍ട്ട് നെഗറ്റീവായി. എറണാകുളം 6, കണ്ണൂര്‍ 3, ഇടുക്കി, മലപ്പുറം രണ്ടുവീതം എന്നിങ്ങനെയാണ് ഇന്ന് പരിശോധനാഫലം നെഗറ്റീവായവരുടെ കണക്ക്. ഇതുവരെ 357 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 258 പേര് ഇപ്പോള്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് 1,36,195 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,35,472 പേര് വീടുകളിലും 723 പേര് ആശുപത്രികളിലുമാണ്. ഇന്നു 153 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 12,710 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 11,469 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ചികിത്സയിലുള്ളവരില്‍ 60 വയസ്സിനു മുകളിലുള്ളവര്‍ 7.5 ശതമാനം പേരാണ്. 20നു താഴെയുള്ളവര്‍ 6.9 ശതമാനം. പരിശോധനാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്. നാലുദിവസം കൊണ്ട് പുതിയ നാല് ലാബ് പ്രവര്‍ത്തനസജ്ജമാകും. 14 ജില്ലക്ക് 14 ലാബ് എന്നതാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ ലാബുകളില്‍ ടെസ്റ്റ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങി.
കാസര്‍കോട് അതിര്‍ത്തിയിലൂടെ രോഗികള്‍ക്ക് പോകാന്‍ കഴിയാത്ത പ്രശ്നം കുറേ നാളുകളായി നമ്മുടെ ചര്‍ച്ചയിലുണ്ട്. ഇന്ന് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. അത്തരം അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ രോഗികളെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലേക്ക് എത്തിക്കും. ആവശ്യമാണെങ്കില്‍ ആകാശമാര്‍ഗം എത്തിക്കുന്നതും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: