തൃശൂര്‍: പോലീസും ആരോഗ്യപ്രവര്‍ത്തകരും കോവിഡിനെതിരായ പോരാട്ടത്തില്‍ നെട്ടോട്ടമോടുമ്പോള്‍ കൂട്ടംകൂടി സെല്‍ഫിയെടുത്ത് ഡിവൈഎഫ്‌ഐ. ലോക്ഡൗണ്‍ സമയത്തെ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തുകയാണ് തൃശൂര്‍ ജില്ലയില്‍ ഇവര്‍. സിവില്‍ സപ്ലൈസിന്റെ സൗജന്യ കിറ്റുകള്‍ തയ്യാറാക്കാന്‍ ഏല്‍പ്പിച്ചത് ഡിവൈഎഫ്‌ഐയെയായിരുന്നു.
തൃശൂര്‍ കുരിയച്ചിറയിലുള്ള എഫ്‌സിഐ ഗോഡൗണിലാണ് കിറ്റുകള്‍ തയ്യറാക്കല്‍. സര്‍ക്കാര്‍ ജീവനക്കാരോ രജിസ്റ്റേര്‍ഡ് സന്നദ്ധ പ്രവര്‍ത്തകരോ ചെയ്യേണ്ട ജോലി പാര്‍ട്ടിക്കാരെ ഏല്‍പ്പിച്ചത് അനധികൃതമായി. നൂറുകണക്കിന് പേരാണ് യാതൊരു നിയന്ത്രണവുമില്ലാതെ മാസ്‌ക് പോലും ധരിക്കാതെ കൂട്ടംകൂടിയെത്തി കിറ്റുകള്‍ തയ്യാറാക്കിയത്. അവര്‍ തന്നെ ഇത് സെല്‍ഫിയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. കടുത്ത പ്രതിഷേധമാണ് ഇതെത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരടക്കം ഉയര്‍ത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടും മുന്‍കരുതലെടുക്കാന്‍ ജില്ലാ ഭരണകൂടമോ പോലീസോ തയ്യാറാവാതിരുന്നതും ഗുരുതരവീഴ്ചയാണ്.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ. അനീഷ്‌കുമാര്‍ ആവശ്യപ്പെട്ടു. സെല്‍ഫി ദൃശ്യങ്ങള്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവു പോലും ലംഘിച്ച് പ്രവര്‍ത്തകര്‍ കൂട്ടംകൂടിയിരുന്ന് തയ്യാറാക്കിയ ഭക്ഷ്യധാന്യ കിറ്റുകള്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത് ആരോഗ്യ പ്രശനങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതായും അനീഷ്‌കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: