കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് പിടികൂടി നിരീക്ഷണത്തിലാക്കിയിരുന്ന അഞ്ച് പൂച്ചകളും ചത്തു. രണ്ട് ദിവസങ്ങളിലായാണ് ഇവ ചത്തത്. ചത്ത പൂച്ചകളുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. യുഎസില്‍ പെണ്‍കടുവയില്‍ കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്.
ചത്ത രണ്ടു വയസുള്ള ആണ്പൂച്ചകളുടെയും 20 ദിവസം മാത്രം പ്രായമുള്ള രണ്ട് പൂച്ചക്കുട്ടികളുടെയും ആന്തരികാവയവ സാമ്പിളുകള്‍ മൃഗസംരക്ഷണ വകുപ്പിന്റെ കാഞ്ഞങ്ങാട് ജില്ലാ ലാബില്‍ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിരുവനന്തപുരം പാലോടുള്ള ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറെ ഇക്കാര്യം അറിയിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
പിടികൂടി ഏതാനും ദിവസങ്ങള്‍ക്കകമാണ് അമ്മപ്പൂച്ച ചത്തത്. പിടികൂടുന്ന സമയത്തുതന്നെ പ്രസവത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഈ പൂച്ചയ്ക്ക് ഉണ്ടായിരുന്നതായാണ് മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം.
തിരുവനന്തപുരത്ത് പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ ഭോപ്പാലിലുള്ള നാഷണല്‍ ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് ലാബിലേക്കും അയയ്ക്കും. ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടിറ്റോ ജോസഫ്, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. എം.ജെ. സേതുലക്ഷ്മി എന്നിവരാണ് കഴിഞ്ഞദിവസം ഇവയെ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പ്രാഥമിക പരിശോധനയില്‍ കൊറോണ ഇല്ലെന്നാണ് സൂചന ലഭിച്ചിരിക്കുന്നതെന്ന് ഇവര്‍ വ്യക്തമാക്കി.
എന്നാലും ഇത് ഉറപ്പു വരുത്താനാണ് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്. ദിവസങ്ങള്‍ക്കു മുമ്പാണ് ജനറല്‍ ആശുപത്രിയിലുണ്ടായിരുന്ന പൂച്ചകളെ പിടികൂടി ജില്ലാ പഞ്ചായത്തിന്റെ എബിസി കേന്ദ്രത്തിലേക്കു മാറ്റിയത്.
രണ്ടു ദിവസങ്ങള്‍ക്കകം ചത്ത രണ്ട് പൂച്ചകളെ പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ മറവു ചെയ്തിരുന്നു. പിന്നീട് ചത്ത മൂന്നു പൂച്ചകളെയാണ് കാഞ്ഞങ്ങാട് ലാബില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: