ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ(കൊവിഡ് 19) വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ കാലത്ത് ഗംഗാ നദിക്ക് പിന്നാലെ യമുനാ നദിയും ശുദ്ധമായെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ചിത്രങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ദല്‍ഹിയിലെ വിവിധ നഗരങ്ങളിലൂടെ ഫാക്ടറികളില്‍ നിന്നും പുറന്തള്ളുന്ന രാസമാലിന്യങ്ങളും വഹിച്ച് വിഷപ്പതയുമായി നീങ്ങിയിരുന്ന യമുനാ നദി ഇപ്പോള്‍ തെളിനീരുമായി ശാന്തമായി ഒഴുകുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യമുന തെളിനീരുമായി ഒഴുകിത്തുടങ്ങിയത്.
ലോക്ഡൗണ്‍ കഴിഞ്ഞാലും യമുനാ നദിയെ ഇനിയും മലിനമാകാതെ കാത്തു സൂക്ഷിക്കാം എന്ന പ്രത്യാശയോടെയാണ് ജലവിഭവ മന്ത്രാലയം ഉള്‍പ്പെടെയുള്ളവര്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ യമുനാ നദിയുടെ പുതിയ ചിത്രങ്ങളും ദ്യശ്യങ്ങളും പങ്കുവച്ചിരിക്കുന്നത്.
കലങ്ങി മറിഞ്ഞ് മാലിന്യങ്ങളും പേറി ഒഴുകിയിരുന്ന നദിയില്‍ ഇപ്പോള്‍ അതെല്ലാം മാറി ജലം നന്നായി തെളിഞ്ഞു. നദിയുടെ അടിത്തട്ടിലെ പാറക്കൂട്ടങ്ങള്‍ വരെ വ്യക്തമായി കാണാവുന്ന നിലയിലാണ് വെള്ളം തെളിഞ്ഞിരിക്കുന്നത്.
നേരത്തെ ലോക്ക്ഡൗണിനെ തുടര്‍ന്ന് അന്തരീക്ഷം മലിനീകരണ മുക്തമായതിനാല്‍ പഞ്ചാബിലെ ജലന്ധര്‍ നിവാസികള്‍ക്ക് മഞ്ഞണിഞ്ഞ ഹിമാലയം തന്നെ കാണാനായതും വാര്‍ത്തയായിരുന്നു. ക്രിക്കറ്റ് താരം ഹര്ഭജന് സിങ് ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: