കാളപെറ്റു എന്ന് കേട്ടപ്പോള്‍ കയറുമായി ഓടുന്ന വിരുതന്മാരെക്കുറിച്ച് പറയാറുണ്ട്. അതിപ്പോള്‍ ഇന്ത്യയിലെ ചില മാധ്യമങ്ങള്‍ക്ക് നന്നായി ചേരുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ”ഡൊണാള്‍ഡ് ട്രംപ് ക്ഷോഭിച്ചു; ഇന്ത്യ മരുന്ന് വിലക്ക് നീക്കി”, ”ട്രംപ് കണ്ണുരുട്ടി മോദി വഴങ്ങി”, ”ഇന്ത്യ മരുന്ന് നല്‍കിയില്ലെങ്കില്‍ പ്രത്യാഘാതം-ട്രംപ്, ”ട്രംപിന്റെ ഭീഷണിയില്‍ പതറി കേന്ദ്രം”, ”ട്രംപിന്റെ ഭീഷണിയില്‍ ഇന്ത്യ നിലപാട് മാറ്റി”, ”മരുന്ന് നല്‍കിയില്ലെങ്കില്‍ വിവരമറിയുമെന്ന് ട്രംപ്”, ”ട്രംപ് വിരട്ടി”, ”ഇന്ത്യ മരുന്ന് കയറ്റി അയക്കുക്കും. വിവിധ മലയാളം പത്രങ്ങളില്‍ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച് വാര്‍ത്തകളുടെ തലക്കെട്ടുകളാണ് മേല്‍പ്പറഞ്ഞത്. സത്യം മാത്രം പ്രസിദ്ധീകരിക്കുകയും നേര് മാത്രം വിളിച്ചു പറയുകയും ചെയ്യുന്നതാണ് തങ്ങളുടെ ശൈലി എന്നവകാശപ്പെടുന്ന മാധ്യമങ്ങളുണ്ട്. കോവിഡ് 19നെതിരെ പോരാടാന്‍ ഇന്ത്യ മരുന്ന് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച അമേരിക്കന്‍ പ്രസിഡന്റിന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് നരേന്ദ്രമോദിയെ ചെറുതാക്കാന്‍ തീവ്ര ശ്രമം നടത്തിയത്. നരേന്ദ്രമോദിയേയും കേന്ദ്രസര്‍ക്കാറിനെയും ഭത്സിക്കാന്‍ ഏത് തരംതാണരീതിയും പ്രയോഗിക്കും എന്നതിന്റെ തെളിവാണിത്. സ്വന്തം രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ കഴിവും കരുത്തും ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും ഒന്നുകില്‍ മനസ്സിലാകാത്തവര്‍. അല്ലെങ്കില്‍ അറിഞ്ഞിട്ടും അവഹേളിക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍. അത്തരക്കാര്‍ക്കേ ഇത്തരം വാര്‍ത്ത നല്കി അര്‍മാതിക്കാന്‍ സാധിക്കൂ. ജനങ്ങളെ കബളിപ്പിക്കാനുള്ള ഈ തരംതാണ പണിക്ക് അല്പായുസ് മാത്രമാണുള്ളത്.
മലേരിയക്കെതിരെ പ്രയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന് നല്‍കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നമ്മുടെ പ്രധാനമന്ത്രിയോട് ഫോണില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അതിനുശേഷം ട്രംപിന്റെ വാര്‍ത്താസമ്മേളനത്തില്‍ ഒരാള്‍ ഇന്ത്യ മരുന്ന് തന്നില്ലല്ലോ ഇത് തിരിച്ചടിയാണോ എന്നാരാഞ്ഞപ്പോള്‍ മരുന്ന് ലഭിച്ചില്ലെങ്കില്‍ പ്രത്യാഘ്യാതമുണ്ടാകുമെന്ന് ട്രംപ് മറുപടി നല്കി. ഇത് ഇന്ത്യയെ ഭീഷണിപ്പെടുത്തിയതായാണ് വ്യാഖ്യാനിച്ചത്. ട്രംപ് ഉദ്ദേശിച്ചത് മരുന്ന് ലഭിച്ചില്ലെങ്കില്‍ പ്രത്യാഘാതം അമേരിക്കയ്ക്ക് എന്നാണ്. മാധ്യമ വിമര്‍ശനങ്ങള്‍ക്കുശേഷം ട്രംപ്
പറഞ്ഞത് ഇങ്ങനെ ”ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണില്‍ ബന്ധപ്പെട്ടു. മരുന്നുകള്‍ നല്കാനാകുമോ എന്ന് അദ്ദേഹത്തോട് ആരാഞ്ഞു. അദ്ദേഹം വിശാലമനസ്സുള്ള ഒരു വലിയ നേതാവാണ്. ഇന്ത്യയുടെ ആവശ്യത്തിനാണ് മരുന്ന് കയറ്റുമതി നിര്‍ത്തിവച്ചിരുന്നത്. എന്നാല്‍, അമേരിക്കയുടെ അവസ്ഥ മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 29 മില്യണ്‍ ഡോസ് മരുന്നുകളാണ് ഇന്ത്യയില്‍ നിന്ന് അയച്ചുതരുന്നത്. വളരെ വലിയ കാര്യമാണ് അത്. ഈ വിഷയത്തില്‍ പലരും പല കഥകളും പറയുന്നുണ്ട്. നിങ്ങള്‍ക്കറിയാമല്ലോ, ഇത്തരം വൃത്തികെട്ട കഥകള്‍ക്ക് ഞാന്‍ ചെവികൊടുക്കാറില്ല. നല്ലതുമാത്രം കേള്‍ക്കാനും പ്രവര്‍ത്തിക്കാനുമാണ് ഞാന്‍ ശ്രമിക്കാറ്”.
ട്രംപ് കണ്ണുരുട്ടിയാല്‍ കീഴടങ്ങുന്ന ഭരണാധികാരിയല്ല ഇന്നത്തെ പ്രധാനമന്ത്രി. അമേരിക്കയുടെയും ട്രംപിന്റെയും ഇംഗിതത്തിന് എതിരായി ഒരുപാട് നിലപാടുകള്‍ നരേന്ദ്രമോദി സ്വീകരിച്ചത് വിസ്മരിക്കരുത്. ഇന്ത്യ ഇറാനെ സഹായിക്കുകയും സൗഹൃദം നിലനിര്‍ത്തുന്നതും ശരിയല്ലെന്ന് ട്രംപ് പറഞ്ഞപ്പോള്‍ അത് ഇന്ത്യയുടെ നിലപാടെന്ന് തുറന്നടിച്ച് പറയാന്‍ മോദിക്ക് കഴിഞ്ഞു. റഷ്യയുമായി കരാറുണ്ടാക്കുന്നതില്‍ നിന്ന് ഇന്ത്യ പി
ന്മാറണമെന്നാവശ്യപ്പെട്ടപ്പോള് അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്നറിയിച്ചതും വിസ്മരിക്കാനാവില്ല. കോവിഡ് 19നെതിരെ പ്രയോഗിക്കാന്‍ ഹൈഡ്രോക്സി ക്ലോറോക്വിന് നല്കി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത് അമേരിക്ക മാത്രമല്ല. 30 രാജ്യങ്ങള്‍ ഈ ആവശ്യത്തിന് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. അതില്‍ ബ്രസീലിന്റെ അഭ്യര്‍ത്ഥന ഏറെ ശ്രദ്ധേയമാണ്. രാമായണത്തിലെ മൃതസഞ്ജീവിനിയെയാണ് ബ്രസീല്‍ ഉദാഹരിച്ചത്.
ഇന്ത്യക്ക് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സാനാരോ എഴുതിയ കത്തില്‍ പറയുന്നത് ഇപ്രകാരം. ശ്രീരാമന്റെ സഹോദരനായ ലക്ഷ്മണന്റെ ജീവന് രക്ഷിക്കാന്‍ ഹനുമാന് ഹിമാലയത്തില്‍ നിന്ന് വിശുദ്ധ മരുന്ന് (മൃതസഞ്ജീവനി ) കൊണ്ടു വന്നപോലെ, യേശു ക്രിസ്തു അന്ധന് കാഴ്ച നല്കിയ പോലെ ജനങ്ങള്‍ക്കായി ബ്രസീലും ഇന്ത്യയും ഒരുശക്തിയായി നിന്ന് കോവിഡിനെ അതിജീവിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബൊല്‍സാനരോയും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ലോകത്തെ സാഹചര്യങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. എങ്ങനെ യോജിച്ച് നിന്ന് കോവിഡിനെ നേരിടാമെന്ന് ബൊല്സാനരോയുമായി ചര്‍ച്ച ചെയ്തെന്ന് മോദി പിന്നീട് ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇന്ത്യക്ക് സാധിക്കുന്ന എല്ലാ സഹായങ്ങളും ബ്രസീലിന് വേണ്ടി നല്‍കുമെന്നും അന്ന് മോദി വാഗ്ദാനം ചെയ്തിരുന്നതാണ്. പരസ്പര സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദര്‍ഭമാണിത്. മരുന്നുകള്‍ കൈമാറുന്നത് മനുഷ്യത്വപരമാണ്. അമേരിക്കയുടെയും ബ്രസീലിന്റേതടക്കമുള്ള രാജ്യത്തിന്റെയും അഭ്യര്‍ത്ഥനയോട് അനുകൂലമായ നിലപാട് സ്വീകരിക്കുമ്പോള്‍ കീഴടങ്ങലായി വ്യാഖ്യാനിക്കുന്നത് ദുഷ്ടത്തരമാണ്. ജുഗുപ് സാവഹമായ പ്രചരണങ്ങള്‍ ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: