കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണിനെ മറികടന്ന് സ്വന്തം നാട്ടിലേക്ക് പോയ കണ്ണൂര്‍ ഡിഎഫ്ഒയെ സസ്പെന്‍ഡ് ചെയ്തു. കണ്ണൂര്‍ ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ കെ. ശ്രീനിവാസാണ് അനുമതിയില്ലാതെ സംസ്ഥാനം വിട്ടത്. കുടുംബസമേതം കാറിലാണ് വയനാട് അതിര്‍ത്തി കടന്ന് കര്‍ണാടകയിലൂടെ സ്വന്തം നാടായ തെലങ്കാനയിലേക്ക് പോയതെന്ന് പറയുന്നു. സര്‍ക്കാരിന്റെയോ മേലധികാരിയുടെയോ അനുമതിയില്ലാതെയാണ് ഡിഎഫ്ഒയുടെ നടപടിയെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കൊറോണ പടരുന്നതിനു മുമ്പേ ഇദ്ദേഹം അവധിക്ക് അപേക്ഷിച്ചെങ്കിലും കണ്ണൂര്‍ ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ് വൈറസിന്റെ പശ്ചാത്തലത്തില്‍ അവധി അനുവദിച്ചിരുന്നില്ല. വനമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കാര്യങ്ങള്‍ ഏകോപിപ്പിക്കേണ്ട ഉന്നത ഉദ്യോഗസ്ഥനായതിനാല്‍ വനം വകുപ്പും അവധി അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് ഇദ്ദേഹം ആരോടും പറയാതെ മുങ്ങിയത്. ഇതു സോഷ്യല്‍ മീഡിയയിലൂടെ വിവാദമായതിനെ തുടര്‍ന്ന് സംഭവത്തില്‍ വനംവകുപ്പ് മേധാവിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് വനംമന്ത്രി കെ. രാജു അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
സംഭവത്തില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വനംവകുപ്പ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയതായാണ് വിവരം. റിപ്പോര്‍ട്ട് വനംവകുപ്പ് മന്ത്രിയുടെ ഓഫിസില്‍ ലഭിച്ചാലുടന്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: