ചങ്ങനാശ്ശേരി: മതവിവേചനം അവസാനിപ്പിച്ച് ദേവസ്വം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് എന്‍.പി. കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.
ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങളില്‍ നടവരവ് നിലയ്ക്കുകയും ജീവനക്കാര്‍ക്ക് വരുമാനം ലഭിക്കാതെയും വരുന്ന സാഹചര്യമാണുള്ളത്. അടച്ചിട്ടിരിക്കുന്ന മദ്രസകളിലെ അറബി അധ്യാപകര്‍ക്ക് അഞ്ച് കോടിയുടെ ധനസഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍ വിവേചനം കാണിക്കാതെ ദേവസ്വം ജീവനക്കാര്‍ക്ക് ധനസഹായം നല്‍കുകയും സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യണം. സ്വകാര്യ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കും അടിയന്തര സഹായം പ്രഖ്യാപിക്കണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ദേവസ്വം ബോര്‍ഡിനെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 കോടിയില്‍ 30 കോടി മാത്രമാണ് നല്‍കിയത്. ബോര്‍ഡിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണം. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്താനിരിക്കുന്ന ദേവസ്വം നിയമനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: