കടുത്തുരുത്തി (കോട്ടയം): കൊറോണയെന്ന മഹാമാരിക്കെതിരെ പോരാടിയ കോട്ടയം മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നേഴ്സ് രേഷ്മ മോഹന്‍ദാസിന്റെ ആത്മബലം പോരാട്ടപാതയിലുള്ള എല്ലാവര്ക്കും കരുത്ത് . പത്തനംതിട്ട സ്വദേശികളായ വയോദമ്പതികളെ ചികിത്സിക്കുന്നതിനിടെയിലാണ് രേഷ്മയ്ക്കും രോഗം ബാധിച്ചത്. 93, 85 വയസ്സുള്ള വയോദമ്പതികള്ക്കൊപ്പം രേഷ്മയും രോഗമുക്തയായി. ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
രോഗവിമുക്തി നേടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ സഹപ്രവര്‍ത്തകരോട് രേഷ്മ പറഞ്ഞത് താന്‍ വീണ്ടും കൊറോണ വാര്‍ഡില്‍ സേവനം ചെയ്യാന്‍ എത്തുമെന്നാണ്. അറുപത് വയസ്സ് കഴിഞ്ഞതിനാല്‍ ഹൈ റിസ്ക് വിഭാഗത്തില്‍പ്പെട്ട വയോദമ്പതികളെ മാര്‍ച്ച് 9ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് മുതല്‍ രേഷ്മ പരിചരിക്കാനുണ്ടായിരുന്നു.
പതിനാറു നഴ്സുമാരെയാണ് കൊറോണ വാര്‍ഡിലേക്ക് പ്രത്യേകം നിയോഗിച്ചത്. പന്ത്രണ്ട് ദിവസം വയോദമ്പതികളെ പരിചരിച്ചുകൊണ്ടിരിക്കെ പനിയെ തുടര്‍ന്ന് 23ന് പരിശോധനയ്ക്ക് വിധേയയായി. 24ന് പരിശോധന ഫലം വന്നപ്പോള്‍ പോസിറ്റീവ്. പിന്നീട് ഐസൊലേഷനിലായി. സ്വന്തം മാതാപിതാക്കളെ പോലെ നോക്കിയതിന് വയോദമ്പതികള്‍ക്ക് മകളോടെന്ന വാത്സല്യം തന്നോട് ഉണ്ടായിരുന്നതായി രേഷ്മ ഓര്‍മിക്കുന്നു. ചികിത്സയിലിരിക്കെ അവര്‍ വീട്ടില്‍ പോകണമെന്ന് വാശി പിടിക്കുമായിരുന്നു. അപ്പോള്‍ രേഷ്മയും സഹപ്രവര്‍ത്തകരും കഥകള്‍ പറഞ്ഞും പാട്ടു പാടിയും അവരെ ഉറക്കി. ഈ ഒരു ആത്മബന്ധം ഏറി വരുമ്പോഴാണ് രേഷ്മയും രോഗത്തിന്റെ പിടിയിലായത്. രോഗ വിവരം അറിഞ്ഞയുടന്‍ തന്നെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഫോണില്‍ വിളിച്ച് ധൈര്യം പകര്‍ന്നു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, ആര്‍എംഒ ഡോ. ആര്.പി. രഞ്ജിന്, നഴ്സിങ് സൂപ്രണ്ട് പ്രസന്നകുമാരി, സഹപ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളുമായ സൗമ്യ. എസ.്.കെ., കൃഷ്ണപ്രീതി എന്നിവരും ധൈര്യം പകര്‍ന്നു.
രോഗബാധിതയായി കഴിയുമ്പോള്‍ രേഷ്മ ഫേസ് ബുക്കില്‍ കുറിച്ച വാക്കുകള്‍ മഹാമാരിക്കെതിരെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതയായിരുന്നു. ‘വിളിക്കാതെ വന്ന കൂട്ടുകാരാ നിന്നെ കലണ്ടറില്‍ ഒരുവാരം കഴിയും മുമ്പ് മലര്‍ത്തി ഞാനുംമുറി വിടും… നിന്നോടുള്ള സഹതാപം കൊണ്ട് പറയുവാ… നീയും നിന്റെ കൂട്ടാളികളും അധികം ഇവിടെ കറങ്ങാന്‍ നില്‍ക്കണ്ട. നിനക്കറിയില്ല ഭാരതത്തിന്റെ സംസ്കാരത്തെയും ആരോഗ്യ പ്രവര്‍ത്തകരെയും. അവര്‍ നിന്നെ എന്നന്നേക്കുമായി ഉറക്കും’. കടുത്തുരുത്തി പാഴാത്തുരുത്ത് കരിമ്പനതൊട്ടിയില് മോഹന്‍ദാസിന്റെയും രമയുടെയും മകളാണ് രേഷ്മ. ഭര്‍ത്താവ് ഉണ്ണികൃഷ്ണന് ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനാണ്.
പി.സി. രാജേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: