അരിമ്പൂര്‍: ചാലാടി പഴംകോളിലെ 700 ഏക്കര്‍ കൃഷി വെള്ളത്തില്‍. അപ്രതീക്ഷിതമായി എത്തിയ വേനല്‍ മഴയും കൊയ്ത്തുമെതി യന്ത്രം എത്താതിരുന്നതുമാണ് കര്‍ഷകരെ ദുരിതത്തിലാക്കിയത്. അതേസമയം പാടശേഖര സമിതിയുടെ അനാസ്ഥ മൂലമാണ് കൊയ്ത്ത് യന്ത്രം എത്താതിരുന്നതെന്ന് കര്‍ഷകര്‍ ആരോപിച്ചു. എഴുന്നൂറ് ഏക്കറോളം വരുന്ന ചാലാടി – പഴംകോള് പടവുകളില്‍ ഉമ വിത്താണ് വിതച്ചിരിക്കുന്നത്.
120 ദിവസത്തെ മൂപ്പില്‍ കൊയ്യാമെന്നിരിക്കെ 150 ദിവസം പിന്നിട്ടിട്ടും കൊയ്ത്തുമെതി യന്ത്രം എത്തിക്കുന്നതില്‍ പടവ് കമ്മറ്റി അലംഭാവം കാണിച്ചു. കൊയ്ത്തുമെതി യന്ത്രത്തിന് കരാര്‍ നല്‍കിയെങ്കിലും കരാറെടുത്തവര്‍ സമയത്തിന് എത്തിച്ച് നല്‍കാത്തതാണ് കൊയ്ത്തു മുടങ്ങാന്‍ കാരണമെന്നാണ് പടവ് കമ്മറ്റി പറയുന്നത്.
എന്നാല്‍ കരാര്‍ കൊടുത്തതിന്റെ കോപ്പി തെളിവായി കാണണമെന്ന കര്‍ഷകരുടെ ആവശ്യവും പടവ് കമ്മറ്റിക്കാര് തള്ളിക്കളഞ്ഞു.ഇതിനിടെ കൊയ്ത്ത് കഴിയും മുമ്പേ ചാലാടി കോള്‍പ്പടവില്‍ താറാവിനെ ഇറക്കിയതിന് കരാര്‍ കൊടുത്തത് സംബന്ധിച്ചും പടവ് കമ്മറ്റിയ്ക്കെതിരെ ആരോപണം ഉയരുന്നുണ്ട്. താറാവുകളെ പാടത്തിറക്കും മുന്‍പ് ടെണ്ടര്‍ വിളിക്കേണ്ടതാണ്. കര്‍ഷകര്‍ അറിയാതെ നടത്തിയ ഈ ഇടപാടിന് പടവ് കമ്മറ്റി ഉത്തരം പറയണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: