ഭഗവാന്റെ മല്‍സ്യാവതാര കഥയ്ക്കിടയില്‍ വൈവസ്വതനായ സത്യവ്രതനെക്കുറിച്ച് നമുക്ക് ചില പാഠങ്ങള്‍ ലഭിച്ചു. പുരാണങ്ങളില്‍ പല സത്യവ്രതന്മാരേയും നാം പരിചയപ്പെട്ടിട്ടുണ്ട്.
അത്തരത്തില്‍ ഒരു സത്യവ്രതനാണ് സൂര്യവംശരാജാവായിരുന്ന അരുണന്റെ പുത്രന് സത്യവ്രതന്. പേരു പോലെ, തികഞ്ഞ സത്യവ്രതനായിരുന്നു അദ്ദേഹം. ചെറുപ്പകാലത്തെ ചില ചെയ്തികളുടെ പേരില്‍ വസിഷ്ഠോപദേശത്താല് അദ്ദേഹത്തെ അരുണ മഹാരാജന് കൊട്ടാരത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ ദേവീ മന്ത്രോപാസന കൊണ്ട് അനുഗ്രഹം നേടിയ അദ്ദേഹത്തെ മഹാരാജന് കൊട്ടാരത്തിലേക്ക് തിരിച്ചു വിളിച്ചു. വസിഷ്ഠ ശാപത്താല്‍ ത്രിശങ്കു എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
ത്രിശങ്കുവിന്റെ സത്യനിഷ്ഠ അക്കാലത്ത് പലരും അവഗണിക്കുകയായിരുന്നു. എന്നാല്‍ അതൊന്നും ത്രിശങ്കുവിന്റെ സത്യപ്രകൃതത്തില് മാറ്റമുണ്ടാക്കിയില്ല. എന്നാല്‍ ത്രിശങ്കുവിന്റെ പുത്രന് ഹരിശ്ചന്ദ്രന് സത്യനിഷ്ഠയുടെ രണ്ടു ഫലങ്ങളും കണ്ടറിഞ്ഞവനാണ്. അച്ഛന് അങ്ങേയറ്റം സത്യനിഷ്ഠനും മനുഷ്യസ്നേഹിയുമായിരുന്നിട്ടും ഒട്ടേറെ ദുരിതങ്ങള്‍ അനുഭവിച്ചു. ഇതു കണ്ടറിഞ്ഞ ഹരിശ്ചന്ദ്രന് ആദ്യകാലങ്ങളില്‍ സത്യത്തിന് വളരെ പ്രാധാന്യമൊന്നും കൊടുത്തിരുന്നില്ല.
ഹരിശ്ചന്ദ്രന് വിവാഹിതനായി കാലങ്ങളേറെ കഴിഞ്ഞിട്ടും സന്താനങ്ങളുണ്ടായില്ല. ഇതിനു പരിഹാരമായി നാരദന് വരുണസേവ ഉപദേശിച്ചു. മഹാരാജന് വരുണനെ തപസ്സു ചെയ്തു. പുത്രപ്രാപ്തിക്കായി പ്രാര്‍ഥിച്ചു. ഈ പ്രാര്‍ഥനയ്ക്കിടയില്‍ ഹരിശ്ചന്ദ്രന് ഒരു അവിവേകവും കൂടി കാട്ടി. വരുണദേവാനുഗ്രഹത്താല് പുത്രനുണ്ടായാല്‍ അവനെത്തന്നെ ഞാന്‍ വരുണഭഗവാന്‍ ബലി നല്കിക്കൊള്ളാം എന്നാണ് ഹരിശ്ചന്ദ്രന് സങ്കല്പം ചെയ്തത്. ‘തേനൈവത്വാം യജേ’ എന്ന വാക്കില്‍ ഒളിഞ്ഞിരിക്കുന്ന അപകടം ഹരിശ്ചന്ദ്രനെ പിന്തുടര്ന്നു.
വരുണാനുഗ്രഹത്താല്‍ ഹരിശ്ചന്ദ്രന് ഒരു പുത്രനുണ്ടായി. വാഗ്ദാനമനുസരിച്ച് ഹരിശ്ചന്ദ്രന് അവനെ വരുണന് ബലി കൊടുക്കണം. എന്നാല്‍ പുത്രനോടുള്ള കഠിനമായ സ്നേഹബന്ധത്താല്‍ ആ വാക്കിനെ മറക്കാനാണ് ഹരിശ്ചന്ദ്രന് താല്പര്യം. അതിനുള്ള മറുമരുന്നുകളുടെ അന്വേഷണത്തിലായിരുന്നു ഹരിശ്ചന്ദ്രന്. പക്ഷേ വരുണന് ആ വാക്കു മറന്നിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: