കൊല്ലം: ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് പരമ്പരാഗത മത്സ്യബന്ധനത്തിന് അനുമതി നല്കിയ ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ നടപടി വിവാദത്തിലേക്ക്. ഈ അനുമതി പ്രത്യേക മതവിഭാഗത്തെ മാത്രം ലക്ഷ്യമിട്ടാണെന്ന ആക്ഷേപമാണ് ശക്തമായിരിക്കുന്നത്.
നിലവില്‍ മന്ത്രിയുടെ ഉത്തരവ് നീണ്ടകര മുതല്‍ തെക്കോട്ട് പൂവാര്‍ വരെയുള്ള തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്കു മാത്രം ഗുണം ചെയ്യുന്നതാണ്. ഇവിടങ്ങളില്‍ ചെറിയ എന്ജിന് ഘടിപ്പിച്ച് ഫൈബര്‍ വള്ളങ്ങളില്‍ അഞ്ചില്‍ കൂടാതെ തൊഴിലാളികളെ ഉള്‍പ്പെടുത്തി മത്സ്യബന്ധനത്തിനു പോകാനാണ് അനുമതി നല്‍കിയിരിക്കുന്നത്. മന്ത്രിയുടെ ഈ നിര്‍ദ്ദേശം പ്രദേശത്തെ ഭൂരിപക്ഷമായ പ്രത്യേക മതവിഭാഗത്തിനു മാത്രമേ പ്രയോജനപ്പെടുകയുള്ളൂവെന്ന് കൊല്ലത്തെ ഒരുവിഭാഗം മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.
നീണ്ടകര നിന്ന് വടക്കോട്ട് മുപ്പതിലധികം പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് വലിയ ഇന്കോഡ് (അകത്ത് എന്ജിന് ഘടിപ്പിച്ച്) വള്ളങ്ങളില്‍ ഒരുമിച്ചു മത്സ്യബന്ധനത്തിന് പോകുന്നത്. ഇവയ്ക്ക് കോവിഡ് വ്യാപനം കാരണം രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട ലോക് ഡൗണിന്റെ അടിസ്ഥാനത്തില്‍ കടലില്‍ പോകാന്‍ അനുമതി നല്‍കിയിട്ടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ലോക് ഡൗണ്‍ നിര്‍ദേശം പൂര്‍ണമായും പാലിക്കുന്ന ഇവരുടെ സ്ഥിതിയാകട്ടെ ഏറെ പരിതാപകരമാണ്. രൂക്ഷമായ തൊഴിലില്ലായ്മയും കൊടിയ ദാരിദ്ര്യവും മൂലം നീണ്ടകര നിന്ന് വടക്കോട്ടുള്ള കടലിന്റെ മക്കള്‍ പൊറുതിമുട്ടുകയാണ്. എന്നാല്‍ ഇവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനമോ ആനുകൂല്യങ്ങളോ വേണ്ടുംവണ്ണം ലഭ്യമാക്കിയിട്ടുമില്ല. പ്രളയം കേരളത്തെ മുക്കി കൊല്ലും മുമ്പ് വള്ളങ്ങളുമായി എത്തി അനേകരുടെ ജീവന് രക്ഷിച്ച തങ്ങളോട് ഫിഷറീസ് മന്ത്രിയും സര്‍ക്കാരും കടുത്ത വിവേചനമാണ് കാണിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
നീണ്ടകര നിന്ന് തെക്കോട്ട് പൂവാര്‍ വരെ പ്രത്യേക സംഘടിത മതവിഭാഗത്തില്‍പ്പെട്ടവരുടെ നൂറുകണക്കിന് വള്ളങ്ങളാണ് മത്സ്യബന്ധനത്തിന് കൂടതലായും പോകുന്നത്. ഇവരാകട്ടെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും ലംഘിച്ചാണ് മത്സ്യബന്ധനം നടത്തുന്നതെന്നും ആക്ഷേപമുണ്ട്. ഇവര്‍ കൊണ്ടുവരുന്ന മത്സ്യം മത്സ്യഫെഡ് നേരിട്ട് വാങ്ങി വില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ മന്ത്രി നേരിട്ട് ഇടപെട്ട് മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് മത്സ്യബന്ധനത്തിനുള്ള സൗകര്യമൊരുക്കുകയോ അല്ലാത്തപക്ഷം ലോക് ഡൗണ്‍ അവസാനിക്കുന്നതുവരെ മത്സ്യബന്ധനം പൂര്‍ണമായും നിര്‍ത്തിവയ്ക്കുകയോ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
ലോക് ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട ബാര്തൊഴിലാളികള്ക്കടക്കം സംസ്ഥാനസര്‍ക്കാര്‍ വിവിധ ആനുകൂല്യങ്ങള്‍ നല്കുമ്പോഴും കേരളത്തിന്റെ സൈന്യമെന്ന് വിശേഷിപ്പിച്ച ഇവര്‍ക്ക് ഇതുവരെ ഒരു സഹായധനവും നല്‍കിയിട്ടില്ല. പട്ടിണിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് റേഷന്‍ ആനുകൂല്യങ്ങള്‍ അടക്കം അര്‍ഹമായ എല്ലാസഹായവും സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യണമെന്നാണ് നീണ്ടകര നിന്ന് വടക്കോട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മറ്റൊരു പ്രധാന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: