കണ്ണൂര്‍: രാജ്യമാകെ കൊറോണയ്ക്കെതിരെ ഐക്യദീപം തെളിച്ചപ്പോള്‍ തന്റെ വീട്ടിലെ ബള്‍ബുകള്‍ ഓഫ് ചെയ്യില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ല മുന്‍ സെക്രട്ടറി പി. ജയരാജന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് വിവാദമാകുന്നു.
പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ പിന്തുണയ്ക്കുകയും ക്ലിഫ് ഹൗസില്‍ ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് വൈദ്യുതി വിളക്കുകള്‍ അണയ്ക്കുകയും ചെയ്തപ്പോഴാണ് പി. ജയരജന്റെ വിവാദ നിലപാട്. പവര്‍ ഗ്രിഡ് തകരാതിരിക്കാന്‍ ഞായറാഴ്ച രാത്രി ഒന്‍പത് മണി മുതല്‍ 10 നിമിഷം വൈദ്യുതി ഉപയോഗം പരമാവധി വര്‍ധിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും ജയരാജന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
ജയരാജനെ അനുകൂലിച്ചും എതിര്‍ത്തും സൈബര്‍ സഖാക്കളും രംഗത്തെത്തി. ‘മുഖ്യന് ഏറ്റെടുക്കുന്നു… മുഖ്യന് കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ മുഖ്യനല്ലതാക്കിയ ഒരാള്‍ അത് നിരസിക്കുന്നു… ഇത് കണ്ട പ്രജകള്‍ ആശയക്കുഴപ്പത്തില്‍’ എന്നാണ് ഒരു പ്രതികരണം.
നിലപാട് പിണറായിയെ കൂടി ബോധ്യപ്പെടുത്തണമെന്ന നിലപാടും ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രകടിപ്പിക്കുന്നുണ്ട്.നേരത്തേ കണ്ണൂര്‍ ജില്ലയില്‍ പിണറായി വിജയന്റെ ശക്തനായ വക്താവായിരുന്നു പി. ജയരാജന്. എന്നാല്‍ പിന്നീട് ജയരാജന് പിണറായിക്ക് അനഭിമതനായി.
സ്വയം മഹത്വവല്ക്കരിക്കുന്നുവെന്ന നേതൃത്വത്തിന്റെ വിലയിരുത്തലില്‍ ജയരാജന് സംഘടനാ സംവിധാനത്തില്‍ അപ്രഖ്യാപിത വിലക്കേര്പ്പെടുത്തുകയായിയരുന്നു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയാണ് ജയരാജനെ വടകര ലോക്സഭാ മണ്ഡലത്തില്‍ മത്സരിപ്പിച്ചത്.
ദയനീയമായി പരാജയപ്പെട്ട ജയരാജനെ പിന്നീട് സംഘടനാ ചുമതലയിലേക്ക് കൊണ്ടുവന്നില്ല. കണ്ണൂരില്‍ പ്രവാസി വ്യവസായി സാജന് പാറയിലിന്റെ ആത്മഹത്യയിലുള്പ്പെടെ പാര്‍ട്ടി നേതൃത്വവുമായി ഏറ്റുമുട്ടിയ ജയരാജന് ഇപ്പോള്‍ പിണറായിയുടെ നിലപാടിനെ പാടേ തള്ളിക്കൊണ്ടുള്ള നിലപാട് സ്വീകരിച്ചത് സിപിഎമ്മില്‍ വീണ്ടും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: