Categories: Kerala

നിയമം നടപ്പാക്കേണ്ടത് കേന്ദ്രം: കേരളത്തിന്റെ സത്യവാങ്മൂലം നിയമസഭാ പ്രമേയത്തിനെതിര്

കൊച്ചി: പാര്‍ലമെന്റ് പാസാക്കിയ നിയമം സംസ്ഥാനങ്ങള്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് പിണറായി സര്‍ക്കാര്‍ സുപ്രീം  കോടതിയില്‍. കര്‍ണാടകം അതിര്‍ത്തി അടച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഇന്നലെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ നിലപാട്. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരേ (സിഎഎ) നിയമസഭാ പ്രമേയം പാസാക്കിയ സര്‍ക്കാരിന്റെ ഈ നിലപാട് ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നതായി.  

സംസ്ഥാന നിയമവകുപ്പിലെ ജോയിന്റ് സെക്രട്ടറി എന്‍. ജീവന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിശദീകരണം. കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തിയില്‍ കേരള വാഹനങ്ങള്‍ക്കു വഴി തടഞ്ഞുവെന്നും ഇക്കാര്യത്തില്‍ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണെന്നും കുറ്റപ്പെടുത്തുന്ന സത്യവാങ്മൂലത്തില്‍ 43 ഇനങ്ങളിലാണ് വിശദീകരണം. അതില്‍ നാല്‍പ്പതാം  ഖണ്ഡികയിലാണ് നിയമസഭയില്‍ സ്വന്തം സര്‍ക്കാര്‍ പാസാക്കിയ പ്രമേയത്തിന്റെ സാധുതയില്ലയ്മയും നടപടി വൈകല്യവും സമ്മതിച്ചുകൊണ്ടുള്ള സത്യപ്രസ്താവന. 25 പേജാണ് സത്യവാങ്മൂലം.

‘ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കൊണ്ടുവന്നത് കേന്ദ്ര സര്‍ക്കാരാണ്. ഈ ആക്ട് പ്രകാരം അതിര്‍ത്തികള്‍ കടന്ന് മരുന്നുകൊണ്ടുപോകാനും ചികിത്സാവശ്യങ്ങള്‍ക്കു പോകാനും അനുമതിയുണ്ട്, വിലക്കാന്‍ പാടില്ല. പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ സംസ്ഥാനങ്ങള്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. സര്‍വോപരി വഴി തടയുന്നത് മൗലികാവകാശ ലംഘനമാണ്. അത് വിലക്കിക്കൂടാ,’ എന്നാണ് സത്യവാങ്മൂലത്തിലെ വാദം. ഈ വാദം ഉയര്‍ത്തുന്നവരാണ്, കേന്ദ്ര മന്ത്രിസഭയും പാര്‍ലമെന്റും പാസാക്കി, രാഷ്‌ട്രപതി ഒപ്പുവെച്ച നിയമം നടപ്പാക്കില്ലെന്നും സംസ്ഥാനത്തിന് ബാധകമാകില്ലെന്നും പ്രമേയം പാസാക്കിയതും ജനങ്ങളെ തെരുവിലിറക്കി വഴി തടഞ്ഞതും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക