തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ അംഗസംഖ്യ വർദ്ധിക്കുന്നത് സംസ്ഥാനത്ത് ആശങ്കയുയർത്തുന്നു. ലഭ്യമായ വിവരം അനുസരിച്ച് പതിനെട്ട് പേരാണ് ഇതിനകം മരിച്ചത്. രോഗ ബാധിതരെ സംബന്ധിച്ച് വിദേശത്ത് നിന്നും പൂർണ്ണമായും വിവരങ്ങൾ ലഭിക്കാത്തത് വിദേശ രാജ്യങ്ങളിലുള്ളവരുടെ ബന്ധുക്കളെ കുഴക്കുന്നു.
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മരണം, 7 പേർ. കൊട്ടരക്കര സ്വദേശി ഉമ്മൻ കുര്യൻ, പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസ്, ചെങ്ങന്നൂർ സ്വദേശിനി ശിൽപ നായർ, ജോസഫ് തോമസ്, തിരുവല്ല സ്വദേശി ഷോൺ എസ്. എബ്രഹാംതൊടുപുഴ സ്വദേശി തങ്കച്ചൻ ഇഞ്ചനാട്, പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് എന്നിവരാണ് അമേരിക്കയിൽ കോവിഡ് 19 ബാധിച്ച് മരിച്ചത്.
യുഎഇയിൽ ആലഞ്ചേരി കൊളത്തായി സ്വദേശി ഹാരിസും തൃശൂർ കയ്‌പമംഗലം സ്വദേശി പരീതും അയർലണ്ടിൽ കോട്ടയം കുറുപ്പുന്തറ സ്വദേശി ബീന ജോർജും മരിച്ചു. യുകെയിൽ കൊല്ലം സ്വദേശി ഇന്ദിര, കണ്ണൂർ ഇരിട്ടി സ്വദേശി സിന്റോ ജോർജ്, എറണാകുളം രാമമംഗലം സ്വദേശി കുഞ്ഞമ്മ സാമുവൽ, മലപ്പുറം പെരുന്തൽമണ്ണ സ്വദേശി ഹംസയുമാണ് മരിച്ചത്. സൗദിയിൽ മരിച്ചത് മലപ്പുറം തിരുരങ്ങാടി സ്വദേശി സഫ്വാൻ, പാനൂർ സ്വദേശി ഷബാനാസ്, കോട്ടയം സ്വദേശി ജോസഫ് കെ തോമസും. വിദേശ രാജ്യങ്ങളിലെ കൂടാതെ മുംബൈയിൽ കണ്ണൂർ കതിരൂർ സ്വദേശി അശോകനും മരിച്ചു.
അമേരിക്കയിൽ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ ആശുപത്രയിൽ മതിയായ ചികിത്സാ സൗകര്യങ്ങൾ സ്വദേശികൾക്കും വിദേശികൾക്കും ലഭ്യമാക്കാൻ ഭരണകൂടത്തിന് സാധിക്കുന്നില്ല. വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുന്നതിനാൽ സ്വദേശത്തേക്ക് മടങ്ങാനും കഴിയുന്നില്ല. ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന രാജ്യമായ സൗദിയിൽ രോഗ ബാധിതരുടെ കണക്കുകൾ പൂർണ്ണമായും പുറത്ത് വിടുന്നില്ലെന്നാണ് വിവരം.
കർഫ്യൂ നില നിൽക്കുന്നതിനാൽ പുറത്തിറങ്ങുന്നവർക്ക് കനത്ത പിഴയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇല്ലെങ്കിൽ ജയിൽ വാസം അനുഭവിക്കണം. അതിനാൽ സുഹൃത്തുക്കൾക്ക് അസുഖം ബാധിച്ചാലും വിവരങ്ങൾ തിരക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇവിടെ വൈറസ് ബാധിച്ച മറ്റ് രാജ്യങ്ങളിലുള്ളവരെ ചികിത്സിക്കുന്ന ആശുപത്രികളെ സംബന്ധിച്ചും വ്യക്തമായ വിവരം നൽകുന്നില്ല. രാജ്യങ്ങളിൽ ഷട്ട്ഡൗണും കർഫ്യൂവും നിലനിൽക്കുന്നതിനാൽ മലയാളി സംഘടനകളും ബുദ്ധിമുട്ടുന്നുണ്ട്. അതിനാൽ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമെന്ന വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കാനും സാധിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: