കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജലീബ് അല്‍ ഷുവൈഖ്, മഹബുള്ള എന്നീ പ്രദേശങ്ങളില്‍ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്കാണ് ലോക്ക് ഡൗൺ. രാജ്യത്ത് നിലനില്‍ക്കുന്ന ഭാഗിക കർഫ്യൂ സമയം വൈകീട്ട് 5 മണി മുതൽ രാവിലെ 6 മണിവരെയായ് ദീര്‍ഘിപ്പിക്കുവാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
നിലവിലുള്ള കർഫ്യു സമയം വെകുന്നേരം 5 മണി മുതൽ രാവിലെ 4 മണി വരെയും പൊതു അവധി ഏപ്രിൽ 12 വരെയും ആയിരുന്നു.
വൈറസ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കുന്നതിനെ കുറിച്ചും, നിരോധനാജ്ഞ നടപ്പാക്കുന്നതിനെ കുറിച്ചും മന്ത്രിസഭ ചര്‍ച്ച ചെയ്തു.
അതേസമയം പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി നിയമ ലംഘകർ രാജ്യം വിട്ടു പോകുന്നതിന് തയ്യാറാകണമെന്ന് കുവൈത്ത് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അൽ സലേഹ് ആവശ്യപ്പെട്ടു. പൊതുമാപ്പ് രെജിസ്ട്രേഷന് ഇന്ത്യക്കാർക്ക് ആഭ്യന്തര മന്ത്രാലയം അനുവദിച്ചിട്ടുള്ള സമയം ഏപ്രിൽ 11 മുതൽ 15വരെയാണ്. ഇത് സംബന്ധിച്ച നിർദേശങ്ങൾ ഇന്ത്യൻ എംബസിയും നൽകിയിട്ടുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് സഹായവുമായി കുവൈറ്റിലെ വിവിധ സംഘടനകളാണ് പ്രവര്‍ത്തന രംഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: