തിരുവനന്തപുരം: കൊറോണക്കാലത്ത് സൗജന്യ റേഷന്‍ വാങ്ങാന്‍ കടയിലേക്ക് പോയ ചലച്ചിത്രനടന്‍ മണിയന്‍പിള്ള രാജു വാര്‍ത്തയില്‍ ഇടം തേടി. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഭക്ഷ്യധാന്യകിറ്റ് അര്‍ഹരായ പാവങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയാകുയാണ് പ്രിയ നടന്.
കോവിഡ മൂലം ഷൂട്ടിങ് മുടങ്ങി വീട്ടിനുള്ളില്‍ ഇരിക്കുമ്പോഴാണു സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വിതരണം തുടങ്ങുന്നത്. ഭാര്യയുടെ പേരിലുള്ള കാര്‍ഡുമായി റേഷന്‍ വാങ്ങാനായി മകന് നിരഞ്ജനുമൊപ്പം ഇറങ്ങി.
റേഷന്‍ കടയിലേക്കു നടന്നു പോകുമ്പോള്‍ എതിരെ വന്നയാള്‍ ചോദിച്ചു ‘എങ്ങോട്ടാ?’ റേഷന്‍ വാങ്ങാനെന്നു പറഞ്ഞപ്പോള്‍ ”സാറിനൊക്കെ നാണമില്ലേ റേഷനരി വാങ്ങാന്‍” എന്നായിരുന്നു പ്രതികരണം.
‘ എനിക്കൊരു നാണക്കേടുമില്ല… ഇതൊക്കെ നാണക്കേടാണെങ്കില്‍ ഈ നാണക്കേടിലൂടെയാണു ഞാന്‍ ഇവിടെ വരെ എത്തിയതെന്ന്’ രാജു മറുപടി നല്കി. റേഷന്‍ ഭക്ഷ്യധാന്യം വാങ്ങിയതിനെക്കുറിച്ചും ഭക്ഷ്യധാന്യത്തിന്റെ ഗുണമേന്മയെക്കുറിച്ചും മണിയന്‍പിള്ള രാജു അഭിപ്രായപ്പെട്ടത് ഏറെ ശ്രദ്ധനേടിയിരുന്നു.ഇത്രയും ഗുണനിലവാരമുള്ള അരിയാണ് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നതെന്ന് വാങ്ങിയപ്പോഴാണ് മനസിലായതെന്നും സര്‍ക്കാര്‍ നമുക്കായി ഒരുക്കിത്തരുന്ന ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.ഇത് കേട്ടറിഞ്ഞ് ഒട്ടേറെപ്പേര്‍ റേഷന്‍ സൗകര്യം ഉപയോഗപ്പെടുത്തി.
അഭിപ്രായ പ്രകടനത്തിന് നന്ദി പറയാനാണ് ഭക്ഷ്യപൊതുവിതരണമന്ത്രി പി. തിലോത്തമന് ജവഹര്‍ നഗറിലുള്ള രാജുവിന്റെ വീട്ടിലെത്തിയത്്. റേഷന്‍ ഭക്ഷ്യധാന്യം വാങ്ങിയശേഷം മണിയന്‍പിള്ള രാജു നടത്തിയ അഭിപ്രായപ്രകടനം കേരളത്തിലെ മുഴുവന്‍ ജനങ്ങളിലേക്കും എത്തിയതായി ഭക്ഷ്യപൊതുവിതരണമന്ത്രി പി. തിലോത്തമന് പറഞ്ഞു.
ഏറ്റവും ഗുണമേന്മയുള്ള അരിയാണ് റേഷന്‍ കടകളിലൂടെ ലഭിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കേരളത്തിലെ പൊതുവിതരണ സമ്പ്രദായം നല്ലരീതിയില്‍ ജനങ്ങളിലെത്തുന്നുവെന്നതിന്റെ ഉദാഹരണമാണ് ഈ അഭിപ്രായം. ഇതിനകം 72 ശതമാനത്തിലേറെപ്പേര്‍ റേഷന്‍ ധാന്യം വാങ്ങിക്കഴിഞ്ഞു. മന്ത്രി പി. തിലോത്തമന് പറഞ്ഞു
തന്റെ കുടുംബത്തിന് ലഭിക്കേണ്ടിയിരുന്ന സ്പെഷ്യല്‍ ഭക്ഷ്യധാന്യകിറ്റ് അര്‍ഹര്‍ക്ക് നല്‍കാനായി ഓണ്‍ലൈനായി സമ്മതപത്രം രാജു നല്കി്. അര്‍ഹനായ ഒരാള്‍ക്ക് തന്റെ സംഭാവന സഹായകമാകുമെങ്കില്‍ അതിലാണ് സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു.
സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റില്‍ ‘ഡൊണേറ്റ് മൈ കിറ്റ്’ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കാര്‍ഡ് നമ്പര്‍ നല്കിയാല് ലഭിക്കുന്ന ഒ.ടി.പി എന്റര്‍ ചെയ്താല്‍ ലളിതമായി കിറ്റ് സംഭാവന ചെയ്യാനാകും.
റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമേ, 16 ഇനം ഭക്ഷ്യസാമഗ്രികള്‍ ഉള്‍പ്പെടുന്ന കിറ്റാണ് റേഷന്‍ കടകളിലൂടെ സര്‍ക്കാര്‍ വിതരണം ചെയ്യാന്‍ തയാറെടുക്കുന്നത്. കിറ്റ് ആവശ്യമില്ലാത്ത സാമ്പത്തികശേഷിയുള്ളവര്‍ക്ക് ഇത് അര്‍ഹരായവര്‍ക്ക് ദാനം ചെയ്യാനുള്ള സൗകര്യമാണ് ഓണ്‍ലൈനായി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
ഭാര്യ ഇന്ദിര രാജുവിന്റെ പേരിലുള്ള റേഷന്‍ കാര്‍ഡിന്റെ വിഹിതമാണ് അദ്ദേഹത്തിന്റെ കുടുംബം തിരികെ നല്‍കിയത്. സാമ്പത്തികശേഷിയുള്ളവര്‍ക്ക് പാവങ്ങള്‍ക്കായി ഇങ്ങനെ ചെയ്യാവുന്നതാണെന്നും രാജു പറഞ്ഞു.. കൂടുതല്‍ അര്‍ഹതയുള്ളവര്‍ക്കായി കിറ്റ് ദാനം ചെയ്ത മാതൃകാപരമായ നടപടിയെയും മന്ത്രി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: