ആഡംബരങ്ങള്‍ ഒട്ടുമില്ല. സംഗീതത്തിലെ അഗാധ പാണ്ഡിത്യത്തില്‍ അഹങ്കാരം തെല്ലുമില്ല. ആദ്യം കാണുന്ന കൊച്ചുകുട്ടിയോടു പോലും വിനയത്തോടെയും സ്നേഹത്തോടെയും സംസാരിക്കുന്ന പ്രകൃതം. ഒന്നിനുവേണ്ടിയും ആരുടെപുറകെയും പോയില്ല. അതായിരുന്നു മലയാളിക്ക് പ്രിയങ്കരനായ അര്ജ്ജുനന് മാസ്റ്റര്‍. അദ്ദേഹം ഈണമിട്ട പാട്ടുകള്‍ അരനൂറ്റാണ്ടിലേറെയായി തലമുറകള്‍ കൈമാറി മലയാളി ഏറ്റുപാടുന്നു. ഇപ്പോള്‍ അര്‍ജ്ജുന സംഗീതം ബാക്കിയാക്കി ആ മഹാപ്രതിഭ അരങ്ങൊഴിയുമ്പോള്‍ ആ സംഗീതം പ്രതിധ്വനിച്ചുകൊണ്ടേയിരിക്കുന്നു…..
കസ്തൂരി മണക്കുന്നല്ലോ കാറ്റേ.., വാല്‍ക്കണ്ണെഴുതി…, യദുകുല രതിദേവനെവിടെ…, സീമന്തരേഖയില്‍…, നീല നിശീഥിനീ…., ചന്ദ്രക്കല മാനത്ത്…, പാലരുവിക്കരയില്‍…., രവിവര്‍മ്മ ചിത്രത്തിന്…., അനുരാഗമേ…., സുഖമൊരു ബിന്ദു…, അജന്താ ശില്പങ്ങളില്….., ദുഃഖമേ നിനക്കു…, തളിര്‍വലയോ താമരവലയോ…, കുയിലിന്റെ മണിനാദം കേട്ടു…., മല്ലികപ്പൂവിന് മധുരഗന്ധം…., തിരുവോണ പുലരിതന്‍… തുടങ്ങി എത്രയെത്ര മധുരഗാനങ്ങള്‍…
നാടകങ്ങള്‍ക്ക് പാട്ട് ചിട്ടപ്പെടുത്തിക്കൊണ്ടാണ് കൊച്ചി പള്ളുരുത്തിക്കാരന്‍ എം.കെ.അര്ജ്ജുനന് സംഗീതലോകത്തെത്തുന്നത്. മുഴുപ്പട്ടിണിയില്‍ നിന്ന് രക്ഷനേടാനായിരുന്നു അത്. കൊടിയ ദാരിദ്ര്യത്തിന്റെ ചിറകിലേറിയായിരുന്നു കുട്ടിക്കാലത്തെ ജീവിതം. അപ്പോഴും സംഗീതത്തോടുള്ള ഭ്രമം കൈവിടാനായില്ല. 1958 ല്‍ തമ്മിലടിച്ച തമ്പുരാക്കള് എന്ന നാടകത്തിന് പാട്ടുകള്‍ ചിട്ടപ്പെടുത്തിക്കൊണ്ടാണ് അര്‍ജുനന്‍മാസ്റ്റര്‍ സംഗീത സംവിധായകനാകുന്നത്. 300 ഓളം നാടകങ്ങള്‍ക്കായി 800 ലധികം പാട്ടുകള്‍ ചിട്ടപ്പെടുത്തി.
നാടകഗാനങ്ങള്‍ക്ക് ജനകീയതയും അംഗീകാരവും കൈവന്നത് അര്ജുനന് മാഷിലൂടെയാണെന്നു പറയുന്നതില്‍ തെറ്റില്ല. എം.കെ. അര്‍ജുനനും ദേവരാജനും മലയാള നാടകവേദിയെ സംഗീതം കൊണ്ട് സമ്പന്നമാക്കിയവരാണ്. ദേവരാജന്‍ മാസ്റ്ററുടെ ഹാര്‍മോണിസ്റ്റായിട്ടാണ് അര്‍ജുനന്‍മാസ്റ്റര്‍ കാളിദാസ കലാകേന്ദ്രത്തില്‍ ആദ്യമെത്തുന്നത്. ആ ബന്ധമാണ് സംഗീത സംവിധായകന് എന്ന നിലയിലേക്കെത്തിച്ചത്. വയലാറും ഒഎന്‍വിയും കുറിച്ച വരികള്‍ക്ക് ഈണത്തിന്റെ സൗന്ദര്യം നല്കി ദേവരാജനും അര്‍ജുനനും ജനങ്ങള്‍ക്കു നല്കി. നാടകരംഗത്താണ് അര്‍ജുനന്‍മാസ്റ്റര്‍ തന്റെ സംഗീതസംഭാവന ഏറ്റവും കൂടുതല്‍ നല്‍കിയത്. സിനിമയുടെ തിരക്കുകളില്‍ സജീവമായപ്പോഴും നാടകത്തെ വിട്ടുകളയാന്‍ അദ്ദേഹം തയ്യാറായില്ല. തിരക്കുകള്‍ ഏറിയപ്പോഴും ഒറ്റവര്‍ഷവും നാടകത്തിനുവേണ്ടി പാട്ടു ചിട്ടപ്പെടുത്താതിരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.
കെപിഎസി, ആറ്റിങ്ങല്‍ ദേശാഭിമാനി, ചങ്ങനാശേരി ഗീഥാ, ആലപ്പി തീയറ്റേഴ്സ്, സൂര്യസോമ, കാളിദാസകലാകേന്ദ്രം തുടങ്ങി നിരവധി നാടകവേദികള്‍ക്കായി അര്‍ജുനന്‍മാസ്റ്റര്‍ ഈണങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഒരു കാലഘട്ടത്തിന്റെ പാട്ട് അര്‍ജുന സംഗീതത്തിലൂടെയായിരുന്നു. 1968 ല്‍ കറുത്ത പൗര്‍ണമി എന്ന ചലച്ചിത്രത്തിന് പാട്ടു ചിട്ടപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം ചലച്ചിത്ര ലോകത്തെത്തുന്നത്. അക്കാലത്ത് സിനിമാസംഗീതത്തില്‍ പ്രതിഭകളുടെ തിളക്കം നിറഞ്ഞു നില്ക്കുന്ന സമയമായിരുന്നു. രാഘവനും ദേവരാജനും ബാബുരാജുമൊക്കെ ഈണങ്ങള്‍ കൊണ്ട് മാന്ത്രികത സൃഷ്ടിച്ച കാലം.
അവരുടെ ഇടയിലും അര്ജുനന് തന്റേതായ ശൈലിയും കഴിവും തെളിയിച്ചു. ആര്‍ക്കും മാറ്റി നിര്‍ത്താനാകാത്ത ഈണങ്ങളുടെ ചക്രവര്‍ത്തിയായി. കറുത്ത പൗര്‍ണമിയിലെ ആദ്യഗാനം മൗനത്തിന് മുറ്റത്ത് മഴവില്ലാല്‍ അഴകെട്ടും… മുതല്‍ അദ്ദേഹം സൃഷ്ടിച്ചത് ഈണങ്ങളുടെ മാധുര്യമായിരുന്നു. മലയാള ചലച്ചിത്ര ഗാനശാഖയില്‍ വേറിട്ടൊരു വഴി തുറന്നിടാന്‍ കറുത്ത പൗര്‍ണമിയിലെ പാട്ട് കാരണമായി. ചില സിനിമകള്‍ ഹിറ്റായതുപോലും അര്‍ജുനസംഗീതത്തിന്റെ ശക്തിയാലാണ്. ഓരോ ഗാനവും മലയാളി ഹൃദയത്തില്‍ സൂക്ഷിച്ചുവച്ചു. ഇടയ്ക്കിടയ്ക്ക്, ആഘോഷങ്ങളില്‍, സന്തോഷ രാവുകളില്‍, വിഷാദംമുറ്റുന്ന നിശബ്ദതയില്‍…എല്ലാത്തിനും മരുന്നായി അദ്ദേഹത്തിന്റെ ഈണങ്ങള്‍ മൂളിനടന്നു. 1979 ല്‍ മാത്രം 23 ചിത്രങ്ങള്‍ക്ക് മാസ്റ്റര്‍ പാട്ടൊരുക്കി. ദേവരാജന്‍ മാസ്റ്റര്‍ ചെയ്യുന്ന പാട്ടുകളാണ് എം.കെ. അര്‍ജുനന്റെ ഗാനങ്ങള്‍ എന്ന കുപ്രചാരണം ആദ്യകാലത്ത് മാസ്റ്റര്‍ നേരിട്ടിരുന്നു. പി. ഭാസ്കരന്റെ ഗാനങ്ങള്‍ സംഗീതംചെയ്യാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ല എന്ന നിലപാട് എടുത്ത നിര്‍മാതാക്കളും സംവിധായകരും ഉണ്ടായിരുന്നു.
പി. ഭാസ്കരന് മാസ്റ്ററെക്കാള്‍ ഉറച്ച നിലപാടുകളുള്ള ശ്രീകുമാരന്‍ തമ്പിയാണ് ശരിക്കും എം.കെ. അര്ജുനന് എന്ന സംഗീതപ്രതിഭയെ അകമഴിഞ്ഞ് അറിഞ്ഞതും ഒപ്പം നിന്നതും. ശ്രീകുമാരന്‍ തമ്പിയും ദേവരാജനും തമ്മിലുണ്ടായ സൗന്ദര്യപ്പിണക്കവും മാസ്റ്റര്‍ക്ക് സഹായകമായി. അക്കാലത്ത് സിനിമാരംഗത്തെ ചില കോക്കസുകളും ‘അഭിജാതസംഘവും’ പൊളിച്ചടുക്കുന്നതില്‍ ശ്രീകുമാരന്‍ തമ്പിയെന്ന കവിയും സിനിമാക്കാരനും ചരിത്രപരമായ കടമകള്‍ നിര്‍വഹിച്ചു. മാസ്റ്റര്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ക്ക് സംഗീതം പകര്‍ന്നത് ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്കാണ്. എല്ലാം സൂപ്പര്‍ഹിറ്റ് പാട്ടുകള്‍. ആ കൂട്ടുകെട്ട് മലയാളസിനിമ സംഗീതത്തിന്റെ സാന്ദ്രമായൊരു പാട്ടൊഴുക്ക് കാലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. 1969ല്‍ റസ്റ്റ്ഹൗസ് എന്ന ചിത്രത്തിലൂടെ ആരംഭിച്ച പ്രതിഭാവിളയാട്ടം 2017 ല്‍ ജയരാജിന്റെ ‘ഭയാനകം’ എന്ന ചിത്രത്തില്‍ വരെ എത്തിനില്‍ക്കുന്നു. ഭയാനകത്തിലെ പാട്ടിനാണ് കാലമിത്രയോ വൈകി അര്‍ജുന സംഗീതത്തെ തേടി പുരസ്കാരമെത്തിയത്. അങ്കച്ചേകവ•ാരുടെ കഥ പറഞ്ഞ സിനിമയില്‍ വടക്കന്‍പാട്ട് നാടോടി മൊഴിയായിരുന്നു സംഗീതപ്രമേയം. ജയരാജിന്റെ നവരസ പരമ്പരയിലെ ഒടുവിലത്തെ ചിത്രമാണ് ഭായനകം.
ഒരിക്കല്‍ ഒരു തീവണ്ടിയാത്രയില്‍ മാസ്റ്ററെ മുന്നില്‍ കണ്ടു. രണ്ടാം ക്ലാസിലെ ചൂടും സഹിച്ച് ഒട്ടും ജാഡകളില്ലാതെ എല്ലാവരോടും പുഞ്ചിരിച്ച്. മുമ്പൊരിക്കല്‍ കൊച്ചിയിലെ വീട്ടില്‍ കാണാന്‍ പോയത് ഓര്‍മിപ്പിച്ച് അടുത്തുകൂടി. കയ്യില്‍ പിടിച്ച് അദ്ദേഹം വിശേഷങ്ങള്‍ തിരക്കി. ആ സ്പര്ശത്തില് ആദ്യം മനസ്സിലേക്കോടിക്കയറിയത് എന്നും മനസ്സില്‍ കൊണ്ട് നടന്നിരുന്ന ഒരു പാട്ട്.
‘പാടാത്ത വീണയും പാടും
പ്രേമത്തിന് ഗന്ധര്‍വവിരല്‍ തൊട്ടാല്‍
പാടാത്ത മാനസവീണയും പാടും…”
എത്രയോ പ്രണയഗാനങ്ങള്‍ക്ക് ഈണമിടാന്‍ ഹാര്‍മോണിയത്തില്‍ ഓടിനടന്നിരുന്ന ആ വിരലുകള്‍ തൊട്ടപ്പോള്‍ അഭിമാനമാണ് തോന്നിയത്. എം.കെ. അര്‍ജുനന്റെ ബാല്യം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. പട്ടിണിയും അവഹേളനങ്ങളും നിറഞ്ഞ ജീവിത സാഹചര്യത്തില്‍ നിന്നാണ് സംഗീതത്തിന്റെ കൊടുമുടി കീഴടക്കിയത്. പണവും പ്രശസ്തിയും വന്നപ്പോഴും മാസ്റ്റര്‍ അതൊന്നും മറന്നതേയില്ല. സംഗീതത്തിന്റെ സാഗരം നീന്തിക്കടന്നിട്ടും സാധാരണക്കാരനായി ആഡംബരങ്ങള്‍ ഒട്ടും ഇല്ലാതെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ആ ജീവിതം കടന്നു പോകുമ്പോഴും തലമുറകളുടെ ചുണ്ടില്‍ മൂളും, മനസ്സില്‍ മുഴങ്ങും…എത്രയോ മധുരം നിറഞ്ഞ ആര്‍ദ്രതയുടെ പാട്ടുകള്‍…
”ചെമ്പകത്തൈകള്‍ പൂത്ത
മാനത്തു പൊന്നമ്പിളി
ചുംബനം കൊള്ളാനൊരുങ്ങി…..”
ഫോര്‍ട്ട് കൊച്ചിയുടെ സംഗീതം; ജീവിതവും..
ഫോര്‍ട്ട്കൊച്ചിയിലെ ചിരട്ടപ്പാലത്താണ് അര്ജ്ജുനന് മാസ്റ്റര്‍ ജനിച്ചത്. 1936ല്‍ കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും മകനായി. പതിമൂന്ന് സഹോദരങ്ങളുണ്ടായിരുന്നു. ആസ്പിന്‍വാള്‍ കമ്പനിയിലെ ജോലിക്കാരനായിരുന്നു അച്ഛന്. അദ്ദേഹത്തെ കണ്ട ഓര്‍മ്മ അര്‍ജ്ജുനനില്ല. നിറയെ പ്രാരബ്ധങ്ങളും കടവും ബാക്കിവച്ച് വളരെ ചെറുപ്പത്തിലേ അച്ഛന് ഓര്‍മ്മയായി. കുട്ടിക്കാലത്തെ കുറിച്ച് അര്ജ്ജുനന് മാഷ് പറഞ്ഞതിങ്ങനെ: ”പതിന്നാല് കുട്ടികള്‍ അമ്മയ്ക്കുണ്ടായിരുന്നെങ്കിലും എനിക്ക് ഓര്‍മ്മവെക്കുമ്പോള്‍ ഞങ്ങള്‍ നാലുപേരെ ഉണ്ടായിരുന്നുള്ളു. ഓരോരുത്തരും ചെറുപ്പത്തിലേ ഓരോ അസുഖം വന്ന് മരിച്ചു പോയി. എനിക്ക് മൂത്തത് ഒരു ചേച്ചിയും രണ്ട് ചേട്ട•ാരും…” അര്‍ജ്ജുനനന്റെ പിതാവ് നന്നായി മൃദംഗം വായിച്ചിരുന്നു. കോല്‍ക്കളിയാശാനായിരുന്നു. ഓണപ്പാട്ടുകളും തിരുവാതിരപ്പാട്ടുകളുമൊക്കെയായിരുന്നു അമ്മയ്ക്കിഷ്ടം. ആ സംഗീതത്തിന്റെ വേരുകളാണ് അര്‍ജ്ജുനനിലേക്കും പടര്‍ന്നത്. അര്‍ജ്ജുനനന്റെ അമ്മ പാറു കുട്ടികളെ വളര്‍ത്താന്‍ ഏറെ കഷ്ടപ്പെട്ടു. പലവീടുകളിലും ജോലിക്കു നിന്നു. ചുമടെടുത്തു. കൂലിപ്പണി ചെയ്തു. എന്നിട്ടും പട്ടിണിയായിരുന്നു ബാക്കി. മൂന്ന് നേരം ഭക്ഷണം ലഭിക്കുമെന്ന ഉറപ്പിലാണ് പഴനിയിലെ ജീവകാരുണ്യാശ്രമത്തിലെ അനാഥാലയത്തില്‍ അര്‍ജ്ജുനനെയും ചേട്ടന് പ്രഭാകരനെയും എത്തിക്കുന്നത്. അര്ജ്ജുനന് ഏഴും ചേട്ടന് പത്തും വയസ്സായിരുന്നു പ്രായം. ആശ്രമത്തില്‍ ജോലി കഴിഞ്ഞുള്ള സമയം ഭജനഗീതങ്ങള് ആലപിക്കുന്നത് കേട്ട് സ്വാമിയാണ് പാട്ടുപടിക്കാന്‍ നിര്‍ദ്ദേശിച്ചത്. കുമരയ്യാപിള്ള എന്നൊരാളായിരുന്നു ഗുരു. പഴനിയിലെ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നത് ഒരു നിയോഗമായിരുന്നു. ഏഴ് വര്‍ഷം അവിടെ താമസിച്ചു. അന്തേവാസികള്‍ കൂടിയപ്പോള്‍ ആശ്രമത്തില്‍ നിന്ന് പോരേണ്ടിവന്നു.
ആശ്രമത്തില്‍ നിന്ന് പോരുന്നതിനു മുമ്പ് ഗുരുവായ കുമരയ്യാപ്പിള്ളയെ പോയിക്കണ്ടു. അദ്ദേഹം അര്‍ജ്ജുനനെയും ചേട്ടനെയും അടുത്തിരുത്തി പറഞ്ഞു, ”്നിങ്ങളില് ഒരാള്‍ മാത്രമാകും സംഗീതം കൊണ്ട് ജീവിക്കുക. അത് അര്‍ജ്ജുനനാണ്. പ്രഭാകരന് ഇരുമ്പുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലി ചെയ്യും…” അദ്ദേഹം പറഞ്ഞതു കൃത്യമായി.
പഴനിയില്‍ നിന്ന് ഫോട്ട് കൊച്ചിയിലെത്തിയെങ്കിലും ജീവിതസാഹചര്യങ്ങള്‍ മാറിയില്ല. വലിയ പാട്ടുകാരനാകണമെന്നായിരുന്നു മോഹം. ഫോര്‍ട്ട് കൊച്ചിയില്‍ നാടകങ്ങള്‍ക്ക് പ്രാധാന്യമുണ്ടായിരുന്നു. പാപ്പുക്കുട്ടി ഭാഗവതരും അഗസ്റ്റ്യന്‍ ജോസഫുമൊക്കെ നാടകങ്ങളുമായി ഫോര്‍ട്ടു കൊച്ചിയുടെ മൈതാനങ്ങളില്‍ സജീവം. അഗസ്റ്റ്യന്‍ ജോസഫ് ഗായകന് യേശുദാസിന്റെ പിതാവാണ്. നാടകത്തിലെ അഭിനേതാക്കള്‍ പാട്ടുപാടിയാണ് രംഗത്തുവരിക. കരുണ എന്ന നാടകത്തിലൂടെ അഗസ്റ്റ്യന്‍ ജോസഫ് പേരെടുത്തു. പാപ്പുകുട്ടി ഭാഗവതരുടെ നാടെന്ന നിലയില്‍ ഫോര്‍ട്ട് കൊച്ചി അക്കാലത്ത് ഏറെ പേരെടുത്തിരുന്നു.
ഫോര്‍ട്ട് കൊച്ചിക്കൊരു സംഗീതഭാഷയുണ്ടായിരുന്നു. നാടകവും പാട്ടുമെല്ലാം അവിടെ സജീവം. ഹിന്ദുസ്ഥാനിയും ഗസലും ഖയാലും നമ്മുടെ ക്ലാസ്സിക് സംഗീതവുമെല്ലാം ഇഴചേര്‍ന്നൊരു മണ്ണ്. തബലയും ഹാര്‍മ്മോണിയവും ഇല്ലാത്ത വീടുകള്‍ അപൂര്‍വ്വമാണ്. കൊച്ചിയിലേക്ക് വിരുന്നു വന്ന ജൂത•ാരും അറബികളും പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരുമെല്ലാം ചേര്‍ന്ന് സംഗീതത്തിന്റെ പുതിയ ഭാഷ വിരിയിച്ചെടുത്തു. സംഗീതം ജീവിതശ്വാസമാക്കിയവര്…അര്‍ജ്ജുനനും വേറിട്ടൊരു വഴിക്ക് സഞ്ചരിക്കാനാകുമായിരുന്നില്ല.
എങ്കിലും വിശപ്പടക്കാന്‍ മറ്റ് പണികള്‍ ചെയ്യേണ്ടിവന്നു. തെങ്ങിന് തടമെടുക്കല്‍, ചുമടെടുക്കല്‍, പെയിന്റടി…അങ്ങനെയുള്ള ജോലികള്‍. ആയിടയ്ക്ക് അര്‍ജ്ജുനനും പ്രഭാകരനും സായ്പ്പിന്റെ ബംഗ്ലാവില്‍ ജോലി കിട്ടി. വീട്ടുജോലി തന്നെ. നാല്പതു രൂപയായിരുന്നു ശമ്പളം. സംഗീതം തുടര്‍ന്ന് പഠിക്കാന്‍ പണമില്ലായിരുന്നു. കുറച്ചുകാലം തൃപ്പൂണിത്തുറ രാഘവമേനോന്റെയും വിജയരാഘവന്റെയും കീഴില്‍ തബലയും ഹാര്‍മ്മോണിയവും പഠിച്ചു. നാട്ടിലെ ഗാനമേളകളില്‍ ഹാര്‍മ്മോണിയം വായിക്കാന്‍ പോകുമ്പോള്‍ ഭക്ഷണത്തിനുള്ള വക കിട്ടി. ചേട്ടന് സംഗീതം വിട്ട് കോയമ്പത്തൂരില്‍ മരയ്ക്കാര്‍ മോട്ടോഴ്സില്‍ ചേര്‍ന്നു. അര്ജ്ജുനന് ഹാര്‍മോണിയം വായനയില്‍ സജീവമായി. 1958ല്‍ കോഴിക്കോടുള്ള കൗമുദി നാടകസംഘത്തിന് പാട്ടു ചിട്ടപ്പെടുത്താന്‍ അവസരം വന്നു. ഒരു സുഹൃത്തു വഴിയായിരുന്നു അത്. തമ്മിലടിച്ച തമ്പുരാക്കള് എന്ന നാടകത്തിന് ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. പിന്നീട് ‘എന്നിട്ടും കുറ്റം പള്ളിക്ക്’ എന്ന നാടകം. ആ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. അത്യാവശ്യം പേരായി. നിരവധി നാടകകമ്പനിക്കാര് അര്‍ജ്ജുനനെ തിരക്കി വന്നു.
1968 ആണ് അര്ജ്ജുനന് മാസ്റ്ററുടെ ജീവിതത്തെ മാറ്റിമറിച്ച കാലം. കൊല്ലത്തെ പ്രമുഖ നാടക കമ്പനിയായ കാളിദാസ കലാകേന്ദ്രവുമായി ബന്ധപ്പെടുന്നത് അപ്പോഴാണ്. നടന് മുകേഷിന്റെ പിതാവ് ഒ.മാധവനായിരുന്നു കാളിദാസകലാകേന്ദ്രന്റെ അമരക്കാരന്. നാടകത്തില്‍ സജീവമായിരിക്കുമ്പോഴാണ് കാളിദാസ കലാകേന്ദ്രത്തില്‍ ദേവരാജന്മാസ്റ്ററുടെ അടുക്കല്‍ അദ്ദേഹത്തിന്റെ ഹാര്‍മോണിയം വായിക്കാനാണെത്തുന്നത്. ഇതിനിടയില്‍ കേരളത്തിലെ ഒട്ടുമിക്ക നാടക സമിതികളും അര്‍ജ്ജുന സംഗീതത്തിന്റെ അത്യാവശ്യക്കാരായി. ചങ്ങനാശ്ശേരി ഗീഥ, കെപിഎസി, കൊച്ചിന് മാളവിക, ആലപ്പിതീയറ്റേഴ്സ്, കോട്ടയം നാഷണല്‍…അങ്ങനെ പോകുന്നു പേരെടുത്ത സമിതികള്‍…വയലാര്‍, ഒഎന്‍വി, ദേവരാജന്‍, തോപ്പില്‍ ഭാസി തുടങ്ങിയവരുമായി അടുത്ത പരിചയമുണ്ടാകുന്നതും നാടകത്തിലൂടെയാണ്. ദേവരാജന്റെ സംഗീത സ്വാധീനം അര്ജ്ജുനന് മാസ്റ്ററിലും കാണാം. ആയിടയ്ക്കാണ് ‘കറുത്തപൗര്‍ണ്ണമി’ എന്ന സിനിമ ഒരുക്കുന്നത്. പി.ഭാസ്കരന്റെ ഗാനങ്ങള്‍. സംഗീതമൊരുക്കാന്‍ അര്ജ്ജുനന് മാസ്റ്റര്‍ക്ക് അവസരമെത്തി. അവിടെ നിന്നങ്ങോട്ട് എം.കെ.അര്ജ്ജുനന് എന്ന സംഗീത സംവിധായകന്റെ ജൈത്രയാത്ര തുടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: