തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഇന്ന് രണ്ടാഴ്ച പിന്നിടുമ്പോള്‍ നിത്യവരുമാനം നിലച്ച തലസ്ഥാനത്തെ ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ക്ക് പറയാനുള്ളത് സങ്കടക്കഥകള്‍ മാത്രം. പലരും സര്‍ക്കാരില്‍ നിന്നുകിട്ടിയ റേഷന്‍ സാധനങ്ങള്‍കൊണ്ടാണ് ജീവിതം മുന്നോട്ട് പോകുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ പൊതുജനം ഓട്ടോറിക്ഷ യാത്ര ഏറെക്കുറേ കുറച്ചിരുന്നു. ലോക്ഡൗണ്‍ കൂടി വന്നതോടെ ഇവരുടെ വരുമാനം പൂര്‍ണ്ണമായി നിലച്ചു.
തലസ്ഥാനത്തെ മുക്കാല്‍ഭാഗം ഡ്രൈവര്‍മാരും ഇപ്പോള്‍ ഓട്ടോറിക്ഷകള്‍ വീട്ടില്‍ നിന്ന് ഇറക്കാറില്ല. പോലീസിന്റെ പരിശോധന ഭയന്ന് അത്യാവശ്യഘട്ടത്തില്‍ പോലും ഇവര്‍ വാഹനം റോഡില്‍ ഇറക്കാന്‍ മടിക്കുന്നു. ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന പണമല്ലാതെ മറ്റു വരുമാന മാര്‍ഗങ്ങളില്ലാത്തവരാണ് ഇവരില്‍ ഭൂരിഭാഗവും. പലരും പല അസുഖങ്ങള്‍ക്കും അടിമപ്പെട്ടവര്‍. അതുകൊണ്ടുതന്നെ ഒരു മാസം മരുന്നിന് മാത്രം വേണ്ടത് ആയിരക്കണക്കിന് രൂപയാണ്.
ഇതുകൂടാതെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്, നിത്യവ്യത്തിയ്ക്കുള്ള പണം, വായ്പ്പാ തിരിച്ചടവ് ഇങ്ങനെ പോകുന്നു ഇവരുടെ ഓരോമാസ കണക്കുപുസ്തകത്തിലെ അധ്യായങ്ങള്‍. എന്നാല്‍ ഇനിയുള്ള ദിവസങ്ങള്‍ എങ്ങനെ മുന്നോട്ടോടിക്കുമെന്ന ചിന്തയിലാണ് ഇവരില്‍ പലരും.
ഇത്രയും ദുരിതം അനുഭവിക്കുമ്പോഴും ക്ഷേമം അന്വേഷിക്കാത്ത ക്ഷേമനിധി ബോര്‍ഡിനോടും ഇവര്‍ക്ക് പരാതിയുണ്ട്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ക്ഷേമനിധി ബോര്‍ഡില്‍ നിന്നു പണം കിട്ടണമെങ്കില്‍ നൂലാമാലകള്‍ ഏറെ. കൊറോണ ബാധയെ തുടര്‍ന്നു ജോലി ഇല്ലാതായതോടെ ക്ഷേമനിധി ബോര്‍ഡ് സഹായം നല്‍കണമെന്ന ആവശ്യം ഇതോടെ ഡ്രൈവര്‍മാരില്‍ നിന്നും ശക്തമാണ്.
സാധാരണ ദിവസങ്ങളില്‍ ഇവര്‍ക്ക് ഓട്ടോറിക്ഷ ഓടിച്ചു 1000 രൂപ വരെ കിട്ടിയിരുന്നു. കൊറോണ ഭീതി ഉയര്‍ന്നതോടെ കഴിഞ്ഞ മാസം ആദ്യം മുതല്‍ തന്നെ ഇവരുടെ വരുമാനം 300 രൂപയിലേക്കു താഴ്ന്നു. ചിലര്‍ക്ക് വൈകിട്ട് വെറും കയ്യോടെ മടങ്ങേണ്ടിയും വന്നിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
നഗരത്തില്‍ മാത്രം ഏകദേശം 2000 ഓട്ടോകള്‍ ആണുള്ളത്. ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുത്താണ് പലരും വാഹനങ്ങള്‍ വാങ്ങിയത്. വായ്പ തിരിച്ചടവ് മുടങ്ങുമെന്ന ആശങ്കയും ഇവര്‍ക്ക് പലരിലുമുണ്ട്. ലോക്ഡൗണ്‍ അവസാനിച്ചാലും തങ്ങളുടെ ജീവിതങ്ങള്‍ പഴയ ട്രാക്കില്‍ കയറാന്‍ എത്രമാസമെടുക്കുമെന്ന ആശങ്കയാണ് ഇവര്‍ പങ്കുവയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: