മാനവരാശിക്ക് വിപത്തായി തീര്‍ന്ന കൊറോണ വൈറസ് ലോകമാകെ അന്ധകാരം പരത്തിക്കൊണ്ടിരിക്കുന്നു. ശാസ്ത്ര സാങ്കേതികരംഗത്ത് ഏറെ മുന്നിലെന്ന് അവകാശപ്പെട്ടുപോന്ന രാജ്യങ്ങള്‍പോലും പകച്ചു നില്‍ക്കുകയാണ്. മരുന്നില്ലാത്ത മാരകരോഗത്തെ പടിക്ക് പുറത്ത് നിര്‍ത്താന്‍ കഴിയുന്നില്ല. ഒരു മിനുട്ടില്‍ ഒരാള്‍ എന്ന രീതിയിലാണ് അമേരിക്കയില്‍ കൊറോണമൂലമുള്ള മരണം. പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ പോംവഴി കാണാനാവാത്ത സാഹചര്യമാണ് പലരാജ്യങ്ങളിലും. ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള ചൈനയില്‍ നിന്ന് തുടങ്ങിയ കൊറോണയുടെ യാത്ര ഇറ്റലിയില്‍ എത്തിയപ്പോള്‍ മരണസംഖ്യ ചൈനയേയും കടത്തിവെട്ടി. കേരളത്തിന്റെ ഇരട്ടി മാത്രം ജനസംഖ്യയുള്ള ഇറ്റലി ഇന്ന് ഇരുട്ടില്‍ തപ്പുകയാണ്. ബ്രിട്ടന് ഉള്‍പ്പെടെ വന്‍കിട രാജ്യങ്ങള്‍ക്കുപോലും ഒരു എത്തുംപിടിയും കിട്ടാതിരിക്കുമ്പോഴാണ് ശക്തമായ പ്രതിരോധ നീക്കങ്ങള്‍ക്ക് ഇന്ത്യ തുടക്കം കുറിച്ചത്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെയെല്ലാം സജ്ജമാക്കി. ആവശ്യമായ നിര്‍ദ്ദേശങ്ങളും കരുതല്‍ നടപടികളും സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഇന്ത്യയില്‍ മാത്രമല്ല അയല്‍ രാജ്യങ്ങളിലും കൊറോണ വ്യാപിക്കാതിരിക്കാനുള്ള ജാഗ്രത പ്രധാനമന്ത്രി നരേന്ദ്രമോദി കാട്ടി. സാര്‍ക്ക് രാജ്യ തലവന്മാരുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്തത് ആദ്യത്തെ ഇടപെടല്‍. അതിനുശേഷം ജി-20 രാജ്യ തലവന്മാരുമായും വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ആശയവിനിമയം നടത്തി.
ജനങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്താനുള്ള പ്രയത്നത്തിന്റെ ഭാഗമായി ഒരു ദിവസം ‘ജനതാ കര്‍ഫ്യു’വിന് നല്കിയ ആഹ്വാനം ജനങ്ങള്‍ ശിരസാവഹിച്ചു. ലോകത്തെ വിറപ്പിക്കുന്ന മഹാമാരിക്കെതിരെ ഭാരതജനത ഒറ്റക്കെട്ടാണെന്ന് വ്യക്തമാക്കുംവിധം ജനതാകര്‍ഫ്യൂ പ്രതീക്ഷിച്ചതിലും വിജയമായി. വരാന്‍പോകുന്ന കടുത്ത നടപടികളുടെ ഭാഗമാണ് ജനതാകര്‍ഫ്യൂ എന്ന സൂചനയുണ്ടായി. കൊറോണ വൈറസിനെതിരെ ജീവന് പോലും മറന്ന് പൊരുതുന്ന വിവിധ മേഖലയിലെ പോരാളികളെ അഭിനന്ദിക്കാന്‍ കൈകൊട്ടിയും മണിമുഴക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തപ്പോഴും രാജ്യമാകെ നല്ല പ്രതികരണമാണുണ്ടായത്. അതിനുശേഷമാണ് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപനമുണ്ടായത്. ഈ കാലയളവില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന കഷ്ടതകളകറ്റാന് ബൃഹത്തായ പദ്ധതികള്‍ക്ക് രൂപം നല്കി. 80 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്കാന് തീരുമാനമെടുത്തു. സംസ്ഥാനങ്ങള്‍ക്ക് ആശ്വാസനടപടികള്‍ സ്വീകരിച്ചു. ലോക്ഡൗണിന്റെ കാലാവധി തീരാന്‍ ഒന്‍പത് ദിവസം ബാക്കി നില്ക്കുന്ന ഏപ്രില്‍ 5ന് ദീപം തെളിക്കാനുള്ള ആഹ്വാനവും രാജ്യമാകെ നെഞ്ചിലേറ്റി. കോടിക്കണക്കിന് വീടുകളിലെ വൈദ്യുതി വെളിച്ചം അണച്ച് ദീപം തെളിച്ചുകൊണ്ട് മഹാമാരിക്കെതിരായ ഐക്യദാര്‍ഢ്യം പ്രകടമായി.
കുടില്‍ മുതല്‍ കൊട്ടാരം വരെ രാത്രി ഒന്‍പത് മണിമുതല്‍ 9 മിനിട്ട് ദീപം തെളിച്ചപ്പോള്‍ അത് രാജ്യമാകെയുള്ള മഹാദീപാവലിയായി. അസുരനിഗ്രഹണത്തിന്റെ ഓര്മ്മയാണെല്ലോ ദീപാവലി നല്‍കുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാനം പ്രതീകാത്മകമാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയും മന്ത്രിമാരും മലയാളത്തിന്റെ മഹാനടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ കലാകാരന്മാരും ദീപം തെളിക്കല്‍ പദ്ധതിയെ പ്രശംസിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ മതാധ്യക്ഷന്മാരും ശിവഗിരി മഠവും സമുദായ സംഘടനാ സാരഥികളുമെല്ലാം നല്കിയ ആഹ്വാനങ്ങളും ശുഭസൂചകമാണ്. എന്നാല്‍ കൂപ മണ്ഡൂകങ്ങളായ ചില രാഷ്ട്രീയ നേതാക്കള്‍ പ്രധാനമന്ത്രിയെ അവഹേളിക്കാനും ദീപം തെളിയിക്കലിനെ പരിഹസിക്കാനും തയ്യാറായത് അവരുടെ അണികള്‍ക്ക് പോലും അംഗീകരിക്കാനായില്ലെന്നത് വിസ്മരിച്ചുകൂടാ. രാഷ്ട്രീയം മറന്ന് കേരളത്തില്‍ ജനങ്ങള്‍ ദീപം തെളിയിച്ചു. മതഭേദമില്ലാതെയുള്ള ഐക്യം പ്രകടമാക്കാന്‍ ഈ ദീപാവലി സഹായിച്ചു. കൈകൊട്ടലും ദീപം തെളിക്കലും കൊണ്ട് മഹാവ്യാധി പോകില്ലെന്ന് രാഹുലും പ്രിയങ്കയും പ്രസ്താവിക്കുമ്പോള്‍ ഇരുട്ടല്ലോ സുഖപ്രദമെന്നാണ് അവരുടെ നിലപാടെന്നാണ് വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: