ന്യൂദല്‍ഹി: കൊറോണയെന്ന മഹാമാരിക്കെതിരെ രാഷ്ട്രം ഒരേ മനസോടെ അണിനിരന്നു; ചെരാതുകളും മൊബൈലുകളും ടോര്‍ച്ചുകളും മെഴുകുതിരികളും തെളിച്ച് രാജ്യത്തെ പ്രഭാപൂരിതമാക്കിയ ജനത, തങ്ങള്‍ പതിനായിരങ്ങളുടെ ജീവനെടുത്ത വൈറസിനെതിരായ പോരാട്ടത്തില്‍ ഒറ്റക്കെട്ടാണെന്നും തെളിയിച്ചു. യുദ്ധത്തില്‍ സര്‍ക്കാരുകള്‍ക്ക് ഒപ്പം തോേളാടുതോള് ചേര്‍ന്ന് പൊരുതാന്‍ ഒരുക്കമാണെന്ന് അറിയിച്ച് അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം രാത്രി കൃത്യം 9ന് ദീപംതെളിച്ചു. ഒന്‍പതു മിനിറ്റ് നീണ്ട ദീപാരാധന അക്ഷരാര്‍ഥത്തില്‍ മഹാമാരിക്കെതിരായ ദീപാഞ്ജലിയായി മാറി. ആരോഗ്യപ്രവര്‍ത്തകരുടെ പോരാട്ടത്തിനുള്ള ദീപാര്പ്പണമായി.
കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ, ആസാം മുതല്‍ സൗരാഷ്ട്ര വരെ, വയോവൃദ്ധര്‍ മുതല്‍ ബാലകര്‍ വരെ തെളിച്ച ദീപപ്രഭയില്‍ രാജ്യം ജ്വലിച്ചു. 130 കോടി ജനങ്ങളും ഒപ്പമുണ്ടെന്ന് നാട് പ്രഖ്യാപിച്ചു. വീടുകളിലെ വൈദ്യുതി ലൈറ്റുകള്‍ അണച്ച് തെളിയിച്ച ചെരാതുകളും, മെഴുകുതിരികളും, മൊബൈലുകളും ടോര്‍ച്ചുകളും ഐക്യത്തിന്റെ പ്രതീകപ്രഭയായി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ തുടങ്ങിയവരെല്ലാം ഔദ്യോഗിക വസതികളില്‍ ദീപം കൊളുത്തി. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കേരളവും ഐക്യദീപത്തില്‍ കണ്ണിയായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും മറ്റു മന്ത്രിമന്ദിരങ്ങളിലും ഒന്‍പതു മണിക്ക് വൈദ്യുതി വിളക്കുകള്‍ അണച്ചു.
അഭിപ്രായ ഭിന്നതകളും രാഷ്ട്രീയ വൈരവും ജാതീയമായ വിവേചനങ്ങളും മതപരമായ വേര്‍തിരിവുകളും എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ തങ്ങളുടെ വീടുകളിലെ വാതില്‍പ്പടിയിലും ബാല്‍ക്കണിയിലും മറ്റും നിന്ന് തെളിച്ച വെളിച്ചം ശക്തിപ്രകടനമായി മാറി. ഇതോടൊപ്പം പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ദീപം തെളിയിക്കുന്ന ചിത്രങ്ങളും എല്ലാവരും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പങ്ക് വച്ചു. സമൂഹമാധ്യമങ്ങള്‍ ചിത്രങ്ങളാല്‍ നിറഞ്ഞു. വീടുകളിലും ആരാധനാലയങ്ങളിലും ഉള്‍പ്പെടെ നടന്ന ദീപം തെളിക്കലിന് വിവിധ സാംസ്കാരിക സാമൂഹ്യ സംഘടനകള്‍ പിന്തുണ അറിയിച്ചിരുന്നു. വിവിധ മേഖലകളിലുള്ള പ്രമുഖര്‍ ദീപം തെളിക്കുന്നതിന് പിന്തുണയുമായി രംഗത്തെത്തി. കേരളത്തില്‍ നിന്ന് മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും കെ.എസ്. ചിത്രയും അടക്കമുള്ള പ്രമുഖരും ദീപം തെളിക്കലിന് ആശസംകള്‍ നേര്‍ന്ന് രംഗത്തെത്തെിയിരുന്നു. മമ്മൂട്ടിയുടെ പ്രതികരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചതും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
നന്ദി…ഐക്യത്തോടും സാഹോദര്യത്തോടുമുള്ള താങ്കളെപ്പോലെയുള്ളവരുടെ മനസ്സറിഞ്ഞ ആഹ്വാനങ്ങളാണ് കൊറോണയ്ക്കെതിരായ പോരാട്ടത്തിന് രാജ്യത്തിനാവശ്യമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. 9പിഎം9മിനുട്ട് എന്ന ഹാഷ് ടാഗോട് കൂടിയാണ് മോദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് ഇന്ത്യയില്‍ നാള്‍ക്കുനാള്‍ രോഗികളാക്കുന്നവരുടെ എണ്ണം ഉയര്‍ന്നതോടെയാണ് രോഗ വ്യാപനം തടയുന്നിനായി കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായാണ് കൊറോണ എന്ന ഇരുട്ടിനെ അകറ്റാനുംഒറ്റപ്പെട്ട് കഴിയുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കാനും ദീപം തെളിക്കാന്‍ കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി രാഷ്ട്രത്തോട് അഭിസംബോധന ചെയ്തത്.
കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി എല്ലാ ജനങ്ങളും വീടുകളിലെ വിളക്കണച്ച് ഐക്യത്തിന്റെ ദീപം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം നെഞ്ചേറ്റുകയാണ് രാജ്യം. കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഐക്യദീപത്തില്‍ പങ്കാളികളായി.
വീടുകളിലെ വൈദ്യുതി ലൈറ്റുകള്‍ അണച്ച് ചെറുദീപങ്ങള്‍ തെളിയിച്ചു, ചിരാത്, മെഴുകുതിരി, മൊബൈല്‍ ഫ്ളാഷ് ലൈറ്റ്, ടോര്‍ച്ച് എന്നിവ തെളിയിച്ച് കൊറോണയ്ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ ഒറ്റക്കെട്ടായി നിന്നത്. വീടുകളിലെ വാതില്‍പ്പടിയിലും, ബാല്‍ക്കണിയിലും നിന്ന് തെളിയിച്ച വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിപ്രകടനമായി. ദീപം തെളിക്കുന്ന ചിത്രങ്ങള്‍ എല്ലാവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ കവിതയും നരേന്ദ്രമോദി ട്വിറ്ററിലൂടെ പങ്കുവച്ചാണ് ദീപം തെളിക്കലിന് ആഹ്വാനം നല്‍കിയത്. . ‘വരൂ നമുക്ക് വീണ്ടും ദീപം തെളിക്കാം’ (ആവോ ഫിര്‍ സേ ദിയാ ജലായേ…) എന്നവരി ഉള്‍പ്പെടുന്ന കവിതയാണ് അദ്ദേഹം പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: