ന്യൂദല്‍ഹി: ലോക്ഡൗണ്‍ വന്നതോടെ കുറ്റകൃത്യങ്ങളും വാഹനാപകടങ്ങളും തുടര്‍ന്നുള്ള മരണങ്ങളും കുത്തനെ കുറഞ്ഞെങ്കിലും ഗാര്‍ഹിക പീഡനങ്ങള്‍ കൂടി. പുറത്തെങ്ങും പോകാതെ,ഭാര്യയും ഭര്‍ത്താവും വീട്ടില്‍ തന്നെയിരിക്കാന്‍ തുടങ്ങിയതോടെയാണ് പരസ്പരമുള്ള വഴക്കുകളും പിണക്കങ്ങളും കടുത്തതും കലഹങ്ങള്‍ കൊടുംപീഡനങ്ങളിലേക്ക് നീണ്ടു തുടങ്ങിയതും.
മാര്‍ച്ച് 23 മുതല്‍ 31വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് 257 പരാതികളാണ് ലഭിച്ചതെന്ന് വനിതാ കമ്മീഷന് ദേശീയ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു. ലോക്ഡൗണ്‍ തുടങ്ങിയ ശേഷമുള്ള കണക്കാണിത്. അതേ സയം മാര്‍ച്ച് രണ്ടു മുതല്‍ എട്ടുവരെ 116 പരാതകളേ ലഭിച്ചിരുന്നുള്ളു.
257 പരാതികളില്‍ 77എണ്ണവും അന്തസോടെ ജീവിക്കാനുള്ള അവകാശം തേടിയാണ്. 15 എണ്ണം കടുത്ത പീഡനവുമായി ബന്ധപ്പെട്ടുള്ളതും. 69 കേസുകള്‍ വീടുകളിലെ അക്രമങ്ങളുമായി ബന്ധപ്പെട്ടാണ്. രണ്ട് സ്ത്രീധന മരണങ്ങളും 13 മാനഭംഗ, മാനഭംഗശ്രമക്കേസുകളുമായി ബന്ധപ്പെട്ട പരാതികളും ലഭിച്ചു.
ലോക്ഡൗണിനു മുന്‍പ് വീടുകളിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട 30 പരാതികളേ ഉണ്ടായിരുന്നുള്ളൂ. ദിവസവും ശരാശി ഒന്നോ രണ്ടോ പരാതികള്‍ മാത്രമാണ് ദേശീയ വനിതാ കമ്മീഷന് ലഭിച്ചിരുന്നത്.പോലീസ് സ്റ്റേഷനില്‍ പോകാന്‍ അനുമതി കൂടി ലഭിച്ചിരുന്നുവെങ്കില്‍ ലോക്ഡൗണ്‍ കാലത്തെ ഗാര്‍ഹിക അക്രമങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ പരാതികള്‍ ലഭിച്ചേനെയെന്നാണ് കമ്മീഷന് സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ഇമെയില്‍ വഴിയാണ് പരാതികള്‍ ലഭിക്കുന്നത്.
വ്യത്യസ്തങ്ങളായ പരാതികളാണ് പലതും. സ്ത്രീകള്‍ക്ക് പോലീസ് സ്റ്റേഷനുകളില്‍ എത്താന്‍ കഴിയുന്നില്ല. ചില കേസുകളില്‍ സ്ത്രീകള്‍ പോലീസ് സ്റ്റേഷനില്‍ പോകാനും ആഗ്രഹിക്കുന്നില്ല. അതിനും കാരണമുണ്ട്. രണ്ടു ദിവസം സ്റ്റേഷനില്‍ തടവില്‍വച്ച ശേഷം പോലീസ് ഭര്‍ത്താവിനെ മടക്കിയയ്ക്കും.
അതോടെ അയാള്‍ വീട്ടില്‍ മടങ്ങിയെത്തും. ലോക്ഡൗണ്‍ ആയതിനാല്‍ ഭാര്യക്ക് വീട്ടില്‍ നിന്ന് പോകാനും കഴിയില്ല. രേഖാ ശര്‍മ തുടര്‍ന്നു. കമ്മീഷന് നിയമാനുസൃതമുള്ള ചെറിയ സ്ഥാപനമാണ്. അതിനാല്‍ പോലീസിലാണ് കൂടുതല്‍ പരാതികളും ലഭിക്കുന്നത്.
ലോക്ഡൗണ്‍ കാരണം പോലീസിനെ സമീപിക്കാന്‍ കഴിയാത്തതിനാലാണ് പരാതികളുടെ എണ്ണം കുറയുന്നത്. ലോക്ഡൗണില്‍ അതിനുള്ള അവസരം ലഭിച്ചിരുന്നുവെങ്കില്‍ പരാതികള്‍ വന്‍തോതില്‍ കൂടിയേനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: