തിരുവനന്തപുരം: അതിജാഗ്രതയെ ഉത്തേജിപ്പിക്കുന്നതിനും സമസ്തജനങ്ങള്‍ക്കും മംഗളം ഭവിക്കുന്നതിനുമായിട്ടാണ് നമ്മുടെ പ്രധാനമന്ത്രി ഞായറാഴ്ച രാത്രി 9 ണിക്ക് 9 മിനിട്ട് നേരം ദീപാര്‍പ്പണം നടത്തുവാന്‍ ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ശിവഗിരി ശീനാരായണധര്മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ. ദീപം തെളിക്കല്‍ നമുക്ക് ഒരേ സമയം ഒരു മഹാ ഉദ്യമത്തിനുള്ള പ്രതിജ്ഞയും ഒരു മഹാസംഗ്രഹത്തിനുള്ള പ്രാര്‍ത്ഥനയും ആയിത്തീരട്ടെയെന്നും സ്വാമി സന്ദേശത്തില്‍ പറഞ്ഞു
സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം
‘ലോകത്തെയാകെ ഭീതിതമായി ഗ്രസിച്ചിരിക്കുന്ന കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള അതിജാഗ്രതയിലാണ് ഇന്ന് എല്ലാ രാജ്യങ്ങളും. ഈ പ്രതിരോധത്തിനായി ഇന്‍ഡ്യയും ആവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണ്. ആ അതിജാഗ്രതയെ ഉത്തേജിപ്പിക്കുന്നതിനും സമസ്തജനങ്ങള്‍ക്കും മംഗളം ഭവിക്കുന്നതിനുമായിട്ടാണ് നമ്മുടെ പ്രധാനമന്ത്രി ഞായറാഴ്ച രാത്രി 9 ണിക്ക് 9 മിനിട്ട് നേരം ദീപാര്‍പ്പണം നടത്തുവാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ദീപം തെളിച്ച് സദ്ക്കര്മ്മങ്ങള്ക്ക് തുടക്കം കുറിക്കുന്ന മഹത്തായ പാരമ്പര്യമാണ് ഭാരതത്തിന്റേത്. ദീപമെന്നത് അഗ്നിസ്വരൂപമാണ്. അഗ്നിയുടെ ആശ്രയമില്ലാതെ ലോകര്‍ക്ക് ഒരു ദിനം പോലും കടക്കാനാവുകയില്ല. പ്രകാശവും പ്രജ്ഞാനവുമാണ് അഗ്നിയുടെ സ്വഭാവം. അതുകൊണ്ടാണ് ഭാരതീയ ഋഷിമാരെല്ലാം അഗ്നിക്ക് ദേവത്വം കല്‍പ്പിച്ചത്. ഋഗ്വേദത്തില്‍ ഇതിനു നിരവധി ദൃഷ്ടാന്തങ്ങളുണ്ട്.
നമ്മെ അലട്ടുന്നതിനെയെല്ലാം ശമിപ്പിക്കാനുള്ള ഒരു ദേവത്വം അഗ്നിക്കുണ്ടെന്നാണ് ഭാരതീയസങ്കല്‍പ്പം. അത് സര്‍വതിനേയും പരിണമിപ്പിച്ച് ശുദ്ധിപ്പെടുത്തുന്നു. അകത്തും പുറത്തും വെളിച്ചവും തെളിച്ചവും നല്കുന്നു. സര്‍വ്വ പ്രാര്‍ത്ഥനകള്‍ക്കും സാക്ഷീസ്വരൂപനാകുന്നു. അത് ബ്രഹ്മപ്രതീകവും സര്വ്വാത്മതത്വവുമാകുന്നു. അതുകൊണ്ടാണ് ത്രിപുടിമുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം എന്ന് ഗുരുദേവതൃപ്പാദങ്ങളും ദീപത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. സര്വാത്മസംവേദനത്തിന്റെ പ്രതീകമായിട്ടാണ് 1921 -ല്‍ കാരമുക്ക് ശ്രീചിദംബരക്ഷേത്രത്തില് തൃപ്പാദങ്ങള്‍ ദീപത്തെ പ്രതിഷ്ഠിച്ചിരുന്നതെന്നതും ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.
കൊറോണ പ്രതിരോധത്തിന് മാനവികതയുടെ ഊര്‍ജ്ജവും പ്രത്യാശയും ഏകതയും നല്‍കുന്നതിന് നമ്മെ പ്രാപ്തമാക്കുകയെന്ന സന്ദേശമാണ് ദീപം തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ഈ ആഹ്വാനത്തില്‍ നാം കാണേണ്ടത്. ഇതാകട്ടെ ഗുരുദേവന് വെളിപ്പെടുത്തിയ സര്വാത്മസംവേദനത്തിന്റെ ഫലശ്രുതികൂടിയാണ്. ജനനം മരണം ദാരിദ്ര്യം രോഗം ഭയം ഇതൊന്നും നമ്മെ തീണ്ടാതിരിക്കുവാനുള്ള ഈ ദീപപ്രകാശനത്തില് നമ്മളെല്ലാവരും ഒരുപോലെ പങ്കാളികളാകണം. ആ ഒരുമയും മഹിമയും ഒരുക്കുന്ന പ്രതിരോധശക്തിക്ക് സമം മറ്റൊന്നില്ല. അതുകൊണ്ട് തന്നെ ഈ ദീപം തെളിക്കല്‍ നമുക്ക് ഒരേ സമയം ഒരു മഹാ ഉദ്യമത്തിനുള്ള പ്രതിജ്ഞയും ഒരു മഹാസംഗ്രഹത്തിനുള്ള പ്രാര്‍ത്ഥനയും ആയിത്തീരട്ടെ’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: