കോഴിക്കോട്: ജില്ലയില്‍ ഇന്നലെ 1,07,504 കാര്‍ഡുടമകള്‍ക്ക് റേഷന്‍ വിതരണം ചെയ്തു. ഇതോടെ 58.63 ശതമാനം റേഷനും വിതരണം ചെയ്തു. എന്നാല്‍ ഇന്നലെയും പലര്‍ക്കും റേഷന്‍ ലഭിക്കാതെ മടങ്ങിപ്പോകേണ്ടതായി വന്നു.
പയ്യടിമീത്തല്‍, പൂനൂര്, കോഴിക്കോട് സിറ്റി, ഒളവണ്ണ, കായലം, പെരുവയല്‍, കൊയിലാണ്ടി എന്നിവിടങ്ങളിലാണ് അരിയില്ലാതെ ഉപഭോക്താക്കള്‍ക്ക് മടങ്ങിപ്പോകേണ്ടി വന്നത്. ജില്ലയില്‍ പലയിടത്തും ഉച്ചയോടെ അരി തീര്‍ന്ന് പോകുകയും ചെയ്തു. 302 കടകളിലേക്കുള്ള റേഷന്‍ ഇന്നലെ എത്തിച്ചിട്ടുണ്ട്. ആകെ 961 റേഷന്‍ കടകളിലായി 7,60,652 കാര്‍ഡുടമകളാണ് ഉള്ളത്.
അഞ്ച് ദിവസങ്ങളിലായി സൗജന്യ റേഷന്‍ പൂര്‍ണ്ണമായും വിതരണം ചെയ്യാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ആസൂത്രണത്തിലെ പിഴവ് കൊണ്ട് ഇത് പരാജയപ്പെടുകയാണ്. ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കാന്‍ റേഷനുടമകള് തയ്യാറാണ് എന്നാല്‍ ആവശ്യത്തിന് സ്റ്റോക്കില്ലാത്തതിനാല്‍ തുറക്കുന്നതുകൊണ്ട് എന്ത് പ്രയോജനമെന്നാണ് ഇവര്‍ ചോദിക്കുന്നത്.
അതേസമയം രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് ഏഴു വരെ റേഷന്‍ കടകളില്‍ അരിയെത്തിക്കാനുള്ള കഠിന പരിശ്രമം നടത്തുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. പെരുവയല്‍ റേഷന്‍ കടയില്‍ വൈകിട്ടോടെ അരിയെത്തിച്ചിട്ടുണ്ട്. ഈ മാസാവസാനം വരെ സൗജന്യ റേഷന്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: