കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ രോഗിയുമായി എത്തിയ ആംബുലന്ഡസ് ഡ്രൈവറെ മര്‍ദ്ദിച്ചത് ഡിവൈഎഫ്‌ഐ നേതാവ്. പക്ഷേ പ്രതിയെ അറസ്റ്റു ചെയ്യാന്‍ പോലീസിനു പേടി. ഡിഎംഒയുടെ നിര്‍ദ്ദേശപ്രകാരം കൊല്ലത്തുനിന്ന് കുന്നിക്കോട് എത്തി രോഗിയെയും കയറ്റി താലൂക്കാശുപത്രിയിലെത്തിയ ആംബുലന്‍സ് ഡ്രൈവര്‍ അയത്തില്‍ സ്വദേശി സുധീറിനാണ് മര്‍ദ്ദനമേറ്റത്. ആംബുലന്‍സിന് പിന്നാലെ ആട്ടോയില്‍ പൊതിച്ചോറുകളുമായി എത്തിയ ഡിവൈഎഫ്‌ഐ സംഘത്തിലെ നേതാവ് ഫൈസലാണ് സുധീറിനെ മര്‍ദ്ദിച്ചത്. ആംബുലന്‍സ് മാറ്റിയിട്ടില്ലെന്ന കുറ്റത്തിനായിരുന്നു മര്‍ദ്ദനം.
രോഗിയെ ഇറക്കിയശേഷം ആംബുലന്‍സ് മാറ്റാമെന്ന് സുധീര്‍ പറഞ്ഞെങ്കിലും ആട്ടോയിലെത്തിയ ആറംഗസംഘം ആക്രോശിച്ചുകൊണ്ട് ആക്രമിക്കാനടുക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിലുണ്ടായിരുന്ന ഫൈസലാണ് സുധീറിനെ മര്‍ദ്ദിച്ചത്. ഇയാളെ ഒന്നാംപ്രതിയാക്കി എഫ്‌ഐആര്‍ ഇട്ടെങ്കിലും ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. ഈ സംഘത്തിലെ പലരും കമ്മ്യൂണിറ്റി കിച്ചണിലും നഗരത്തിലും ഉണ്ടെങ്കിലും അറസ്റ്റു ചെയ്യാന്‍ പോലീസിന് ധൈര്യമില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഫൈസലിന്റെ നേതൃത്വത്തില്‍ മുമ്പും താലൂക്കാശുപത്രി കേന്ദ്രീകരിച്ച് പല അക്രമങ്ങളും അരങ്ങേറിയിട്ടുണ്ട്. ചികിത്സയ്‌ക്ക് എത്തിയ പലരെയും ഇവിടെ ഡിവൈഎഫ്‌ഐക്കാര്‍ ഉപദ്രവിക്കുന്നെന്ന പരാതി ശക്തമായതിനെ തുടര്‍ന്ന് ഇവിടെ പോലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ നടന്ന ആക്രമണത്തില്‍ ഭരണകക്ഷിയുടെ യുവജന പ്രാദേശിക നേതാവ് ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു മാത്രമേ മുമ്പോട്ടു പോകൂ എന്ന നിലപാടിലാണ് പോലീസ്. എന്നാല്‍ തന്നെ മര്‍ദ്ദിച്ച ആളെ കണ്ടാല്‍ തിരിച്ചറിയാമെന്ന് സുധീറും ഫൈസലാണ് മര്‍ദ്ദിച്ചതെന്ന് ദൃക്‌സാക്ഷികളും മൊഴി നല്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: