തൃശൂര്‍: കൊറോണ ചികിത്സക്കെന്ന പേരില്‍ നഗരത്തിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടത്തിന് നമ്പറിട്ട് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാരും അധികൃതരും പിന്മാറണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ .കെ.കെ അനീഷ്കുമാര്‍ ആവശ്യപ്പെട്ടു.
കൊറോണ ചികിത്സക്കാവശ്യമായ സൗകര്യങ്ങള്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലും ജില്ലാ ആശുപത്രിയിലും ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. ഇതിനാവശ്യമായ സ്ഥലസൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ തന്നെയുണ്ട്. കോവിഡ് ചികിത്സക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന ഫണ്ട് ഉപയോഗിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് പകരം ഈ ഫണ്ട് സ്വകാര്യ മെഡിക്കല്‍ കോളേജിന് വേണ്ടി ചെലവഴിക്കുന്നതിന് പിന്നില്‍ അഴിമതിയാണ്.
നിരവധി തരത്തില്‍ ബില്‍ഡിംങ്ങ് ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടം നമ്പറിട്ട് കിട്ടാനുള്ള എല്ലാ വഴികളും അടഞ്ഞപ്പോഴാണ് കൊറോണ ആശുപത്രിക്കെന്ന പേരില്‍ നിയമ ലംഘനങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുന്നത്. കൊറോണ ചികിത്സക്ക് സ്ഥലം വിട്ട് നല്‍കാനുള്ള താല്പര്യം ആത്മാര്‍ത്ഥമെങ്കില്‍ എല്ലാ സൗകര്യങ്ങളുമുള്ള ബില്‍ഡിംങ്ങ് ചട്ടങ്ങളുടെ ലംഘനമില്ലാത്ത മറ്റ് ബ്ലോക്കുകള്‍ എന്തുകൊണ്ട് വിട്ട് നല്‍കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.
സര്‍ക്കാര്‍ ആശുപത്രികളെ മറികടന്ന് സ്വകാര്യ മെഡിക്കല്‍ കോളേജ് ലോബിയെ സഹായിക്കാനുള്ള നീക്കത്തിന് പിന്നില്‍ മന്ത്രി ഏ.സി മൊയ്തീനാണെന്ന് അഡ്വ കെ.കെ അനീഷ്കുമാര്‍ ആരോപിച്ചു. വഴിവിട്ട നീക്കങ്ങളുമായി മുന്നോട്ട് പോയാല്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: