മണ്ണാര്‍ക്കാട്: ഇതരരാജ്യങ്ങളിലേതില്‍ നിന്ന് വളരെ വ്യത്യസ്ഥമാണ് ഇന്ത്യയിലെ കൊറോണ പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങളെന്ന് ഡോ. കെ.എ. കമ്മാപ്പ. ഇത് ഇതുവരെ വിജയകരമാണെന്നും ലോകത്ത് കൊറോണ പിടിപ്പെട്ട് മരിച്ചവരുടെ കണക്കെടുത്താല്‍ അറിയാമെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. മണ്ണാര്‍ക്കാട് ന്യൂ അല്‍മാ ആശുപത്രി എംഡിയാണ് പ്രശസ്തനായ ഗൈനക്കോളജിസ്റ്റു കൂടിയായ ഡോ. കമ്മാപ്പ.
ലോക്ഡൗണ്‍ സമയത്ത്, സമൂഹ അകലം പാലിച്ച്, സ്വയം വീടുകളില്‍ കഴിഞ്ഞ്, ഇന്ത്യയില്‍ ഇത് നിയന്ത്രിക്കാന്‍ നമുക്ക് കഴിയുന്നുണ്ട്. അക്കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് ഒപ്പം ജനങ്ങളും നിലകൊള്ളുന്നു. ഏതാനും ചിലര്‍ ഒഴിച്ച് ജനത ഒന്നടങ്കം നിന്ത്രണങ്ങള്‍ പാലിക്കുമ്പോള്‍ കൊറോണ വ്യാപനം തടയാന്‍ നമുക്ക് സാധിക്കുമെന്നുറപ്പാണ്. നമുക്കത് കഴിയും, കഴിയണം.
വികസിത രാജ്യങ്ങളുടെ അവസ്ഥയുമായി നാം ഒന്ന് താരതമ്യപ്പെടുത്താം. അമേരിക്ക, ബ്രിട്ടന്‍ ഇറ്റലി എന്നിവ പോലുള്ള സമ്പന്ന രാജ്യങ്ങളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഒന്നും പാലിക്കപ്പെടുന്നില്ല. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമാണ് അവിടുത്തുകാര്‍ ചികിത്സയ്‌ക്ക് വിധേയമാകുന്നത്. അപ്പോഴേക്കും രോഗം ശരീരത്തെ വീഴുങ്ങിയിരിക്കും. അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് ഇപ്പോള്‍ മാത്രമല്ല അവരുടെ ജീവിത രീതിയിലും, സംസ്‌കാരത്തിലും, അവിടുത്തെ സര്‍ക്കാര്‍ തലത്തിലും എല്ലാം അങ്ങനെയാണ്. എന്നാല്‍ നമ്മുടെ രാജ്യം അതില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ്. അടിസ്ഥാനതലത്തിലുള്ള ആരോഗ്യ പ്രവര്‍ത്തനമാണ് ഇവിടെ. ഗ്രാമങ്ങളിലെ ആശാവര്‍ക്കര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും പഞ്ചായത്ത് തലത്തിലുള്ള ഹെല്‍ത്ത് സെന്ററുകളും, താലൂക്ക് ആശുപത്രികളും മറ്റും താഴെത്തട്ടില്‍ വരെ ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധിക്കുന്നു. ലോകത്തിനു തന്നെ മാതൃകയാകേണ്ടതാണ് ഈ രീതിയെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സംവിധാനങ്ങള്‍ അവിടെയില്ല. ജനുവരി 31 വരെ മറ്റ് രാഷ്‌ട്രങ്ങളെ പോലെ തന്നെയായിരുന്നു ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം. എന്നാല്‍ 60 ദിവസം കഴിഞ്ഞപ്പോള്‍ ഇന്ത്യയിലെ കൊറോണ ബാധിതരുടെ എത്രയോ ഇരട്ടിയാണ് അവിടെ. ഇവിടെ ഡോക്ടര്‍മാരും, സന്നദ്ധ പ്രവര്‍ത്തകരും പോലീസും കൂട്ടായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ആരാധനാലയങ്ങളും അടച്ചുവരെ സഹകരിക്കുന്നു. നിസാമുദ്ദിനിലെ തബ് ലീഗ് സമ്മേളനമാണ് നമുക്ക് ഒരു പ്രശ്‌നമായത്. സമ്മേളനം ഈ സമയത്ത് നടത്തിയത് വലിയ ആപത്തായി. ഇത് കൊറോണ വ്യാപനത്തെ സഹായിച്ചു. ഇത് ക്രിമിനല്‍ കുറ്റമാണ്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക