തൃശൂര്‍: ശരീരമാസകലം ചോരപൊട്ടിയൊലിക്കുന്ന വ്രണങ്ങളും അതിന് ചുറ്റും ഈച്ചകളും കണക്കില്ലാതെ വലിഞ്ഞ് മുറുക്കിക്കെട്ടിയിരിക്കുന്ന കുറെ വൃത്തിഹീനമായ ദ്രവിച്ച തുണികളും താടിയും മുടിയും വളര്‍ന്ന് വികൃതമായിരിക്കുന്ന ആ മനുഷ്യനെ എല്ലാവരും വന്ന് എത്തി നോക്കുന്നുണ്ടെങ്കിലും അടുത്തേക്ക് പോകുവാന്‍ ആരും ധൈര്യം കാണിക്കുന്നില്ല. ആരുടെയും കൂടെ ഇരിക്കാന്‍ അയാള്‍ തയ്യാറാകുന്നുമില്ല. എന്തോ പിറുപിറുത്ത് ഒറ്റപ്പെട്ടിരിക്കുന്നു.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന മനുഷ്യരെ താമസിപ്പിച്ചിരിക്കുന്ന ഗവ.മോഡല്‍ ബോയ്സ് സ്കൂളിലെ ഒരു കാഴ്ചയാണിത്. ഒന്നിനെക്കുറിച്ചും ഓര്‍മ്മയില്ല. ആര് എന്ത് ചോദിച്ചാലും ഒരു ചിരി മാത്രമാണ് ഉത്തരം. ശരീരമാസകലം ഒരു അഞ്ച് കിലോ തുണിയെങ്കിലും ചുറ്റിയിട്ടുണ്ട്. രണ്ട് തൊപ്പികള്‍ ഉപയോഗിച്ച് തല മുഴുവനായി മറച്ചിരിക്കുന്നു. കീറിയ അഞ്ച് ഷര്‍ട്ടുകള്‍ ധരിച്ചിട്ടുണ്ട്. ട്രൗസറും അതിന് മുകളില്‍ ദ്രവിച്ച് പല ഭാഗങ്ങള്‍ അടര്‍ന്ന് പോയിട്ടുള്ള മൂന്ന് ജീന്‍സുകളും ധരിച്ചിട്ടുണ്ട്.നഗരത്തിലെ മുഴുവന്‍ അഴുക്കുകളും ഈ വസ്ത്രങ്ങളിലുണ്ട്.
ഇതില്‍ നിന്നും വരുന്ന ദുര്‍ഗന്ധം സഹിക്കാന്‍ വയ്യെന്നും കൂടെ ഇരുത്താനും അയാളുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടെന്നും ക്യാമ്പിലെ മറ്റ് അന്തേവാസികള്‍ അധികൃതരുടെ അടുത്ത് പരാതി പറഞ്ഞെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല.
എന്നാല്‍ കൗണ്‍സിലര്‍ കെ.മഹേഷിന്റെ നേതൃത്വത്തില്‍ ഇയാളെ കുളിപ്പിച്ച് വൃത്തിയാക്കിയെടുക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. കുളിക്കാന്‍ ഇയാള്‍ ആദ്യം വിസമ്മതിച്ചെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്നു. വൃണങ്ങളോട് ഒട്ടിപിടിച്ചിരുന്ന വസ്ത്രങ്ങള്‍ വളരെ പ്രയാസപ്പെട്ടാണ് ഇവര്‍ നീക്കിയത്. എന്നാല്‍ ഇയാളുടെ കൈയിലുണ്ടായിരുന്ന ഒരു പഴയ പേഴ്സ് കുളിക്കുന്നതിനിടയിലും അയാള്‍ മാറോട് ചേര്‍ത്തിരുന്നു. അത് ആരുടെ കൈയിലും കൊടുക്കാന്‍ അയാള്‍ തയ്യാറായില്ല. തുണിക്കെട്ടുകള്‍ ഓരോന്ന് അഴിച്ചു മാറ്റുമ്പോഴും വൃണങ്ങളില്‍ നിന്നും ചോരയും പഴുപ്പും ഒഴുകുന്നുണ്ടായിരുന്നു.
കുളി കഴിയുന്നതുവരെ വേദന കടിച്ചമര്ത്തിയിരുന്ന് അയാള്‍ ഇടയ്ക്കിടെ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ തുടച്ച് നീക്കി. കുളിപ്പിച്ചതിന് ശേഷം പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ച അയാളെ മഹേഷിന്റെ നേതൃത്വത്തില്‍ വൃണങ്ങളുടെ പരിശോധയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി തീരുമാനിക്കുകയായിരുന്നു. ഇതിനിടയിലെപ്പോഴോ മാറോട് ചേര്‍ത്തിരുന്ന പേഴ്സ് മഹേഷിന്റെ കൈയിലേക്ക് കൊടുത്തു. അതില്‍ 1500 രൂപ സമ്പാദ്യമായി ഉണ്ടായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അയാളുടെ ആകെയുള്ള സമ്പാദ്യമായ പണം മഹേഷ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറി. തുടര്‍ന്ന് ആംബുലന്‍സ് കയറുമ്പോള്‍ അയാളുടെ മുഖത്ത് നേരിയ ഒരു ചിരിയുണ്ടായിരുന്നു… അതുവരെ ആരും തിരിഞ്ഞ് നോക്കാതിരുന്ന തെരുവിന്റെ മക്കളായ തങ്ങള്‍ക്ക് ദുരിതം വരുമ്പോള്‍ ആരെങ്കിലുമൊക്കെ സഹായത്തിന് കാണുമെന്ന വിശ്വാസത്തിലായിരിക്കാം ആ ചിരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: