തൃശൂര്‍ : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഗുരുതര രോഗം ബാധിച്ചവര്‍ക്ക് ആവശ്യമായ ജീവന് രക്ഷാമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തി പോലീസ്. ഹൈവേ പട്രോള്‍ വാഹനങ്ങളുള്‍പ്പെടെ പ്രത്യേക വാഹന സൗകര്യം ഇതിനായി ഉപയോഗിക്കും. ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ പൊതുജനങ്ങള്‍ക്ക് പൊലീസ് വകുപ്പിന്റെ 112 എന്ന കണ്ട്രോള് റൂം നമ്പറില്‍ ബന്ധപ്പെടാം.
രോഗിയുടെ ആവശ്യം അറിഞ്ഞാല്‍, പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും അതത് പോലീസ് സ്റ്റേഷന്റെ പേരും രേഖപ്പെടുത്തി ഭദ്രമായി പൊതിഞ്ഞ പായ്ക്കറ്റ് പോലീസ് ശേഖരിച്ച ശേഷം നോഡല്‍ ഓഫീസറെ വിവരം അറിയിക്കും. തുടര്‍ന്ന് നോഡല്‍ ഓഫീസര്‍ നല്കുന്ന നിര്‍ദ്ദേശപ്രകാരം പ്രത്യേക വാഹനത്തിലോ ഹൈവേ പെട്രോള്‍ വാഹനങ്ങളിലോ മരുന്നുകള്‍ നിര്‍ദ്ദിഷ്ടസ്ഥലത്ത് എത്തിക്കും. ദക്ഷിണമേഖലാ ഐ.ജി ഹര്‍ഷിതാ അത്തല്ലൂരിയാണ് സംസ്ഥാനതല നോഡല്‍ ഓഫീസര്‍. തിരുവനന്തപുരം റൂറല്‍ പോലീസ് മേധാവിയും കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണറും മേല്‍നോട്ടം വഹിക്കും.
തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ്, കൊച്ചിയിലെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് എന്നിവ മരുന്നുകള്‍ ശേഖരിക്കാനുള്ള കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും മരുന്ന് ആവശ്യപ്പെടുന്നവര്‍ക്കും ഈ കേന്ദ്രങ്ങളില്‍ നിന്ന് മരുന്ന് എത്തിക്കാവുന്നതാണ്. ജില്ലയ്ക്ക് അകത്താണ് മരുന്നുകള്‍ എത്തിക്കേണ്ടതെങ്കില്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ അവ ശേഖരിച്ച് ജനമൈത്രി പോലീസ് വഴി നല്‍കും. മരുന്നുകള്‍ മാറിപ്പോകാതിരിക്കാന്‍ കൃത്യമായ മേല്‍വിലാസത്തില്‍ത്തന്നെ എത്തിച്ചുനല്‍കണമെന്നും അതീവശ്രദ്ധ പുലര്‍ത്തണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: