മനില: കൊറോണ വൈറസ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്്ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ വെടിവച്ചിടാന്‍ നിര്‍ദേശം നല്കി ഫിലിപ്പൈന്‍ പ്രസിഡന്റ് റോഡ്രിഗോ ഡുറ്റെററ്റ്. ആരോഗ്യ ജീവനക്കാര്‍ക്കെതിരെയുള്ള ഏതൊരു നീക്കവും ഗുരുതര കുറ്റകൃത്യമാണെന്നും അത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പരിമിത ആരോഗ്യ സംവിധാനങ്ങള്‍ ഉപയോഗിച്ച് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് ഭരണകൂടം. ഈ സമയം ജനങ്ങള്‍ പൂര്‍ണമായി സഹകരിച്ച് ക്വാറന്റൈന് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ആരോഗ്യ വ്യവസ്ഥ കൂടുതല്‍ ദുര്‍ബ്ബലപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 96 പേര് മരിച്ച ഫിലിപ്പൈന്‍സില്‍ 2311 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കാര്യങ്ങള്‍ കൂടുതല്‍ വഷളായതോടെ, ക്വാറന്റൈന് ലംഘിക്കുന്ന പ്രശ്നക്കാരെ വെടിവച്ച് കൊല്ലാന്‍ പോലീസിനും പട്ടാളത്തിനും താന്‍ നിര്‍ദേശം നല്‍കിയതായും ഡുറ്റെററ്റ് പറഞ്ഞു.
അതേസമയം, മനിലയിലെ ദരിദ്ര മേഖലയില്‍ അവശ്യ ഭക്ഷണം എത്തിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റി എന്ന് കാട്ടി ഒരു കൂട്ടം ആളുകള്‍ പ്രതിഷേധിച്ചിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനാണ് പ്രസിഡന്റിന്റെ കാടന്‍ പ്രഖ്യാപനമെന്ന് ആരോപിക്കുന്നവരുമുണ്ട് ഫിലിപ്പൈന്‍സില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: