വടകര: യോഗ ചെയ്ത് കോവിഡ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നഴ്സായി വേഷമിട്ടും വീഡിയോകള്‍ എടുത്തും അവര്‍ പോലീസിനയക്കുന്നു. റൂറല്‍ പോലീസിന്റെ ലോക്ക്ഡൗണ്‍ ചാലഞ്ചിന്റെ ഭാഗമായാണ് നിരവധി വീഡിയോകള്‍ ഇന്നലെ ലഭിച്ചത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ വീടുകളില്‍ തന്നെ കഴിയുന്ന കുടുംബങ്ങള്‍ക്കാണ് റൂറല്‍ പോലീസ് മത്സരം മുന്നോട്ട് വെച്ചത്. സാമൂഹ്യ അകലം പാലിച്ച് വീട്ടില്‍ കുടുംബത്തോടൊപ്പമുള്ള രസകരമായ ദൃശ്യങ്ങള്‍ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകളായി ജില്ലാ പോലീസ് മേധാവിയുടെ സൈബര്‍ സെല്‍ വിഭാഗത്തിലേക്ക് അയക്കണം. വീഡിയോകളില്‍ നിന്ന് തിരഞ്ഞെടുത്തവ പോലീസ് മേധാവിയുടെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതോടൊപ്പം സമ്മാനവും നല്‍കും.
പൂന്തോട്ട നിര്‍മാണം, യോഗ പരിശീലനം, വീട് വൃത്തിയാക്കല്‍, നഴ്സ് ആയി വേഷമിട്ട് കൊറോണ ബോധവല്‍ക്കരണം നടത്തുന്ന പിഞ്ചു കുട്ടി തുടങ്ങിയ വീഡിയോകളാണ് ഇതുവരെ സമ്മാനത്തിനര്‍ഹമായത്.
റൂറല്‍ എസ്പി ഡോ. ശ്രീനിവാസ് മുന്‍കൈ എടുത്തു നടത്തുന്ന ഈ ചലഞ്ചില്‍ ദിവസേനെ 200 ലധികം വീഡിയോകളാണ് വരുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ച കൊയിലാണ്ടി സ്വദേശി ആയിഷ റിഷ എന്ന രണ്ടാം ക്ലാസുകാരിയെ കഴിഞ്ഞ ദിവസം പദ്ധതിയുടെ മാസ്കോട്ട് ആയി പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുക്കുന്ന വീഡിയോകള്‍ക്ക് കൊറോണ നിയന്ത്രണങ്ങള്‍ക്കു ശേഷം സമ്മാനങ്ങള്‍ നല്‍കും. വീഡിയോ അയക്കാനുള്ള നമ്പര്‍ 9497976010
പ്രതികരിക്കാൻ ഇവിടെ എഴുതുക: