മുക്കം: മുക്കം ഇരട്ടക്കൊലപാതക കേസിലെ ആദ്യ കൊലപാതകമായ ഒന്നാം പ്രതി ബിര്‍ജുവിന്റെ അമ്മ ജയവല്ലിയുടെ മരണത്തില്‍ മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു. 2016 മാര്‍ച്ച് അഞ്ചിനാണ് ജയവല്ലിയെ മണാശ്ശേരിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് സിആര്‍പിസി 174 പ്രകാരം അസ്വാഭാവിക മരണത്തിന് മുക്കം പോലിസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതിനിടയില്‍ മുക്കത്തും ബേപ്പൂരിലും ചാലിയത്തും നിന്നുമായി മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ഇതെല്ലാം ഒരാളുടേതാണെന്ന് പോലിസ് സ്ഥിരീകരിക്കുകയും ചെയ്തു.
ആദ്യം ലോക്കല്‍ പോലിസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിയായ ബിര്‍ജുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബിര്‍ജുവിനെ ചോദ്യം ചെയ്തപ്പോഴാണ് അമ്മ ജയവല്ലിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. സ്വത്ത് കൈക്കലാക്കുന്നതിന് വേണ്ടി വണ്ടൂര്‍ സ്വദേശിയായ ഇസ്മായിലിന്റെ സഹായത്തോടെ ബിര്‍ജു അമ്മ ജയവല്ലിയെ തോര്‍ത്തുമുണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം സാരിയില്‍ കെട്ടിത്തൂക്കുകയായിരുന്നു. ജയവല്ലിയെ കൊലപ്പെടുത്താന്‍ സഹായിച്ചതിനുള്ള പ്രതിഫലം ചോദിച്ചതിനാണ് ഇസ്മായിലിനെ ബിര്‍ജു മണാശ്ശേരിയിലെ വീട്ടില്‍ വിളിച്ചു വരുത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്തത്.
ജയവല്ലിയുടെ മരണത്തില്‍ ഐപിസി 302 പ്രകാരം ക്രൈംബ്രാഞ്ച് കേസെടുത്ത് എഫ്ഐആര്‍ തയാറാക്കുകയും കഴിഞ്ഞദിവസം ഇത് മുക്കം പൊലിസിന് കൈമാറുകയും ചെയ്തു. മുക്കം സിഐ ബി.കെ സിജുവിനാണ് അന്വേഷണ ചുമതല. ബിര്‍ജുവിന്റെ അച്ഛന് പാലിയില്‍ വാസുവിനെ 1984 നവംബര്‍ 17ന് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതും പോലീസ് അന്വേഷിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: