കാസര്‍കോട്: സാമൂഹ്യ വ്യാപനമുണ്ടായിട്ടില്ലെന്ന് ആരോഗ്യ വിഭാഗം ആവര്‍ത്തിക്കുമ്പോഴും കാസര്‍കോട് ജില്ലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള കൊറോണ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കയുയര്‍ത്തുന്നു. കഴിഞ്ഞ ദിവസം വരെ 128 പേരുടെ പരിശോധന ഫലമാണ് പോസറ്റീവായത്.
കൊറോണ വൈറസ് സമ്പര്‍ക്കപ്പട്ടികയില്‍ പടര്ന്നുകയറുന്നുവെന്ന സൂചന നല്‍കുന്നതാണ് ജില്ലയിലെ പുതിയ സാമ്പിള്‍ ഫലങ്ങള്‍. ബുധനാഴ്ച പോസിറ്റീവ് ആയി കണ്ടെത്തിയ 12 പേരില്‍ 10 ആളുകളും നാട്ടിലുള്ളവരാണ്. ഇതോടെ സമ്പര്‍ക്കപ്പട്ടികയില്‍ രോഗം പകരുന്നവരുടെ എണ്ണം ജില്ലയില്‍ 39 ആയി. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിലാണ് സമ്പര്‍ക്കപ്പട്ടികയിലെ എണ്ണം ഇത്രയധികമായത്. അതുവരെയും വന്ന സാമ്പിള്‍ ഫലങ്ങളില്‍ 90 ശതമാനവും നെഗറ്റീവായിരുന്നു.
ഓരോ ദിവസവും സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം പോസിറ്റീവ് ഗണത്തിലേക്ക് മാറുമ്പോള്‍ ജില്ലയില്‍ ഭീതിയും ആശങ്കയും കൂടുന്നു. സമ്പര്‍ക്കപ്പട്ടികയില്‍ രോഗം സ്ഥീരികരിച്ചവര്‍ എല്ലാവരും രോഗവാഹകരായി വിദേശത്ത് നിന്ന് വന്നവരുടെ ബന്ധുക്കളാണ്. അതുകൊണ്ടുതന്നെ വലിയ ആശങ്കവേണ്ടെന്നും ഇതിനെ സമൂഹവ്യാപനമായി കാണാനാകില്ലെന്നും ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുന്നു.
ആദ്യം രോഗം സ്ഥിരീകരിച്ച കളനാട് യുവാവിന്റെ മാതാവ്, ഭാര്യ, മകള്‍, രണ്ട് മരുമക്കള്‍ എന്നിവരാണ് സമ്പര്‍ക്കപ്പട്ടികയിലെ ആദ്യ പോസിറ്റീവുകാര്‍. പിന്നാലെ അലാമിപ്പള്ളിയിലെ ഒരുവീട്ടിലെ ആറുപേര്‍ക്ക് രോഗം സ്ഥിരീകിരിച്ചു. ഇതില്‍ രോഗവാഹകനായെത്തിയ ആളുടെ മാതാവ്, ഭാര്യ, മൂന്ന് മക്കള്‍ എന്നിവരുള്‍പ്പെടുന്നു.
ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ ചെമ്മനാട് പഞ്ചായത്തില്‍പ്പെട്ട ചന്ദ്രഗിരിപ്പാലത്തിനടുത്തെ ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടുന്നു. ഇക്കഴിഞ്ഞ 22ന് ഗള്‍ഫില്‍ നിന്നെത്തിയ ആളുടെ രണ്ട് ഭാര്യമാര്‍ക്കും മാതാവിനും മകള്‍ക്കുമാണ് ഈ വീട്ടില്‍ രോഗം സ്ഥിരീകരിച്ചത്. ഗള്‍ഫില്‍ നിന്ന് രോഗവുമായെത്തിയ അണങ്കൂര്‍ കൊല്ലമ്പാടിയിലെ യുവാവിന്റെ ഭാര്യയ്ക്കും സഹോദരനും കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
മഞ്ചത്തടുക്കയിലെ ഒരുവീട്ടില്‍ മൂന്നുപേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. 24ന് രോഗം സ്ഥിരീകരിച്ച ഗള്‍ഫുകാരന്റെ മൂന്ന് മക്കളാണിവര്‍. രോഗവാഹകനായെത്തിയ അണങ്കൂര്‍ സ്വദേശിയുടെ ഭാര്യാസഹോദരനാണ് സമ്പര്‍ക്കപ്പട്ടികയിലെ മറ്റൊരാള്‍. രോഗവുമായി വിദേശത്തു നിന്നെത്തിയ നെല്ലിക്കുന്നുകാരനില് നിന്ന് ഭാര്യയ്ക്കും വൈറസ് ബാധിച്ചു. പെരിയ, ബദിയടുക്ക എന്നിവിടങ്ങളിലുള്ള ഓരോ ആള്‍ക്കു വീതവും ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. ഈ പ്രദേശങ്ങളില്‍ ഇതാദ്യമാണ് കൊറോണ വൈറസ് പോസിറ്റീവായി കണ്ടെത്തിയത്.
ചെങ്കള പഞ്ചായത്തിലെ ബേവിഞ്ചയില്‍ സമ്പര്‍ക്കം കാരണം കോവിഡ് സ്ഥിരീകരിച്ചതില്‍ 8 പേരും ഒരേ കുടുംബത്തില്‍പ്പെട്ടവരാണ്. വിദേശത്തു നിന്നു എത്തി കോവിഡ് സ്ഥിരീകരിക്കപ്പെട്ടയാളുടെ ബന്ധുക്കളായ 2 വീടുകളിലുള്ള ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ 6 പേര് സ്ത്രീകള്‍. ഇവരുള്‍പ്പെടെ 9 പേരാണ് ബേവിഞ്ചയില്‍ കോവിഡ് രോഗികള്‍. ചെങ്കള പഞ്ചായത്തില്‍ ഏഴു വാര്‍ഡുകളിലായി 16 കോവിഡ് രോഗികള്‍ ആണ് ചികിത്സയിലുള്ളത്. 5, 7, 15, 17, 18,19, 23 വാര്‍ഡുകളില്‍ ആണ് ഈ നില. ബേവിഞ്ച 9, ചേരൂര്‍ 2, ചൂരിപ്പള്ളം, ആറാട്ടുകടവ്, തെക്കേ മൂല, റഹ്മത്ത് നഗര്‍, ഇന്ദിരാനഗര്‍ 1 വീതം രോഗികള്‍. ഒരു പഞ്ചായത്തില്‍ തന്നെ ഒരു പ്രദേശത്ത് മാത്രം സമ്പര്‍ക്കത്തിലായ 8 രോഗികള്‍ ഉള്ള പ്രത്യേകതയും ചെങ്കള പഞ്ചായത്തിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: